തൊട്ടപ്പള്ളിയിൽ തനിച്ച് താമസിച്ചിരുന്ന 60 കാരിയുടെ കൊലപാതകത്തിൽ പൊലീസ് തെറ്റായി പ്രതി ചേർത്ത അബൂബക്കർ ജാമ്യം ലഭിച്ച് ജയിലിൽ നിന്നും പുറത്തിറങ്ങി.
ആലപ്പുഴ: തൊട്ടപ്പള്ളിയിൽ തനിച്ച് താമസിച്ചിരുന്ന 60 കാരിയുടെ കൊലപാതകത്തിൽ പൊലീസ് തെറ്റായി പ്രതി ചേർത്ത അബൂബക്കർ ജാമ്യം ലഭിച്ച് ജയിലിൽ നിന്നും പുറത്തിറങ്ങി. തന്നെ ഭീഷണിപ്പെടുത്തി പൊലീസ് കുറ്റം സമ്മതിപ്പിച്ചതാണെന്ന് അബൂബക്കർ പറഞ്ഞു. മകന്റെ ജോലി കളയിക്കുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയപ്പോഴാണ് താൻ കുറ്റം സമ്മതിച്ചതെന്നാണ് അബൂബക്കറിന്റെ വാക്കുകൾ. ആലപ്പുഴ ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പിതാവ് ജയിൽ മോചിതനായതിൽ സന്തോഷമെന്നും ദൈവത്തിന് നന്ദിയെന്നും ആയിരുന്നു മകൻ റാഷിന്റെ പ്രതികരണം.
തോട്ടപ്പള്ളി ഒറ്റപ്പനയിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന അറുപതുകാരിയെ ഈ മാസം പതിനേഴാം തീയതിയാണ് വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സമീപത്തെ പള്ളിയിലെ ജീവനക്കാരനായ അബൂബക്കർ സംഭവ ദിവസം രാത്രി ഈ വീട്ടിൽ എത്തിയിരുന്നതായി കണ്ടെത്തിയ പൊലീസ് ഇയാളെ കൊലപാതകകുറ്റം ചുമത്തി അറസ്റ്റു ചെയ്യുകയായിരുന്നു. ഇയാൾ റിമാൻഡിൽ കഴിയവേ കൊല്ലപ്പെട്ട സ്ത്രീയുടെ കാണാതായ മൊബൈൽ ഫോൺ മറ്റൊരു സിം ഇട്ട് പ്രവർത്തിപ്പിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചു. തുടർന്നുള്ള അന്വേഷണത്തിലാണ് തൃക്കുന്നപ്പുഴ പതിയാങ്കര സ്വദേശി സൈനുലാബ്ദീനും ഭാര്യ അനീഷയും അറസ്റ്റിലാകുന്നത്.
തുടർന്ന് അബൂബക്കറിനെ കൊലക്കുറ്റത്തിൽ നിന്നു ഒഴിവാക്കി പൊലീസ് കോടതിയിൽ റിപ്പോർട്ട് നല്‍കി. എന്നാൽ ബലാൽസംഗകുറ്റവും വീട്ടിൽ അതിക്രമിച്ചു കയറൽ തുടങ്ങിയ വകുപ്പുകൾ നിലനിൽക്കുമെന്നായിരുന്നു പോലീസ് നിലപാട്. എന്നാൽ ഇക്കാര്യം സാധൂകരിക്കുന്ന തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. തുടന്ന് ആലപ്പുഴ സെഷൻസ് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. നിലവിൽ കേസിലെ മൂന്നാം പ്രതിയാണ് അബൂബക്കർ. റിമാൻഡിൽ കഴിസുന്ന ഒന്നാം പ്രതി സൈനുലാബ്ദ്ദിനെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് അമ്പലപ്പുഴ കോടതിയിൽ അപേക്ഷ നൽകി. മോഷണവും മുൻവൈരാഗ്യവുമാണ് കൊലപാതകത്തിന് പ്രേരണയെന്നാണ് പോലീസ് കണ്ടെത്തൽ.



