വാര്‍ത്തകളുടെ മൂന്ന് പതിറ്റാണ്ട്; മലയാളത്തിലെ ആദ്യ സ്വകാര്യ ടെലിവിഷൻ ചാനല്‍ ഏഷ്യാനെറ്റിന് ഇന്ന് 31ാം വാര്‍ഷികം
അനുദിനം വളരുന്ന ദൃശ്യമാധ്യമമേഖലയിൽ മുപ്പതൊന്നാം വർഷത്തിലും ഒന്നാം സ്ഥാനത്ത് തുടരുകയാണ് ഏഷ്യാനെറ്റും ഏഷ്യാനെറ്റ് ന്യൂസും.
തിരുവനന്തപുരം: മലയാളത്തിലെ ആദ്യത്തെ സ്വകാര്യ ടെലിവിഷൻ ചാനൽ ഏഷ്യാനെറ്റ് പിറവിയെടുത്തിട്ട് ഇന്നേക്ക് മുപ്പത്തിയൊന്ന് വർഷങ്ങള്‍. 1993 ഓഗസ്റ്റ് 30നായിരുന്നു ഏഷ്യാനെറ്റിന്‍റെ ഉദ്ഘാടനം. വാർത്തകൾ സാർത്ഥകമാക്കിയ മൂന്ന് പതിറ്റാണ്ടിന്‍റെ ജൈത്രയാത്ര നേരോടെ, നിർഭയം, നിരന്തരം തുടരുകയാണ് ഏഷ്യാനെറ്റ് .
മലയാളത്തിൽ പുതിയ ദൃശ്യമാധ്യമസംസ്ക്കാരത്തിന് തുടക്കം കുറിച്ചുകൊണ്ടാണ് 1993 ഓഗസ്റ്റ് 30ന് തിരുവനന്തപുരം സെനറ്റ് ഹാളിൽ നടന്ന ചടങ്ങിൽ ഏഷ്യാനെറ്റ് മിഴി തുറന്നു. പി ഭാസ്ക്കരൻ സക്കറിയ ശശികുമാർ ഉൾപ്പടെ മലയാളത്തിലെ കലാ സാഹിത്യസാംസ്ക്കാരിക മാധ്യമരംഗങ്ങളെ പ്രമുഖരുടെ നേതൃത്വത്തിലായിരുന്നു ഏഷ്യാനെറ്റ് തുടങ്ങിയത്.
മികച്ച ടെക്നിഷ്യൻമാരുടെ സംഘവുമുണ്ടായിരുന്നു. ആദ്യത്തെ പ്രോഗ്രാം ടി എൻ ഗോപകുമാർ അവതരിപ്പിച്ച കണ്ണാടിയായിരുന്നു. തുടക്കത്തിൽ 3 മണിക്കൂർ മാത്രമായിരുന്നു ചാനലിന്‍റെ സംപ്രേഷണം. വിനോദവിജ്ഞാന പരിപാടികൾ മാത്രമായിരുന്ന ചാനലിൽ 1995 സെപ്റ്റംബർ 30 ന് അരമണിക്കൂർ വാർത്താ സംപ്രേഷണം കൂടി തുടങ്ങി.
തൽസമയ വാർത്താസംപ്രേഷണമായിരുന്നു അത്. കേരളത്തിൽ നിന്ന് അനേകായിരം കിലോമീറ്റർ അകലെ ഫിലിപ്പൈൻസ് എന്ന് ദ്വീപിലെ സുബിക് ബേയിലെ സ്റ്റുഡിയോയിൽ നിന്നായിരുന്നു വാർത്താ സംപ്രേഷണം. വിനോദ വാർത്ത ചാനലായി വളർന്ന ഏഷ്യാനെറ്റിലെ പരിപാടികൾ മലയാളികൾ ഏറ്റെടുത്തു. തുടര്‍ന്ന് ചാനലിന്‍റെ സംപ്രേഷണം 24 മണിക്കൂറായി.
പിന്നീട് ഏഷ്യാനെറ്റ് പ്ലസ്, ഏഷ്യാനെറ്റ് ഗ്ലോബൽ ഉൾപ്പടെ ഒന്നിലധികം ചാനലുകൾ. ഏഷ്യാനെറ്റ് ന്യൂസും പ്രത്യേക ചാനലായി തുടങ്ങി. ഏഷ്യാനെറ്റിന്‍റെ ഏല്ലാ ചാനലുകളും മലയാളികൾ ഏറ്റെടുത്തു. അനുദിനം വളരുന്ന ചാനലുകൾ പിന്നീട് ഏഷ്യാനെറ്റും ഏഷ്യാനെറ്റ് ന്യൂസും രണ്ടായി പിരിഞ്ഞു. പ്രത്യേക കമ്പനികളായി മാറി. അനുദിനം വളരുന്ന ദൃശ്യമാധ്യമമേഖലയിൽ മുപ്പതൊന്നാം വർഷത്തിലും ഒന്നാം സ്ഥാനത്ത് തുടരുകയാണ് ഏഷ്യാനെറ്റും ഏഷ്യാനെറ്റ് ന്യൂസും.
നടൻ ജയസൂര്യയ്ക്കെതിരെ വീണ്ടും കേസ്; ഷൂട്ടിങ് ലോക്കേഷനില്‍ നടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്ന് പരാതി