നാടകം ക്രൈസ്തവവിശ്വാസത്തേയും സ്ഥാപനങ്ങളെയും പൊതുസമൂഹത്തിന് മുമ്പിൽ അപഹാസ്യമായി ചിത്രീകരിക്കുന്നതെന്ന് സർക്കുലർ പറയുന്നു. കന്യാസ്ത്രീ മഠങ്ങളെ ചൂഷണ പീഡന കേന്ദ്രങ്ങളാക്കി ചിത്രീകരിക്കുകയാണ് കക്കുകളി എന്ന നാടകമെന്നും അതിരൂപത കുറ്റപ്പെടുത്തുന്നു.
ആലപ്പുഴ: ഫ്രാൻസിസ് നൊറോണയുടെ കഥയെ ആസ്പദമാക്കി ആലപ്പുഴയിലെ നെയ്തൽ നാടക സംഘം അവതരിപ്പിക്കുന്ന "കക്കുകളി" എന്ന നാടകത്തിനെതിരെ ഇടവകകൾക്ക് സർക്കുലർ പുറപ്പെടുവിച്ച് തൃശൂർ അതിരൂപത. ഞായറാഴ്ച ഇടവകകളിൽ പ്രതിഷേധം നടത്താനും തിങ്കളാഴ്ച കളക്ട്രേറ്റ് മാർച്ച് നടത്താനുമാണ് ആഹ്വാനം.
നാടകം ക്രൈസ്തവവിശ്വാസത്തേയും സ്ഥാപനങ്ങളെയും പൊതുസമൂഹത്തിന് മുമ്പിൽ അപഹാസ്യമായി ചിത്രീകരിക്കുന്നതെന്ന് സർക്കുലർ പറയുന്നു. കന്യാസ്ത്രീ മഠങ്ങളെ ചൂഷണ പീഡന കേന്ദ്രങ്ങളാക്കി ചിത്രീകരിക്കുകയാണ് കക്കുകളി എന്ന നാടകമെന്നും അതിരൂപത കുറ്റപ്പെടുത്തുന്നു.
അന്താരാഷ്ട്ര നാടകോത്സവത്തിലും ഗുരുവായൂർ നഗരസഭയുടെ സർഗോത്സവത്തിലും ഈ നാടകം അവതരിപ്പിച്ചിരുന്നു. പൊതുഖജനാവിൽ നിന്ന് ഫണ്ട് ചെലവാക്കി ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ ക്രൈസ്തവവിശ്വാസത്തേയും സന്യസ്തരേയും വികലമായി ചിത്രീകരിക്കുന്നത് എതിർക്കപ്പെടേണ്ടതാണെന്നും അതിരൂപതാ വികാരി ജനറാൾ ജോസ് വല്ലൂരാൻ പുറപ്പെടുവിച്ചിച്ച സർക്കുലറിൽ പറയുന്നു.
അതേസമയം നാടകം ഇതിനകം 15 വേദികൾ അവതരിപ്പിച്ചു കഴിഞ്ഞെന്നും ഇപ്പോൾ പ്രതിഷേധം വരുന്നത് എന്തുകൊണ്ടെന്ന് മനസിലാവുന്നില്ലെന്നും സംവിധായകൻ ജോബ് മഠത്തിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇപ്പോൾ നടക്കുന്ന വിവാദങ്ങളിൽ വിഷമമുണ്ട്. വിവാദമല്ല സംവാദമാണ് നാടകം മുന്നോട്ട് വയ്ക്കുന്നതെന്നും കലയുടെ ധർമ്മം പുഴുക്കുത്തുകളെ തുറന്നുകാട്ടുക എന്നുള്ളതാണെന്നും നാടകവുമായി മുന്നോട്ട് പോകുമെന്നും സാംസ്കാരിക സമൂഹം കൂടെ നിൽക്കുമെന്നാണ് പ്രതീക്ഷയെന്നും ജോബ് മഠത്തിൽ വ്യക്തമാക്കി.