Asianet News MalayalamAsianet News Malayalam

Thrikkakkara : തൃക്കാക്കര കയ്യാങ്കളി;സിപിഐയിലെ എം ജെ ഡിക്സനും കോൺഗ്രസ് കൗൺസിലർ സി സി വിജുവും അറസ്റ്റിൽ

ചെയർപേഴ്സന്‍റെ മുറിയുടെ ഒരു പൂട്ട് മാറ്റിയതിനെ ചൊല്ലിയുള്ള അജണ്ടയാണ് കൗൺസിൽ യോഗത്തിലെ കയ്യാങ്കളിക്ക് കാരണമായത്

thrikkakkara nagarasabha issue, two councilors arrested
Author
Thrikkakara, First Published Dec 1, 2021, 10:43 AM IST

തൃക്കാക്കര: തൃക്കാക്കര ന​ഗരസഭയിൽ (thrikkakkara nagarasabha)ഇന്നലെയുണ്ടായ കയ്യാങ്കളിയുമായി ബന്ധപ്പെട്ട് രണ്ടുപേർ അറസ്റ്റിൽ(arrested). സി പി ഐ നേതാവും മുനിസിപ്പാലിറ്റി പ്രതിപക്ഷ ഉപനേതാവുമായ എം ജെ ഡിക്സൻ , കോൺഗ്രസ് കൗൺസിലർ സി സി വിജു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ചെയർപേഴ്സൺ അജിത തങ്കപ്പൻ നൽകിയ പരാതിയിലാണ്  എം ജെ ഡിക്സനെ അറസ്റ്റ് ചെയ്തത്. സ്ത്രീത്വത്തെ അപമാനിച്ചു എന്നത് അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്.

സിപിഎം കൗൺസിലർമാരുടെ പരാതിയിൽ ആണ്  കോൺഗ്രസ് കൗൺസിലർ വിജുവിനെ അറസ്റ്റ‌് ചെയ്തത്. 

ചെയർപേഴ്സന്‍റെ മുറിയുടെ ഒരു പൂട്ട് മാറ്റിയതിനെ ചൊല്ലിയുള്ള അജണ്ടയാണ് കൗൺസിൽ യോഗത്തിലെ കയ്യാങ്കളിക്ക് കാരണമായത്. പൂട്ട് തകർന്നത് ഓണക്കിഴി വിവാദത്തിനിടെയാണ്. വിവാദം കത്തി നിൽക്കെ ചെയ്ർപേഴ്സൻ അജിത തങ്കപ്പൻ അന്ന്  മുറിപൂട്ടി പോയിരുന്നു. പിന്നെ തുറക്കാനായില്ല. ഒടുവിൽ പൂട്ട് പൊളിച്ചാണ് അകത്ത് കയറിയത്. ആ പൂട്ടിന്‍റെ ചെലവും  പണിക്കൂലിയുമായി  8000 രൂപ കൗൺസിൽ അംഗീകരിക്കണമെന്ന അജണ്ടവന്നു. ഇതോടെയാണ് അടി തുടങ്ങിയത്.

പൂട്ട് തകർത്തത് ചെയർപേഴ്സൺ തന്നെയാണെന്നും അതിന്‍റെ ചെലവ് നഗരസഭ അക്കൗണ്ടിൽ നിന്ന് ഈടാക്കാനാകില്ലെന്നുമാണ് പ്രതിപക്ഷം പറയുന്നത്. ഇത് സംബന്ധിച്ച് പ്രതിപക്ഷം നൽകിയ കേസ് പൊലീസ് പരിഗണനയിലുമാണ്. എന്നാൽ പ്രതിപക്ഷം തന്നെയാണ് തന്‍റെ ക്യാബിനിന്‍റെ  പൂട്ടിന്  കേട്പാട് വരുത്തിയതെന്നും  തന്നെ പിന്തുടർന്ന്  വേട്ടയാടുകയാണെന്നും അജിത തങ്കപ്പൻ പറഞ്ഞു.  

സ്ഥിരം സംഘർഷവേദിയായ തൃക്കാക്കര നഗരസഭയ്ക്ക്  കൗൺസിൽ വിളിക്കാൻ ഹൈക്കോടതി പൊലീസ് പ്രൊട്ടക്ഷൻ അനുവദിച്ചിട്ടുണ്ട്.  ഇതൊക്കെ നിലനിൽക്കെയാണ് പൂട്ടിനെചൊല്ലിയുള്ള അടിപിടി. സംഭവത്തിൽ ഭരണ പ്രതിപക്ഷത്തെ 6 കൗൺസിലർമാർ ആശുപത്രിയിൽ ചികിത്സ തേടി.

Follow Us:
Download App:
  • android
  • ios