ശസ്ത്രക്രിയയ്ക്ക് ശേഷവും കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. തലച്ചോറില്‍ രക്തം കട്ടപിടിച്ച് പ്രവർത്തനം നിലച്ചു തുടങ്ങി. 

കൊച്ചി: എറണാകുളം ഏലൂരില്‍ അമ്മയുടെ ക്രൂര മർദ്ദനത്തിനിരയായ മൂന്ന് വയസ്സുകാരന്റെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ നിന്നെത്തിയ മൂന്നംഗ മെഡിക്കൽ സംഘം കഴിഞ്ഞ ദിവസം കുട്ടിയെ ആശുപത്രിയിലെത്തി സന്ദർശിച്ചു. നിലവിലെ ചികിത്സ തുടരാനാണ് ആശുപത്രി അധികൃതർക്ക് നല്‍കിയ നിർദേശം.

ശസ്ത്രക്രിയയ്ക്ക് ശേഷവും കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. തലച്ചോറില്‍ രക്തം കട്ടപിടിച്ച് പ്രവർത്തനം നിലച്ചു തുടങ്ങി. പക്ഷേ ജീവന്‍ നിലനിർത്താന്‍ നിലവിലെ ചികിത്സ തുടരണമെന്നാണ് വിദഗ്ധ മെഡിക്കല്‍ സംഘം ആശുപത്രി അധികൃതർക്ക് നല്‍കിയ നിർദേശം. കുട്ടിയുടെ ആരോഗ്യനില സംബന്ധിച്ച് മെഡിക്കല്‍ സംഘം ആരോഗ്യവകുപ്പിന് റിപ്പോർട്ട് സമർപ്പിച്ചു.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നിലയില്‍ ഇതരസംസ്ഥാനക്കാരായ ദമ്പതികളുടെ മൂന്ന് വയസുള്ള മകനെ ബുധനാഴ്ചയാണ് ആലുവയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. കുഞ്ഞിന്‍റെ ശരീരത്തില്‍ മർദനമേറ്റ മുറിവുകളും പൊള്ളലേറ്റ പാടുകളും പരിശോധനയില്‍ കണ്ടെത്തി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കുഞ്ഞിന്‍റെ അമ്മയാണ് തലയ്ക്ക് ഗുരുതരമായി പരിക്കേല്‍പിച്ചതെന്ന് കണ്ടെത്തിയത്.

കുഞ്ഞിന്‍റെ അമ്മയെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു. ഇവര്‍ക്കെതിരെ വധശ്രമം ചുമത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കുട്ടിയുടെ അച്ഛന്‍ ഇപ്പോഴും പൊലീസ് കസ്റ്റഡിയിലാണ്. ബംഗാള്‍ സ്വദേശിയായ ഇയാളുടെ പശ്ചാത്തലം പരിശോധിക്കാനായി ഏലൂർ പൊലീസ് ബംഗാള്‍ പൊലീസിനെ ബന്ധപ്പെട്ടിട്ടുണ്ട്. കുഞ്ഞിന് മർദനമേറ്റസമയത്ത് താന്‍ ഉറക്കമായിരുന്നെന്നാണ് ഇയാള്‍ പൊലീസിന് നല്‍കിയ മൊഴി.