ആരോപണത്തിൽ അന്വേഷണം വേണമെന്നും ഏത് അന്വേഷണത്തെയും സ്വാ​ഗതം ചെയ്യുന്നുവെന്നും തോമസ് കെ. തോമസ് പ്രതികരിച്ചു. 

ആലപ്പുഴ: 100 കോടി കോഴ ആരോപണങ്ങൾ തള്ളി കുട്ടനാട് എംഎല്‍എ തോമസ് കെ. തോമസ്. ആരോപണത്തിൽ അന്വേഷണം വേണമെന്നും ഏത് അന്വേഷണത്തെയും സ്വാ​ഗതം ചെയ്യുന്നുവെന്നും തോമസ് കെ. തോമസ് പ്രതികരിച്ചു. അന്വേഷണമാവശ്യപ്പെട്ട് കത്ത് നൽകുമെന്നും തോമസ് കെ തോമസ് അറിയിച്ചു. തനിക്കെതിരെ ബാലിശമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. 

കൂറുമാറ്റ കോഴ വിവാദം ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ തിരിച്ചടിയായേക്കുമെന്നാണ് വിലയിരുത്തൽ. അതിനാൽ തന്നെയാണ് തോമസ് കെ തോമസുമായി തുടര്‍ന്നുള്ള സഹകരണം ഏതുതരത്തിൽ വേണമെന്നത് സംബന്ധിച്ച് സിപിഎം ഗൗരവമായി ആലോചിക്കുന്നത്. എന്നാല്‍ തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും പിന്നിൽ ആന്‍റണി രാജുവാണെന്നുമാണ് ഇന്നലെ തോമസ് കെ തോമസ് പ്രതികരിച്ചത്.

തോമസ്‌ മന്ത്രിയാകില്ലെന്നും താനൊരു ടോർപിഡോ വെച്ചിട്ടുണ്ടെന്നും ആന്റണി രാജു പലരോടും പറഞ്ഞിട്ടുള്ള കാര്യം അറിയാമെന്നും ഇത് അത്തരത്തിലുള്ള ആന്‍റണി രാജുവിന്‍റെ നീക്കമാണെന്നും തോമസ് കെ തോമസ് ആരോപിച്ചിരുന്നു. താൻ മന്ത്രിയാകുമെന്ന് വന്നപ്പോഴാണ് ആരോപണം ഉയര്‍ന്നത്.

എൻസിപി അജിത്ത് പവാര്‍ പക്ഷത്തേക്ക് വരുന്നതിനായി രണ്ട് എംഎല്‍എമാര്‍ക്ക് 100 കോടിയുടെ ഓഫര്‍ തോമസ് കെ തോമസ് വെച്ചുവെന്ന ആരോപണമാണ് തോമസ് കെ തോമസിനെതിരെ ഉയര്‍ന്നത്. മുഖ്യമന്ത്രി തന്നെ അവിശ്വസിക്കും എന്ന് തോന്നുന്നില്ല. പിസി ചാക്കോയോട് ഇക്കാര്യം പറഞ്ഞത് മുഖ്യമന്ത്രി തന്നെയാണെന്നും തോമസ് കെ തോമസ് ഇന്നലെ വ്യക്തമാക്കി.

'ഇപ്പോൾ കാണുന്ന ആളുകൾ ഒക്കെ പറയുവാ, ഒരു കോടി ഞങ്ങൾക്ക് കൂടിയൊക്കെ താ എന്ന്'