ഒറ്റപ്പേരില്‍ ധാരണയായെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരന്‍ പറഞ്ഞു. കെപിസിസി തീരുമാനച്ച പേര് ഹൈക്കമാന്‍ഡിനെ അറിയിച്ചുവെന്നും കെ സുധാകരന്‍ അറിയിച്ചു.
കൊച്ചി: തൃക്കാക്കര ഉപ തെരഞ്ഞെടുപ്പിലെ (Thrikkakara By-Election) കോണ്‍ഗ്രസ് (Congress) സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചു. ഒറ്റപ്പേരില്‍ ധാരണയായെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരന്‍ പറഞ്ഞു. കെപിസിസി തീരുമാനിച്ച പേര് ഹൈക്കമാന്‍ഡിനെ അറിയിച്ചുവെന്നും കെ സുധാകരന്‍ അറിയിച്ചു. സ്ഥാനാര്‍ത്ഥിയെ ഇന്ന് തന്നെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ 40 നേതാക്കളുമായി ആശയവിനിമയം നടത്തി. ആരും ഉമ തോമസിൻ്റെതല്ലാതെ മറ്റൊരു പേരും പറഞ്ഞില്ല. ഉമ്മൻചാണ്ടി ഡൊമനിക് പ്രസൻ്റേഷനുമായി സംസാരിച്ച് സാഹചര്യം വിവരിച്ചു എന്നാണ് വിവരം.
കോൺഗ്രസിന്‍റെ ഔദ്യോഗിക ചർച്ചയ്ക്ക് പിന്നാലെ ഉമ തോമസ് തന്നെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എന്ന് ഉറപ്പായി. പി ടി തോമസിനൊപ്പം പാട്ടുപാടി പ്രചാരണവേദികളിൽ പണ്ടേയിറങ്ങിയിട്ടുളള ഉമാ തോമസിനെ തൃക്കാക്കരയിൽ ‘പാട്ടും പാടി’ ജയിപ്പിക്കാം എന്ന കണക്കുകൂട്ടലിലാണ് കോൺഗ്രസ് കളത്തിലിറക്കുന്നത്. കെഎസ്യുവിലൂടെ വിദ്യാർഥി രാഷ്ടീയത്തിൽ സജീവമായിരുന്ന ഉമ, പി ടി തോമസിന്‍റെ സഹധർമിണിയായശേഷമാണ് സജീവ രാഷ്ട്രീയം വിട്ടത്. പതിറ്റാണ്ടുകളായി തൃക്കാക്കരക്കാരിയായ ഉമയ്ക്ക് മണ്ഡലത്തിൽ പരിചയപ്പെടുത്തലുകളും ആവശ്യമില്ല.
കൊച്ചി ആസ്റ്റർ മെഡിസിറ്റിയിലെ ഫിനാൻസ് അസി. മാനേജറാണ് ഉമ തോമസ്. തൃക്കാക്കരയിൽ യുഡിഎഫ് സ്ഥാനാർത്ഥിയാകുന്ന ഉമ തോമസിന്‍റെ നിലവിലെ പ്രൊഫൈൽ ഇതാണെങ്കിലും രാഷ്ടീയാനുഭവങ്ങളുടെ വഴിത്താരയിലൂടെത്തന്നെയാണ് വരവ്. ബി എസ് സി സുവോളജി ബിരുദ ധാരിണിയായ ഉമ, മഹാരാജാസ് കോളജിലെ പഠനകാലത്ത് കെ എസ് യുവിന്‍റെ സജീവ പ്രവർത്തകയായിരുന്നു. 82ൽ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ കെഎസ്‍യുവിന്‍റെ പാനലിൽ നിന്ന് വനിതാ പ്രതിനിധിയായി മത്സരിച്ച് ജയിച്ചു. 84 ൽ കോളേജ് യൂണിയൻ വൈസ് ചെയർപേഴ്സാണായി. അക്കാലത്ത് കെഎസ്‍യു സംസ്ഥാന പ്രസിഡന്‍റായിരുന്ന പി ടി തോമസിനെ പരിചയപ്പെടുന്നത് ഈ വിദ്യാർഥി രാഷ്ടീയ കാലത്താണ്. അധികം വൈകാതെ പിടിയുടെ ജീവിതത്തിന്‍റെ ഭാഗമായി ഉമ മാറി. വിവാഹശേഷം സജീവ രാഷ്ട്രീയം ഉപക്ഷിച്ച ഉമ. പിടി തോമസിന് താങ്ങായും തണലായും എക്കാലുവും ഒപ്പം നടന്നു. പി ടി തോമസിന്‍റെ രാഷ്ടീയ ജീവിതത്തിന്‍റെ ഉയർച താഴ്ചകളിൽ കൈപിടിച്ച് കൂടെ നിന്നു. പിടി തോമസ് പ്രചാരണരംഗത്തിറങ്ങിയപ്പോഴെല്ലാം സ്വന്തം നിലയ്ക്ക് വോട്ടുതേടി ഉമയേയും കണ്ടു. ഇടുക്കിയിലും തൊടുപുഴയിലും തൃക്കാക്കരയലും പ്രചാരണവഴികളിൽ സാധാരണ പ്രവർത്തകയായി ഉമ തോമസും ഉണ്ടായിരുന്നു.
അതുകൊണ്ടുതന്നെ തൃക്കാക്കരയ്ക്ക് ഉമ പരിചയപ്പെടുത്തേണ്ടതില്ല. എറണാകുളത്ത് ജനിച്ചുവളർന്ന ഉമയ്ക്ക് ഈ നഗര കേന്ദ്രീകൃത മണ്ഡലത്തിന്‍റെ നാഡീമിടിപ്പുകൾ നന്നായറിയാം. മൂന്ന് പതിറ്റാണ്ടുകാലമായി തൃക്കാക്കര മണ്ഡലത്തിൽപ്പെട്ട പാലാരിവട്ടത്താണ് ഉമ തോമസിന്‍റെ സ്ഥിരതാമസം. തൃക്കാക്കരയുടെ കാര്യത്തിൽ പിടി തോമസിനുണ്ടായിരുന്ന വികസന കാഴ്ചപ്പാടുകൾ പൂർത്തീകരിക്കുകയാണ് ഉമയുടെ സ്വപ്നം. കോൺഗ്രസിനെ ഇതേവരെ കൈവിടാത്ത തൃക്കാക്കര കൈപ്പത്തിചിഹ്നത്തിൽ തന്നെയും കൈപിടിച്ച് കൂടെക്കൂട്ടുമെന്ന് ഉമയും കരുതുന്നു.
