Asianet News MalayalamAsianet News Malayalam

ലാവ്‍ലിൻ ആരോപണം നിഷേധിച്ച് ധനമന്ത്രി, പ്രതിപക്ഷത്തിന് പരിഭ്രാന്തിയെന്നും തോമസ് ഐസക്

CDPQ കനേഡിയൻ സർക്കാർ അംഗീകൃത കമ്പനിയാണ്. ഇതിന് എസ്എൻസി ലാവ്‍ലിനുമായി ബന്ധമില്ല. കിഫ്ബി റിസർവ് ബാങ്കിന്‍റെ ചട്ടങ്ങൾ അനുസരിച്ച് മാത്രം പ്രവർത്തിക്കുന്ന കമ്പനിയാണെന്നും തോമസ് ഐസക്. 

thomas issac denies allegations related to lavlin and kifbi
Author
Kollam, First Published Apr 6, 2019, 6:12 PM IST

കൊല്ലം: കിഫ്ബിയുടെ മസാല ബോണ്ടുകളിൽ ഭൂരിഭാഗവും എസ്എൻസി ലാവ്‍ലിനുമായി അടുത്ത ബന്ധമുള്ള CDPQ എന്ന കമ്പനിയാണ് വാങ്ങിയതെന്ന ആരോപണം നിഷേധിച്ച് ധനമന്ത്രി തോമസ് ഐസക്. കനേഡിയൻ സ‍ർക്കാർ അംഗീകൃത കമ്പനിയാണ് CDPQ. കമ്പനിക്ക് എസ്എൻസി ലാവ്‍ലിനുമായി ബന്ധമില്ല. 

ഇന്ത്യയിലും പലയിടങ്ങളിലും CDPQ കമ്പനി നിക്ഷേപം നടത്തിയിട്ടുണ്ട്. കിഫ്ബി സംസ്ഥാനസർക്കാരിന്‍റെ മേൽനോട്ടത്തിൽ നടത്തുന്ന കമ്പനിയാണ്. അതിൽ ഒരു സ്വകാര്യകമ്പനിയ്ക്കും ഉടമസ്ഥതയില്ല. നിക്ഷേപം മാത്രമേയുള്ളൂ. കേരളത്തിന്‍റെ വികസനത്തിന് വേണ്ടിയുള്ള ധനസമാഹരണമാർഗം മസാല ബോണ്ട് മാത്രമല്ലെന്നും തോമസ് ഐസക് പറഞ്ഞു. 

പ്രതിപക്ഷത്തിന് പരിഭ്രാന്തിയാണെന്നാണ് തോമസ് ഐസക് ആരോപിക്കുന്നത്. തെരഞ്ഞെടുപ്പ് കാലത്ത് നാല് വോട്ട് കിട്ടാനാണ് പ്രതിപക്ഷം ഈ ആരോപണം ഉന്നയിക്കുന്നത്. ബിജെപി ഉന്നയിക്കുന്ന വില കുറഞ്ഞ ആരോപണങ്ങൾ പ്രതിപക്ഷനേതാവും ഏറ്റെടുത്ത് പറയുകയാണെന്നും തോമസ് ഐസക് വ്യക്തമാക്കി. 

സംസ്ഥാനസർക്കാരിന്‍റെ അഭിമാനപദ്ധതിയായ കിഫ്ബിയുടെ മസാല ബോണ്ടുകൾക്കെതിരെയാണ് അഴിമതിയാരോപണവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല രംഗത്തു വന്നത്. വിവാദകമ്പനിയായ എസ്എൻസി ലാവ്‍ലിനുമായി ബന്ധപ്പെട്ട CDPQ എന്ന കമ്പനിയാണ് കിഫ്ബിയുടെ മസാല ബോണ്ടിൽ പ്രധാനമായും നിക്ഷേപം നടത്തിയതെന്നാണ് ചെന്നിത്തല ആരോപിക്കുന്നത്. അഴിമതിയാരോപണങ്ങളെത്തുടർന്ന് സംസ്ഥാനസർക്കാർ കരിമ്പട്ടികയിൽ പെടുത്തിയ എസ്എൻസി ലാവ്‍ലിനുമായി ബന്ധപ്പെട്ട കമ്പനി എങ്ങനെ സർക്കാരിന്‍റെ തന്നെ മസാല ബോണ്ടുകളിൽ നിക്ഷേപം നടത്തുമെന്നാണ് ചെന്നിത്തല ചോദിക്കുന്നത്. 

ഇതിന് പിന്നിൽ വലിയ ഒത്തുകളിയുണ്ടെന്നും ലാവ്‍ലിൻ കമ്പനിയെ സഹായിക്കാൻ വലിയ അഴിമതി നടക്കുകയാണെന്നും ചെന്നിത്തല ആരോപിക്കുന്നു. 20 ശതമാനം ഓഹരിയാണ് CDPQ കമ്പനിക്ക് മസാല ബോണ്ടുകളിലുള്ളതെന്നാണ് മനസ്സിലാകുന്നത്. വിവാദകമ്പനിയായ ലാവ്‍ലിനുമായി ബന്ധപ്പെട്ട് സംസ്ഥാനസർക്കാർ എന്തിനാണ് ഇടപാട് നടത്തുന്നതെന്ന് ധനമന്ത്രി തോമസ് ഐസകും ലാവ്‍ലിൻ കമ്പനിയുമായി ബന്ധപ്പെട്ട് മുമ്പ് ആരോപണവിധേയനായ മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കണം - ചെന്നിത്തല ആവശ്യപ്പെട്ടു. 

Read More: വീണ്ടും ലാവ്‍ലിൻ: കിഫ്ബിയുടെ മസാല ബോണ്ടിൽ പണം മുടക്കിയത് ലാവ്‍ലിന്‍റെ കമ്പനിയെന്ന് ചെന്നിത്തല

Follow Us:
Download App:
  • android
  • ios