യുഡിഎഫ് സ്ഥാനാർത്ഥി ആര്‍.ജയനെതിരെ പൊലീസ് അന്വേഷണം; സഹായി അറസ്റ്റിൽ; കോടതിയെ സമീപിക്കുമെന്ന് യുഡിഎഫ്
തൊടുപുഴ: വ്യാജ തിരിച്ചറിയൽ കാർഡുണ്ടാക്കി തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണത്തെ തുടർന്ന് തൊടുപുഴ കാർഷിക ഗ്രാമ വികസന ബാങ്ക് തെരഞ്ഞെടുപ്പ് മാറ്റിവച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. അതേസമയം തെരഞ്ഞെടുപ്പ് മാറ്റിവച്ചതിനെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് യുഡിഎഫിന്റെ തീരുമാനം.
ഇന്നലെ വൈകിട്ട് യുഡിഎഫ് സ്ഥാനാർത്ഥി ആര്‍.ജയനില്‍ നിന്നാണ് 50 വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തത്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണ് ഇതിലൂടെ പുറത്തായതെന്ന ആരോപണവുമായി എൽഡിഎഫ് രംഗത്തെത്തുകയായിരുന്നു. തുടർന്ന് പോളിംഗ് മാറ്റിവയ്ക്കണമെന്ന് ഇടതുപക്ഷം ആവശ്യപ്പെട്ടു. പോളിംഗിനെത്തിയ ഉദ്യോഗസ്ഥരെ ഇടതു പ്രവർത്തകര്‍ തടഞ്ഞത് നേരിയ സംഘർഷത്തിനിടയാക്കി.
പോളിംഗ് തുടങ്ങിയാൽ സ്ഥിതി വഷളാകുമെന്ന് കണ്ട് റിട്ടേണിംഗ് ഓഫീസര്‍ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു.തെരഞ്ഞെടുപ്പ് നിരീക്ഷിക്കാനായി ഹൈക്കോടതി നിയമിച്ച അഭിഭാഷകന്‍റെ സാന്നിധ്യത്തിലായിരുന്നു തീരുമാനം. എന്നാൽ തെരഞ്ഞെടുപ്പ് മാറ്റിവച്ചതിനെതിരെ കോടതിയെ സമീപിക്കുമെന്ന് യുഡിഎഫ് വ്യക്തമാക്കി. വ്യാജ തിരിച്ചറിയല്‍ കാർഡുണ്ടാക്കിയത് ഇടത് മുന്നണിയാണെന്നും യുഡിഎഫ് ആരോപിച്ചു.
സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. വ്യാജ തിരിച്ചറിയൽ കാർഡ് കൈവശം വച്ച ജയന്‍റെ സഹായിയെ അറസ്റ്റേ ചെയ്തു.ജയനെതിരെയും അന്വേഷണം നടക്കുന്നുണ്ട്. ഇടത് നേതാക്കൾ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുണ്ടാക്കിയെന്ന യുഡിഎഫ് പരാതിയിലും പോലീസ് അന്വേഷണം തുടങ്ങി.
