തിരുവനന്തപുരം: കൊവിഡ് തീവ്രബാധിത മേഖലകളിൽ നിന്നെത്തുന്നവര്‍ സര്‍ക്കാര്‍ ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്ക് മാറണമെന്ന് നിർ​ദ്ദേശിച്ച്  സർക്കാർ. ഇതരസംസ്ഥാനങ്ങളിലെയും കേരളത്തിലെയും റെഡ് സോണില്‍ നിന്നുള്ളവര്‍ക്ക് നിർദ്ദേശം ബാധകമാണ്. ഇതുസംബന്ധിച്ച് സർക്കാർ നിർദ്ദേശം പുറത്തിറക്കി. 

കോട്ടയം, കണ്ണൂർ ജില്ലകളിൽ നിന്ന് മറ്റു ജില്ലകളിലേക്ക് പോകുന്നവർക്കാണ് നിർദ്ദേശം ബാധകമാവുക. 129 പ്രദേശങ്ങളില്‍ നിന്നും വരുന്നവര്‍ സര്‍ക്കാര്‍ കേന്ദ്രങ്ങളിലേക്ക് മാറണം എന്നാണ് സർക്കാർ നിർദ്ദേശം. ആന്റമാന്‍, നിക്കോബാര്‍ ഉള്‍പ്പെടെ 20 സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ക്കും നിർദ്ദേശം ബാധകമാണ്. ആരോഗ്യപ്രവര്‍ത്തകര്‍ ഇവരെ കണ്ടെത്തി സർക്കാർ കേന്ദ്രങ്ങളിലേക്ക് മാറ്റാണം എന്നാണ് നിര്‍ദ്ദേശം. ആംബുലന്‍സിൽ കയറ്റി വേണം ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്ക് ആളുകളെ മാറ്റേണ്ടത്.

അതേസമയം, കൊവിഡ് പ്രത്യാഘാതം പഠിക്കാൻ വിദഗ്ദ്ധ സമിതിയെ സർക്കാർ നിയോ​ഗിച്ചു. സാമ്പത്തിക രംഗത്തും മറ്റു മേഖലയിലും ഉണ്ടാക്കിയ മാറ്റങ്ങൾ സമിതി പഠിക്കും. മുൻ ചീഫ് സെക്രട്ടറി കെ എം എബ്രഹാം, ധന വകുപ്പ് സെക്രട്ടറി രാജേഷ് കുമാർ സിംഗ്. ആസൂത്രണ ബോർഡ് അംഗം രാംകുമാർ എന്നിവരാണ് സമിതിയിലെ അംഗങ്ങൾ. മൂന്ന് മാസത്തിനുള്ളിൽ റിപ്പോർട്ട്‌ നൽകാനാണ് നിർദേശം.