Asianet News MalayalamAsianet News Malayalam

"വൺ, ടു, ത്രീ.. ചത്തവന്‍റെ വീട്ടിൽ കൊന്നവന്‍റെ പാട്ട്" : എം എം മണിക്കെതിരെ രൂക്ഷവിമര്‍ശനവുമായി തിരുവഞ്ചൂര്‍

മലയാളികളുടെ മനസാക്ഷിയെ ഞെട്ടിച്ച പൈശാചിക സംഭവത്തെ ഇത്ര നിസ്സാരവത്കരിച്ച് പറയാനുള്ള മനസ്സിനെ സമ്മതിക്കണമെന്ന് തിരുവഞ്ചൂർ  വിമര്‍ശിക്കുന്നു.ഇടത് ബുദ്ധിജീവികളും സഹയാത്രികരും പ്രതികരിച്ച് കണ്ടില്ലെന്നും വിമർശനമുണ്ട്. ഇരകളെയും എതിരാളികളെയും സമൂഹത്തിൽ മോശക്കാരായി ചിത്രീകരിക്കുന്നത് സിപിഎമ്മിന്‍റെ രക്ഷപ്പെടൽ തന്ത്രമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണന്‍ പറയുന്നു. 

thiruvanchoor radhakrishnan lashes out at mm mani on his actress attack case controversial statement
Author
Thiruvananthapuram, First Published May 25, 2022, 10:45 AM IST

തിരുവനന്തപുരം: നടിയെ ആക്രമിച്ച  കേസിൽ മുന്‍ മന്ത്രി  എം എം മണി നടത്തിയ പ്രതികരണത്തിനെതിരെ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണന്‍ രംഗത്തെത്തി. "വൺ, ടു, ത്രീ.. ചത്തവന്‍റെ വീട്ടിൽ കൊന്നവന്‍റെ പാട്ട്" എന്ന തലക്കെട്ടിൽ ഫേസ് ബുക്ക് കുറിപ്പിലാണ് തിരുവഞ്ചൂരിന്‍റെ വിമർശനം. മലയാളികളുടെ മനസാക്ഷിയെ ഞെട്ടിച്ച പൈശാചിക സംഭവത്തെ ഇത്ര നിസ്സാരവത്കരിച്ച് പറയാനുള്ള മനസ്സിനെ സമ്മതിക്കണമെന്ന് തിരുവഞ്ചൂർ  വിമര്‍ശിക്കുന്നു. 

ഇടത് ബുദ്ധിജീവികളും സഹയാത്രികരും പ്രതികരിച്ച് കണ്ടില്ലെന്നും വിമർശനമുണ്ട്. ഇരകളെയും എതിരാളികളെയും സമൂഹത്തിൽ മോശക്കാരായി ചിത്രീകരിക്കുന്നത് സിപിഎമ്മിന്‍റെ രക്ഷപ്പെടൽ തന്ത്രമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണന്‍ പറയുന്നു. 

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം...

“വൺ,ടൂ,ത്രീ…ചത്തവന്റെ വീട്ടിൽ കൊന്നവന്റെ പാട്ട്”
—————————————————————————
1) നടിയെ ആക്രമിച്ച കേസ് നാണം കേട്ട കേസ്. 
2) വിശദമായി പരിശോധിച്ചാൽ പറയാൻ കൊള്ളാത്ത പലതും ഉണ്ട്. 
3) കേസിൽ മുഖ്യമന്ത്രിക്കും, സർക്കാരിനും ഒന്നും ചെയ്യാനില്ലെന്നും, മുൻ മന്ത്രി എം എം മണി. 
—————————————————————————-
ഇനി പറഞ്ഞ ഓരോ കാര്യങ്ങളും ഒന്ന് വ്യക്തമായി പരിശോധിക്കാം,
1) ശരിയാണ്, കേരള ജനത ഒന്നടങ്കം വർഷങ്ങളായി പറയുന്നത് തന്നെയാണിത്; കേരളത്തിനും, മലയാളികൾക്കും നാണം കെട്ട് തല കുനിക്കേണ്ടി വന്ന കേസാണിത്. 
2) അതെ, സത്യമാണ്. കേസന്വേഷണത്തെ ഇഴ കീറി പരിശോധിച്ചാൽ പറയാൻ കൊള്ളാത്ത പലതുമുണ്ട്. ആർക്കും ഈ കാര്യത്തിലും സംശയമില്ല.
3) പരമാർത്ഥം. പക്ഷേ,ഒരു ചെറിയ തിരുത്തുണ്ട്.  കേസിൽ മുഖ്യമന്ത്രിക്കും, സർക്കാരിനും ഒന്നും ചെയ്യാനില്ല എന്നല്ല, ഒന്നും “ചെയ്യില്ല” എന്നതാണ് വസ്തുത. 
മലയാളിയുടെ മനസ്സാക്ഷിയെ ഞെട്ടിച്ച, പൈശാചികമായ ഈ സംഭവത്തെ ഇത്ര നിസ്സാരവത്ക്കരിച്ച് പറയാനുള്ള ആ മനഃസാക്ഷി സമ്മതിക്കണം. സ്ത്രീ സുരക്ഷയെ പറ്റി അഹോരാത്രം സംസാരിക്കുന്ന സർക്കാരിനും, മുഖ്യമന്ത്രിക്കും ഒന്നും ചെയ്യാനില്ല പോലും. നാടൊട്ടുക്കും,അതിജീവിതക്കൊപ്പം എന്ന് മേനി നടിക്കുന്ന ഒരൊറ്റ “ഇടത് ബുദ്ധിജീവികളും, സഹയാത്രികരും” ഇത് വരെ പ്രതികരിച്ച് കണ്ടില്ല. 

എല്ലാക്കാലവും സിപിഐ(എം) പയറ്റുന്ന രക്ഷപ്പെടൽ തന്ത്രമാണ് ഇരയെ, എതിരാളിയെ സമൂഹത്തിൽ മോശക്കാരാക്കി ചിത്രീകരിക്കുക എന്നത്. ടിപി ചന്ദ്രശേഖരൻ, ജിഷ്ണു പ്രണോയ്, ആന്തൂരിലെ സാജന്റെ ഭാര്യ, വാളയാറിലെ ഭാഗ്യവതി എന്നീ ഉദാഹരണങ്ങൾ മാത്രം മതി സിപിഐ(എം) ന്റെ ഇരട്ടത്താപ്പ് മനസ്സിലാക്കാൻ. മനുഷ്യത്വം തീരെയില്ലാത്ത, അതിജീവിതയെ വിശ്വാസത്തിലെടുക്കാതെ മോശക്കാരിയാക്കാനുള്ള എല്ലാ ശ്രമങ്ങളെയും എതിർത്ത് പരാജയപ്പെടുത്തേണ്ടതുണ്ട്. അതിജീവിതക്ക് നീതി ലഭിക്കാൻ ഏതറ്റം വരെയും കൂടെ നിൽക്കേണ്ട സർക്കാരിന്റെ മൗനം, അവരോടുള്ള പരിഹാസം,  അന്വേഷണ പാളിച്ചകൾ എന്നിവ കേരള ജനത തിരിച്ചറിയണം. 
ഈ ധാർഷ്ട്യം ഓരോ മലയാളിക്കുമുള്ള മുന്നറിയിപ്പാണ്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പുമായി അതിജീവിതയുടെ പരാതി കൂട്ടിക്കലർത്താൻ നോക്കുന്ന സിപിഐ(എം) സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവന, അന്തരിച്ച പി ടി തോമസിനെ അപമാനിച്ച മുഖ്യമന്ത്രിയുടെ പ്രസംഗം, ഇതെല്ലാം ചേർത്ത് വായിക്കണം. തങ്ങളുടെ നേട്ടത്തിന് ആരെയും, എന്തിനെയും ഇകഴ്ത്തുന്ന തരം താഴ്ന്ന പ്രഖ്യാപനങ്ങൾ സിപിഐ(എം) ന് പുത്തരിയല്ല, എന്ന് വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടേയിരിക്കുന്നു.  

നടിയെ ആക്രമിച്ച കേസ് നാണംകെട്ട കേസ്  എന്നാണ്   എം എം മണി ഇന്നലെ പറഞ്ഞത്. വിശദമായി പരിശോധിച്ചാല്‍ പറയാന്‍ കൊള്ളാത്ത പല കാര്യങ്ങളുമുണ്ട്. കേസില്‍ മുഖ്യമന്ത്രിക്കും സര്‍ക്കാരിനും ഒന്നും ചെയ്യാനില്ലെന്നും അദ്ദേഹം പറഞ്ഞു. 

"കേസ് എന്നൊക്കെ പറഞ്ഞാല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ കോടതി തീരുമാനിക്കേണ്ട കാര്യമാണ്. നമുക്ക് അത് സംബന്ധിച്ച് എല്ലാമൊന്നും പറയാന്‍ പറ്റില്ല. കേസെടുക്കാനും അന്വേഷണം നടത്താനും കുറ്റവാളികളെ നിയമത്തിന്‍റെ മുന്നില്‍ കൊണ്ടുവരാനും കോടതിയില്‍ ഹാജരാക്കാനും നിലപാടെടുത്തോ എന്നതാണ് പ്രശ്നം. ബാക്കിയൊക്കെ കോടതിയിലെ വിചാരണയും വാദകോലാഹലവുമൊക്കെയാണ്. 

ഈ കേസ് കുറേ നാളായിട്ട് നിലനില്‍ക്കുന്ന നാണംകെട്ടൊരു കേസായിട്ടാ എനിക്ക് തോന്നുന്നത്. അങ്ങേരാണേല്‍ നല്ല നടനായി ഉയര്‍ന്നു വന്ന ഒരാളാണ്. ഇതിനകത്തൊക്കെ ചെന്ന് ഇങ്ങേര് എങ്ങനെ ഇടപെടേണ്ടി വന്നെന്ന് എനിക്കൊരു പിടിയുമില്ല. നടിയെ ആക്രമിച്ച കേസില്‍ സര്‍ക്കാരിന് ഒന്നും ചെയ്യാനില്ല. അത് കോടതിയുടെ പരിഗണനയിലുള്ള കേസാണ്. അതിന്‍റെ പിന്നില്‍ വിശദമായി പരിശോധിച്ചാല്‍ നമുക്കൊന്നും പറയാന്‍ കൊള്ളാത്ത കാര്യങ്ങളെല്ലാമുണ്ട്. അതെല്ലാം ഞാനിപ്പോ ഒന്നും പറയാന്‍ ഉദ്ദേശിക്കുന്നില്ല".- എം എം മണി പറഞ്ഞു.

Read Also; നടിയെ ആക്രമിച്ച കേസ്:കുറ്റപത്രം നൽകാൻ ക്രൈംബ്രാഞ്ച് കൂടുതൽ സമയം ആവശ്യപ്പെടും

Follow Us:
Download App:
  • android
  • ios