പ്രതിചേര്‍ത്തിരുന്നുവെങ്കിലും പിന്നീട് മാപ്പുസാക്ഷിയായ കുട്ടിയുടെ അമ്മയും ശനിയാഴ്ച്ച കോടതിയില്‍ ഹാജരാകും

തൊടുപുഴ: തൊടുപുഴയില്‍ അമ്മയുടെ കാമുകന്‍ എട്ടുവയസുകാരനെ മര്‍ദ്ദിച്ചു കൊന്ന കേസ് സെപ്റ്റംബര് 17-ലേക്ക് മാറ്റി. 17-ന് പ്രതി അരുണ്‍ ആനന്ദിനെ കുറ്റപത്രം വായിച്ചു കേൾപ്പിക്കും. ഇന്ന് കേസ് പരിഗണിച്ചപ്പോൾ പ്രതിഭാഗം വാദം കേട്ട ശേഷമാണ് കോടതി തുടർ നടപടികൾക്ക് ഉത്തരവിട്ടത്. പൂജപ്പുര സെ‍ൻട്രൽ ജയിലില്‍ കഴിയുന്ന അരുണ്‍ ആനന്ദിനെ 17-ന് നേരിട്ട് കോടതിയില്‍ ഹാജരാക്കും.

തുടര്‍ന്ന് വിചാരണ പൂർത്തിയാകും വരെ അരുണിനെ മുട്ടം ജയിലില്‍ പാര്‍പ്പിക്കാനാണ് സാധ്യത. പ്രതിചേര്‍ത്തിരുന്നുവെങ്കിലും പിന്നീട് മാപ്പുസാക്ഷിയായ കുട്ടിയുടെ അമ്മയും ശനിയാഴ്ച്ച കോടതിയില്‍ ഹാജരാകും. തൊടപുഴ അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍റ് സെഷന്‍ കോടതിയാണ് കേസ് പരിഗണിക്കുന്നത്. 

കുട്ടിയെ മർദ്ദിക്കുന്നത് കണ്ടിട്ടും മൗനം പാലിച്ചതും അരുണിന് രക്ഷപെടാന്‍ അവസരമൊരുക്കിയതുമാണ് അമ്മ ചെയ്ത കുറ്റം. കേസില്‍ മാപ്പുസാക്ഷിയാക്കണമെന്ന അമ്മയുടെ അപേക്ഷ പരിഗണിച്ച കോടതി അനുകൂലമായി തീരുമാനമെുക്കുകയായിരുന്നു. 2019 മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം. എട്ടു വയസുകാരന്‍റെ സഹോദരന്‍ സോഫയില്‍ മുത്രമൊഴിച്ചുവെന്ന് പറഞ്ഞ് പ്രതി അരുണ്‍ ആനന്ദ് ചെയ്ത മർദ്ദനം ആണ് മരണത്തിനിടയാക്കിയത് കുട്ടിയെ നിലത്തിട്ട് ചവിട്ടി കാലിൽ പിടിച്ച് തറയിൽ അടിച്ച തലച്ചോർ പുറത്തുവന്നപ്പോഴാണ് മര്‍ദ്ദനം അവസാനിപ്പിച്ചത്.

ഗുരുതരാവസ്ഥയിൽ ആശുപത്രി കിടക്കയിൽ പത്ത് ദിവസത്തോളം പോരാടിയ ശേഷമാണ് കുട്ടി മരണത്തിന് കീഴടങ്ങിയത്. കേസില്‍ 2019 മാർച്ച് 30-ന് അരുണ്‍ ആനന്ദ് പിടിയിലായി. പൊലീസ് നടത്തിയ അന്വേഷണത്തില്‍ അരുണ്‍ മുൻപും കുട്ടിയെ മർദ്ദിച്ചിരുന്നവെന്ന് കണ്ടെത്തിയിരുന്നു. അരുണ് കുട്ടിയെ മര്‍ദ്ദിച്ചിട്ടുണ്ടെന്ന് അമ്മയും പോലീസിനോട് സമ്മതിച്ചു. ഇതിന്‍റെയൊക്കെ അടിസ്ഥാനത്തില്‍ ശാസ്ത്രീയ തെളിവുകളടക്കം ശേഖരിച്ചാണ് പോലീസ് കുറ്റപത്രം തയ്യാറാക്കിയത്.