ചിയാരത്ത്: തൃശൂർ ചീയാരത്ത് യുവാവ് പെട്രോളൊഴിച്ച് കൊലപ്പെടുത്തിയ നീതുവിന്‍റെ മൃതദേഹം സംസ്കരിച്ചു. സുഹൃത്തുക്കളും സഹപാഠികളും ജനപ്രതിനിധികളും ഉൾപ്പെടെ നിരവധി പേരാണ് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്.അതേസമയം പ്രതി നിതീഷിനെ ഇന്ന്  കോടതിയില്‍ ഹാജരാക്കും.

പോസ്റ്റുമോര്‍ട്ടത്തിന് ശേഷം തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന നീതുവിന്‍റെ മൃതദേഹം രാവിലെയാണ് വീട്ടിലെത്തിച്ചത്. പൊതുദർശനത്തിന് ശേഷം 10 മണിയോടെ സംസ്കാരചടങ്ങുകള്‍ക്കായി പാറമേക്കാവ് ശാന്തിഘട്ടിലേക്ക് കൊണ്ടു പോയി. ബിടെക് വിദ്യാര്‍ത്ഥിനിയായ 22 വയസുകാരി നീതുവിനെ കഴിഞ്ഞ ദിവസമാണ് വീട്ടിലെത്തിയ പ്രതി നിതീഷ് കഴുത്തില്‍ കത്തികൊണ്ട് കുത്തുകയും പെട്രോളൊഴിച്ച് തീകൊളുത്തുകയും ചെയ്തത്.

നീതുവിന്‍റെ ശരീരത്തില്‍ അഞ്ച് ഇടങ്ങളിലാണ് കത്തി കൊണ്ട് കുത്തേറ്റത്. ആക്രമണത്തിന് ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നീതുവിന്‍റെ വീട്ടുകാര്‍ പിടിച്ചുകെട്ടി പൊലീസില്‍ ഏല്‍പ്പിക്കുയായിരുന്നു. നീതുവിനെ കൊലപ്പെടുത്തിയ ശേഷം ബാഗിലുളള വിഷം കഴിച്ച് ആത്മഹത്യ ചെയ്യാനായിരുന്നു പ്രതിയുടെ പദ്ധതി. പ്രണയബന്ധത്തിലെ പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതി മൊഴി നൽകിയിട്ടുണ്ട്.

ബി ടെക് വിദ്യാർത്ഥിനി ആയിരുന്നു നീതു. കുട്ടിയുടെ അമ്മ വര്‍ഷങ്ങള്‍ക്കു മുമ്പ് മരിച്ചതാണ്. നിതീഷ് വീട്ടിൽ അതിക്രമിച്ച് കടന്നതാകാനാണ് സാധ്യതയെന്നു കരുതുന്നു. ബൈക്കിലാണ് അക്രമി എത്തിയത്. പെൺകുട്ടിയുടെ നിലവിളി കേട്ട് അയൽവാസികൾ ഓടിയെത്തുകയായിരുന്നു. ശരീരം ഭൂരിഭാഗവും കത്തിയമർന്ന നിലയിലായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.