വിവാദവും പരാതിയുമായി, ഇരിങ്ങാലക്കുടയിലെ സുരേഷ് ഗോപിയുടെ ഫ്ളക്സ് അഴിച്ചു മാറ്റി
ചിത്രം ഉപയോഗിച്ചതിനെതിരെ ഇന്നസെന്റിന്റെ കുടുംബവും എൽഡിഎഫും രംഗത്തെത്തിയിരുന്നു.
തൃശൂര്‍ : മുൻ എംപിയും നടനുമായ ഇന്നസെന്റിന്റെ ചിത്രമുള്ള സുരേഷ് ഗോപിയുടെ ഫ്ളക്സ് അഴിച്ചു മാറ്റി. വിവാദമയതിന് പിന്നാലെ ഇടത് മുന്നണി പരാതി നൽകിയതോടെയാണ് എൻഡിഎ നേതാക്കൾ നേരിട്ടിറങ്ങി ഫ്ലക്സ് നീക്കം ചെയ്തത്. ചിത്രം ഉപയോഗിച്ചതിനെതിരെ ഇന്നസെന്റിന്റെ കുടുംബവും എൽഡിഎഫും രംഗത്തെത്തിയിരുന്നു.
ഇന്നസെന്റിന്റെ ചിത്രം സുരേഷ് ഗോപി പ്രചരണ ബോർഡുകളിൽ വച്ചതിനെതിരെ എൽഡിഎഫ് പരാതി നൽകി. ഇരിങ്ങാലക്കുട മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി പി. മണിയാണ് ജില്ലാ കളക്ടർക്ക് പരാതി നൽകിയത്. മുന്നണിയുടെയോ ഇന്നസെന്റിന്റെ കുടുബത്തിന്റെയോ അനുമതിയില്ലാതെയാണ് ചിത്രം ഫ്ലക്സിൽ ആലേഖനം ചെയ്തത്. ഇതിനെതിരെ ഇന്നസെന്റിന്റെ കുടുബം പരസ്യമായി രംഗത്തുവന്നിരുന്നു. തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയ സുരേഷ് ഗോപിക്കെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്നും, ദുരുപയോഗം ചെയ്ത് സ്ഥാപിച്ച ബോർഡുകൾ മാറ്റണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.