Asianet News MalayalamAsianet News Malayalam

ഉത്സവത്തിന്റെ കെട്ടുകാഴ്ച വൈദ്യുതി ലൈനിൽ തട്ടി: മുകളിലിരുന്ന മൂന്ന് യുവാക്കൾക്ക് പൊള്ളലേറ്റു, പ്രതിഷേധം

ചുനക്കര ക്ഷേത്രത്തിലേക്ക് കൊണ്ടു പോകാൻ ഒരുക്കിയിരുന്ന കെട്ടുകാഴ്ചയാണ് വൈദ്യുതി ലൈനിൽ തട്ടിയത്. മൂന്ന് യുവാക്കളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

three youth injured as temple procession float touched electric line in alappuzha afe
Author
First Published Feb 12, 2024, 8:43 AM IST

ആലപ്പുഴ: കായംകുളത്ത് ക്ഷേത്ര ഉത്സവത്തിനോടനുബന്ധിച്ച് തയ്യാറാക്കിയ കെട്ടുകാഴ്ചയ്ക്ക് മുകളിലിരുന്ന മൂന്ന് യുവാക്കൾക്ക് വൈദ്യുതാഘാതമേറ്റു. ചാരുംമൂട്  കരിമുളയ്ക്കൽ വഴിയുടെ തെക്കേതിൽ  അമൽ ചന്ദ്രൻ (22) , ധനരാജ് (20), അനന്തു (24)  എന്നിവർക്കാണ് പരിക്കേറ്റത്. ചുനക്കര ക്ഷേത്രത്തിലേക്ക് കൊണ്ടു പോകുവാൻ ഒരുക്കിയതായിരുന്നു രണ്ടാംകരയിൽ നിന്നുള്ള കെട്ടുകാഴ്ച.

ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. കെട്ടുകാഴ്ച തുരുത്തി ജംഗ്ഷന് സമീപത്തെ റോഡിൽ എത്തിയപ്പോഴായിരുന്നു സംഭവം. വൈദ്യുതി ലൈനിൽ തട്ടിയതിനെ തുടര്‍ന്ന് കെട്ടുകാഴ്ചയുടെ മദ്ധ്യഭാഗത്തും മുകളിലും നിന്നവര്‍ക്കാണ് പരിക്കേറ്റത്. അമൽ ചന്ദ്രനും ധനരാജിനും ഗുരുതരമായി പൊള്ളലേറ്റു. ഇവരെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിസാരമായി പൊള്ളലേറ്റ  അനന്തുവിനെ കറ്റാനത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ഉത്സവത്തോടനുബന്ധിച്ചുള്ള കെട്ടുകാഴ്ചകള്‍ വരുന്നത് കണക്കിലെടുത്ത് രാവിലെ 11 മണിയോടെ തന്നെ ഇതുവഴിയുള്ള വൈദ്യുതി ലൈനുകള്‍ കെ.എസ്.ഇ.ബി ഓഫ് ചെയ്തിരുന്നു. എന്നാൽ ഒരു ലൈനിൽ വൈദ്യുതി പ്രവാഹം ഉണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. ലൈൻ ഓഫ് ചെയ്യാൻ ഉദ്യോഗസ്ഥർ മറന്നുവെന്നും ഇതാണ് അപകടത്തിലേക്ക് നയിച്ചതെന്നും നാട്ടുകാര്‍ ആരോപിച്ചു. കെട്ടുകാഴ്ചയുടെ മുകളിലുണ്ടായിരുന്ന സ്വര്‍ണത്തിൽ പൊതിഞ്ഞ പ്രഭടയുടെ (നെറ്റിപ്പട്ടത്തിന്റെ ഭാഗം) മുക്കാൽ ഭാഗവും കരിഞ്ഞുപോയി. തുടർന്ന് നാട്ടുകാര്‍ വൈകുന്നേരം കെ.എസ്.ഇ.ബി ഓഫീസ് ഉപരോധിച്ചു. അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന ഉദ്യോഗസ്ഥരുടെ ഉറപ്പിലാണ് പ്രതിഷേധം അവസാനിപ്പിച്ചത്.   

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബി‌ൽ കാണാം...

Latest Videos
Follow Us:
Download App:
  • android
  • ios