സുപ്രീംകോടതി വിധിന്യായത്തിന്‍റെ അടിസ്ഥാനത്തിലാണ് കമ്മറ്റി രൂപീകരണം.  ചെയര്‍മാനും രണ്ട് അംഗങ്ങളും അടങ്ങുന്നതാണ് കമ്മറ്റി.ഒരംഗം വനിതയാകുന്നത് അഭികാമ്യമാണെന്നും മന്ത്രിസഭായോഗ തീരുമാനം. 

തിരുവനന്തപുരം: സര്‍ക്കാര്‍ പരസ്യങ്ങളുടെ ഉള്ളടക്കം പരിശോധിക്കുന്നതുമായി ബന്ധപ്പെട്ട് മൂന്നംഗ കമ്മറ്റി രൂപീകരിക്കും. സുപ്രീംകോടതി വിധിന്യായത്തിന്റെ അടിസ്ഥാനത്തിലാണ് കമ്മറ്റി രൂപീകരണം. ചെയര്‍മാനും രണ്ട് അംഗങ്ങളും അടങ്ങുന്നതാണ് കമ്മറ്റി. 15 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുള്ള, മാധ്യമ രംഗത്ത് വ്യക്തി മുദ്രപതിപ്പിച്ച മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍, സംസ്ഥാന സര്‍ക്കാര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി റാങ്കില്‍ കുറയാത്ത വ്യക്തി, ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വ്വീസില്‍ അഡീഷണല്‍ സെക്രട്ടറി റാങ്കില്‍ കുറയാത്ത വ്യക്തി എന്നിവര്‍ക്ക് ചെയര്‍പേഴ്സണ്‍ ആകാം.

വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥന്‍, വിരമിച്ച ഐ.ആന്‍റ്.പി.ആര്‍.ഡി ഡയറക്ടര്‍, വിരമിച്ച ഐ.ആന്‍റ്.പിആര്‍.ഡി അഡീഷണല്‍ ഡയറക്ടര്‍, 15 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയമുള്ള മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് അംഗങ്ങളാകാം. ഒരംഗം വനിതയാകുന്നത് അഭികാമ്യമാണെന്നും നിശ്ചയിച്ചു. കമ്മറ്റി അംഗങ്ങളുടെപ്രായം 45നും 70നും ഇടയിലായിരിക്കും. സര്‍ക്കാര്‍. അര്‍ധസര്‍ക്കാര്‍, പൊതുമേഖല, സ്വയംഭരണസ്ഥാപനങ്ങള്‍, കോടതികള്‍, കമ്മീഷനുകള്‍ തുടങ്ങിയവര്‍ നല്‍കുന്ന പരസ്യങ്ങളുടെ ഉള്ളടക്കം പരിശോധനാ കമ്മറ്റിയുടെ അധികാര പരിധിയില്‍പ്പെടും. പരസ്യങ്ങളുടെ ഉള്ളടക്കവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ വകുപ്പുകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. രണ്ട് വര്‍ഷമാണ് കമ്മറ്റിയുടെ പരമാവധി കാലവധി.