തൃശ്ശൂർ: തൃശൂര്‍ കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസ് വിമതൻ മേയറാകും. എം കെ വര്‍ഗീസിന് ആദ്യത്തെ രണ്ട് വര്‍ഷം മേയര്‍ സ്ഥാനം നല്‍കാനാണ് എല്‍ഡിഎഫില്‍ ധാരണയായിരിക്കുന്നത്. സിപിഎമ്മിൻ്റെ രാജശ്രീ ഗോപൻ ഡെപ്യൂട്ടി മേയറാകും.

ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്തിന് വിരാമം. കോര്‍പ്പറേഷനില്‍ തുടര്‍ഭരണം ഉറപ്പാക്കാൻ കോണ്‍ഗ്രസ് വിമതന് മുന്നില്‍ എല്‍ഡിഎഫ് മുട്ടുമടക്കി. അഞ്ച് വര്‍ഷവും മേയറാക്കണമെന്നായിരുന്നു വിമതൻ്റെ ആദ്യത്തെ നിലപാട്. ഇത് ഒരുതരത്തിലും അംഗീകരിക്കില്ലെന്ന് സിപിഎം അറിയിച്ചപ്പോള്‍ രണ്ട് വര്‍ഷമായി ചുരുക്കി. പക്ഷെ ആദ്യത്തെ രണ്ട് വര്‍ഷം തന്നെ വേണമെന്ന് വിമതൻ നിലപാട് കടുപ്പിച്ചപ്പോള്‍ ചര്‍ച്ചകള്‍ വഴിമുട്ടി. ഇതിനിടെ യുഡിഎഫും വിമതനെ ഒപ്പം കൂട്ടാൻ ശ്രമം തുടങ്ങി.

വിമതന് മുന്നില്‍ സിപിഎം പൂര്‍ണായി കീഴടങ്ങണോയെന്ന് പാര്‍ട്ടിയില്‍ ഒരു വിഭാഗം സംശയം പ്രകടിപ്പിച്ചു. എന്നാല്‍ ഏതുവിധേനയും തുടര്‍ഭരണം ഉറപ്പാക്കാനായിരുന്നു സംസ്ഥാന ഘടകത്തിൻ്റെ നിര്‍ദേശം. തുടര്‍ന്ന് മന്ത്രി എ സി മൊയ്തീൻ ഉള്‍പ്പെടെയുളള സിപിഎം നേതാക്കള്‍ എം കെ വര്‍ഗീസുമായി വീണ്ടും കൂടിക്കാഴ്ച നടത്തി ധാരണയിലെത്തുകയായിരുന്നു. ഇത് മൂന്നാം തവണയാണ് എല്‍ഡിഎഫിന് തൃശൂര്‍ കോര്‍പ്പറേഷൻ ഭരണം കിട്ടുന്നത്