Asianet News MalayalamAsianet News Malayalam

'തങ്ങളുടെ പിന്തുണയോടെ ബിജെപി ഭരിക്കില്ലെന്ന് പറയാനുള്ള ധൈര്യമുണ്ടോ'; കോണ്‍ഗ്രസിനോട് തോമസ് ഐസക്ക്

 ബിജെപിയും കോണ്‍ഗ്രസും പരസ്പരം സഹകരിക്കില്ല എന്ന് കേരളത്തിന് ഉറപ്പു നൽകാൻ കെപിസിസി പ്രസിഡന്റിനോ പ്രതിപക്ഷ നേതാവിനോ കഴിയുമോയെന്ന് തോമസ് ഐസക്ക് ചോദിക്കുന്നു.

Thomas Isaac facebbok against congress
Author
Thiruvananthapuram, First Published Dec 17, 2020, 7:43 PM IST

തിരുവനന്തപുരം: കേരളത്തിൽ ഒരു പഞ്ചായത്തുപോലും തങ്ങളുടെ പിന്തുണയോടെ ബിജെപി ഭരിക്കില്ലെന്ന് തുറന്നു പ്രഖ്യാപിക്കാനുള്ള ധൈര്യം കോൺഗ്രസ് നേതാക്കൾ കാണിക്കുമോയെന്ന് മന്ത്രി തോമസ് ഐസക്ക്. തിരഞ്ഞെടുപ്പു ഫലത്തിന്റെ തുടർച്ചയായി കേരളം കാതോർക്കുന്നത് ഈ ചോദ്യത്തിന് ഉത്തരം കിട്ടാനാണെന്നും മറുപടി പറയണമെന്നും തോമസ് ഐസക് കോണ്‍ഗ്രസിനെ വെല്ലുവിളിച്ചു.

ഫേസ്ബുക്ക് കുറിപ്പിലൂടെയാണ്ണ് മന്ത്രി തോമസ് ഐസക്ക് കോണ്‍ഗ്രസിനെതിരെ ചോദ്യങ്ങളുമായെത്തിയത്. പ്രതിപക്ഷ നേതാവിന്റെ മണ്ഡലമായ ഹരിപ്പാട്ടെ കരുവാറ്റ, ചെറുതന, കാർത്തികപ്പള്ളി പഞ്ചായത്തുകളിൽ കോൺഗ്രസിന് ഒറ്റയ്ക്ക് ഭൂരിപക്ഷമില്ല.  പല പഞ്ചായത്തുകളിലും പരസ്പരം സഹായിക്കാതെ കോണ്‍ഗ്രസിന് നില നില്‍പ്പില്ലാത്ത അവസ്ഥയാണ്. എന്നാല്‍ അങ്ങനെയുണ്ടാവില്ല എന്ന് കേരളത്തിന് ഉറപ്പു നൽകാൻ കെപിസിസി പ്രസിഡന്റിനോ പ്രതിപക്ഷ നേതാവിനോ കഴിയുമോയെന്ന് തോമസ് ഐസക്ക് ചോദിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

കേരളത്തിൽ ഒരു പഞ്ചായത്തുപോലും തങ്ങളുടെ പിന്തുണയോടെ ബിജെപി ഭരിക്കില്ലെന്ന് തുറന്നു പ്രഖ്യാപിക്കാനുള്ള ധൈര്യം കോൺഗ്രസ് നേതാക്കൾ കാണിക്കുമോ?  തിരഞ്ഞെടുപ്പു ഫലത്തിന്റെ തുടർച്ചയായി കേരളം കാതോർക്കുന്നത് ഈ ചോദ്യത്തിന് ഉത്തരം കിട്ടാനാണ്. യഥാർത്ഥത്തിൽ ബിജെപിയ്ക്ക് നാലു പഞ്ചായത്തുകളിൽ മാത്രമാണ് തനിച്ചു ഭരിക്കാൻ ഭൂരിപക്ഷം ലഭിച്ചത്. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ മറ്റു പഞ്ചായത്തുകളിൽ അവർക്ക് കേവല ഭൂരിപക്ഷമില്ല. 

അത്തരം പഞ്ചായത്തുകളിൽ എങ്ങനെയാവും അവർ ഭൂരിപക്ഷം തരപ്പെടുത്തുക? ആ കളിയിൽ എന്തായിരിക്കും കോൺഗ്രസിന്റെ റോൾ? ഉദാഹരണത്തിന് ആലപ്പുഴ ജില്ലയിലെ കോടന്തുരുത്ത്, തിരുവനൻവണ്ടൂർ പഞ്ചായത്തുകളെടുക്കാം. രണ്ടിടത്തും ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാണ്. പക്ഷേ, ഭരിക്കാനുള്ള കേവല ഭൂരിപക്ഷമില്ല. 
കോടന്തുരുത്തിൽ ബിജെപിയ്ക്ക് 7 സീറ്റും യുഡിഎഫിന് 5 സീറ്റും എൽഡിഎഫിന് 3 സീറ്റുമുണ്ട്. തിരുവൻവണ്ടൂരിൽ ബിജെപിയ്ക്ക് 5 സീറ്റും യുഡിഎഫിന് 3 സീറ്റും എൽഡിഎഫിന് 2 സീറ്റുമുണ്ട്. മൂന്നു സ്വതന്ത്രരും. ഇവിടെയൊക്കെ എന്തായിരിക്കും യുഡിഎഫിന്റെ നിലപാട്? പ്രതിപക്ഷ നേതാവിന്റെ ജില്ലയാണല്ലോ ആലപ്പുഴ? ഈ പഞ്ചായത്തുകളിൽ എന്തു സമീപനമാണ് കോൺഗ്രസ് സ്വീകരിക്കാൻ പോകുന്നത് എന്ന് തുറന്നു പ്രഖ്യാപിക്കാമോ? 

പ്രതിപക്ഷ നേതാവിന്റെ മണ്ഡലമായ ഹരിപ്പാട്ടെ കരുവാറ്റ, ചെറുതന, കാർത്തികപ്പള്ളി പഞ്ചായത്തുകളിൽ കോൺഗ്രസിന് ഒറ്റയ്ക്ക് ഭൂരിപക്ഷമില്ല.  കരുവാറ്റയിൽ 7 എൽഡിഎഫ്, 6 യുഡിഎഫ്, 2 ബിജെപി എന്നാണ് കക്ഷിനില.  ചെറുതനയിൽ 5 എൽഡിഎഫ്, 5 യുഡിഎഫ്, 3 ബിജെപി. കാർത്തികപ്പള്ളിയിൽ 5 എൽഡിഎഫ്, 4 ബിജെപി, 3 യുഡിഎഫ്, ഒരു സ്വതന്ത്രൻ.  
ഇതുവരെയുള്ള രീതിവെച്ച് തിരുവൻവണ്ടൂരിലും കോടന്തുരുത്തിലും ബിജെപിയെ കോൺഗ്രസ് സഹായിക്കുകയും പകരം കരുവാറ്റയിലും ചെറുതനയിലും കാർത്തികപ്പള്ളിയിലും തിരിച്ചു സഹായം സ്വീകരിക്കുകയും ചെയ്യുന്ന കാഴ്ച തന്നെയാവും നാം കാണാൻ പോവുക. അങ്ങനെയുണ്ടാവില്ല എന്ന് കേരളത്തിന് ഉറപ്പു നൽകാൻ കെപിസിസി പ്രസിഡന്റിനോ പ്രതിപക്ഷ നേതാവിനോ കഴിയുമോ?

Follow Us:
Download App:
  • android
  • ios