തൃക്കാക്കര രൂപം കൊളളുന്നത് 2008 ലെ മണ്ഡലം പുനര്‍നിര്‍ണയത്തോടെയാണ്. കൊച്ചി കോർപറേഷന്‍റെ  ചില വാര്‍ഡുകളും തൃക്കാക്കര നഗരസഭയും ഉള്‍പ്പെടുന്ന മണ്ഡലമാണിത്

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തിന് പിന്നാലെ സ്ഥാനാർത്ഥി നിർണയത്തിലേക്ക് കടന്ന് കോൺഗ്രസ്. സ്ഥാനാർത്ഥിയെ തീരുമാനിക്കാനുള്ള ഔദ്യോഗിക ചർച്ച നാളെ തിരുവനന്തപുരത്ത് നടക്കും. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പ്രാഥമിക ചർച്ചകളും നാളെ നടക്കും. മണ്ഡലം രുപീകരിച്ച ശേഷം തൃക്കാക്കരയില്‍ നടക്കുന്ന നാലാമത്തെ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേത്.

തൃക്കാക്കര രൂപം കൊളളുന്നത് 2008 ലെ മണ്ഡലം പുനര്‍നിര്‍ണയത്തോടെയാണ്. കൊച്ചി കോർപറേഷന്‍റെ ചില വാര്‍ഡുകളും തൃക്കാക്കര നഗരസഭയും ഉള്‍പ്പെടുന്ന മണ്ഡലമാണിത്. ആദ്യ തെരഞ്ഞെടുപ്പ് നടക്കുന്നത് 2011ലായിരുന്നു. അന്ന് കോൺഗ്രസിന്റെ മുതിര്‍ന്ന നേതാവ് ബെന്നി ബെഹന്നാനിനെതിരെ സിപിഎം നിര്‍ത്തിയത് സ്വന്തം നാട്ടുകാരനായ ഇഎം ഹസൈനാരെ. ബെന്നി ബഹന്നാന് 22406 വോട്ടിന്‍റെ തകര്‍പ്പന്‍ ഭൂരിപക്ഷം നൽകി ജനങ്ങള്‍ സിപിഎമ്മിനെ ഞെട്ടിച്ചു. ബെന്നിക്ക് ലഭിച്ചത് 55.88 ശതമാനം വോട്ടുകൾ. ഹസൈനാർക്ക് 36.87 ശതമാനവും.

പിന്നീട് 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും മണ്ഡലം യുഡിഎഫിനൊപ്പം നിന്നു. കെവി തോമസിന് മണ്‍ഡലം നല്‍കിയ ഭൂരിപക്ഷം 17314 വോട്ടുകള്‍. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് തൃക്കാക്കര സാക്ഷ്യം വഹിച്ചത് 2016 ല്‍. ബെന്നി ബഹന്നാന്‍ തന്നെ സ്ഥാനാര്‍ഥിയാവുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു. പക്ഷെ ഒട്ടനവധി രാഷ്ട്രീയ പിടിമുറുക്കങ്ങൾക്ക് ഒടുവിൽ കോണ്‍ഗ്രസ് പി ടി തോമസിനെ രംഗത്തിറക്കി. മുഖ്യ എതിരാളിയായത് പലവട്ടം എംപിയും എ എല്‍എയുമായി സെബാസ്റ്റ്യൻ പോൾ.

കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങള്‍ മൂലം ഭൂരിപക്ഷം കുറയ്ക്കാനല്ലാതെ മണ്ഡലം പിടിക്കാൻ ഇത്തവണയും സിപിഎമ്മിന് കഴിഞ്ഞില്ല. പി ടി തോമസ് ജയിച്ചത് 11996 വോട്ടുകള്‍ക്ക്. വോട്ടിംഗ് ശതമാനം 45.42. ഇടതുമുന്നണിക്ക് 2011 ലെതു പോലെ 36 ശതമാനം വോട്ടുകള്‍. 2019 ലെ ലോകസഭാ തെരഞ്ഞെടുപ്പിലും മണ്ഡലം യുഡിഎഫിനൊപ്പം നിന്നു.

രാഷ്ട്രീയ അനിശ്ചിത്വത്വങ്ങള്‍ക്ക് ഒന്നും ഇടം നല്കാതെ 2021 ല്‍ പി ടി തോമസ് തന്നെ രണ്ടാം വട്ടവും ഗോദയിലിറങ്ങി. സിപിഎമ്മാകട്ടെ ഇത്തവണ പരീക്ഷണങ്ങള്‍ക് മുതിര്‍ന്നു. പാര്‍ട്ടി പ്രവർത്തകന് പകരം ഡോ ജെ ജേക്കബിനെ സ്ഥാനാർത്ഥിയാക്കി. പക്ഷെ പി ടി തോമസ് ഒരിക്കൽ കൂടി നിയമസഭയുടെ പടികള്‍ ചവിട്ടി. 14329 വോട്ടുകളുടെ ഭൂരിപക്ഷം നേടി. പി ടി തോമസ് 43.68 ശതമാനം വോട്ടുകൾ നേടിയപ്പോള്‍ ഇടതിന് കഴിഞ്ഞ തവണത്തേക്കാള്‍ വോട്ട് വിഹിതം കുറഞ്ഞു. 36 ശതമാനത്തില്‍ നിന്ന് 33.40 ശതമാനത്തിലേക്ക്.

ബിജെപിക്കും മണ്ഡലത്തിൽ കാര്യമായ സ്വാധീനമുണ്ട്. 2011 ല്‍ എന് സജികുമാര്‍ നേടിയത് 5935 വോട്ടുകള്‍. 5.04ശതമാനം . എന്നാല്‍ തൊട്ടടുത്ത തെരഞ്ഞെടുപ്പില്‍ എസ് സജി ഇത് 15.70 ശതമാനമാക്കി ഉയര്‍ത്തി. അന്ന് ലഭിച്ചത് 21247 വോട്ടുകള്‍. 2021 ല്‍ എസ് സജി തന്നെ ബിജെപി സ്ഥാനാർത്ഥിയായി. ലഭിച്ചത് 15218 വോട്ടുകള്‍. 11.32 ശതമാനം വോട്ട്.