റോഡ് നിര്‍മ്മാണത്തിലെ വീഴ്ച പരിശോധിക്കാൻ തിരുവനന്തപുരം ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി. ഓരോ ആഴ്ചയും കളക്ടറുടെ നേതൃത്വത്തില്‍ പ്രത്യേക സമിതി യോഗം ചേര്‍ന്ന് സ്മാര്‍ട്ട് റോഡ് നിര്‍മ്മാണ പുരോഗതി വിലയിരുത്തും

തിരുവനന്തപുരം: തിരുവനന്തപുരം സ്മാര്‍ട്ട് റോഡ് നിര്‍മ്മാണത്തിലെ വീഴ്ച പരിശോധിക്കാൻ കളക്ടർ അധ്യക്ഷയായ സമിതിയെ ചുമതലപ്പെടുത്തി സർക്കാർ. അടുത്തയാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതല യോഗവും ചേരും. സ്മാര്‍ട്ടല്ല റോഡ് എന്ന ഏഷ്യാനെറ്റ് ന്യൂസ് പരമ്പരയെ തുടര്‍ന്നാണ് നടപടി. കരാര്‍ കമ്പനിക്ക് മുൻ പരിചയമില്ലാത്തത് കൊണ്ടാണ് റോഡ് നിര്‍മ്മാണത്തില്‍ വീഴ്ച പറ്റിയതെന്ന് മന്ത്രി ആന്‍റണി രാജു കുറ്റപ്പെടുത്തി. 

സ്മാർട്ടാക്കാൻ ശ്രമിച്ച് കുളമായി മാറിയ തലസ്ഥാനത്തെ പദ്ധതി. സമയപരിധി തീർന്നിട്ടും ആസൂത്രണവുും ഏകോപനവുമില്ലാതെ ജനത്തിനെ ദുരിതത്തിലാക്കിയുള്ള സ്മാർട്ട് സിറ്റി റോഡ്. ഏഷ്യാനെറ്റ് ന്യൂസ് സ്മാര്‍ട്ടല്ല സിറ്റി വാര്‍ത്താ പരമ്പരയ്ക്ക് പിന്നാലെ നടപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് സര്‍ക്കാര്‍.

റോഡ് നിര്‍മ്മാണത്തിലെ വീഴ്ച പരിശോധിക്കാൻ തിരുവനന്തപുരം ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി. ഓരോ ആഴ്ചയും കളക്ടറുടെ നേതൃത്വത്തില്‍ പ്രത്യേക സമിതി യോഗം ചേര്‍ന്ന് സ്മാര്‍ട്ട് റോഡ് നിര്‍മ്മാണ പുരോഗതി വിലയിരുത്തും. ടൈംടേബിള്‍ തയ്യാറാക്കിയാകും ഇനി മുന്നോട്ടുള്ള പ്രവര്‍ത്തനം. ഒരേ സമയം ധാരാളം റോഡുകള്‍ കുഴിക്കുന്നത് ഒഴിവാക്കും. മഴക്കാലത്തിന് മുൻപ് കുഴിച്ചിട്ട റോഡുകള്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി മൂടും. ഗതാഗത ക്രമീകരണത്തിന് പൊലീസ് കൂടുതല്‍ സംവിധാനം ഏര്‍പ്പെടുത്തും. 

പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞ് മുഖ്യമന്ത്രി എത്തിയാലുടൻ തിരുവനന്തപുരം ജില്ലയിലെ മന്ത്രിമാര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗം ചേരും. നിര്‍മ്മാണത്തിലെ വീഴ്ചയും അശാസ്ത്രീയതും പരിശോധിക്കും. അതേസമയം സ്മാര്‍ട്ട് സിറ്റിക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി മന്ത്രി ആന്‍റണി രാജു രംഗത്തെത്തി. കരാര്‍ കമ്പനിക്ക് മുൻ പരിചയമില്ലാത്തത് കൊണ്ടാണ് റോഡ് നിര്‍മ്മാണത്തില്‍ വീഴ്ച പറ്റിയതെന്നാണ് മന്ത്രിയുടെ കുറ്റപ്പെടുത്തൽ.