പൂരപ്രേമികള്‍ പരിമിതമായ സ്ഥലത്തു നിന്ന് പൂരം ആസ്വദിക്കുമ്പോഴാണ് വി.ഐ.പി പവലിയന്റെ പേരില്‍ സ്ഥലം കളയുന്നതെന്ന് ദേവസ്വങ്ങൾ.

തൃശൂര്‍: തൃശൂര്‍ പൂരം ഏറ്റവും മികവോടെ നടത്താന്‍ പ്രാഥമിക അവലോകന യോഗത്തില്‍ തീരുമാനിച്ചെന്ന് സംഘാടകര്‍.. കുടമാറ്റം കാണുന്നതിനായി തെക്കേഗോപുര നടയില്‍ നിര്‍മിക്കുന്ന വി.ഐ.പി പവലിയന്‍ വേണ്ടെന്ന് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം പ്രതിനിധികള്‍ ആവശ്യപ്പെട്ടു. പവലിയന്‍ സ്ഥാപിക്കുന്നത് സ്ഥല പരിമിതി ഉണ്ടാക്കുന്നു. പൂരം ആസ്വാദകര്‍ക്ക് കുടമാറ്റം കാണുന്നത് തടസപ്പെടുത്തുന്നുവെന്നും പ്രതിനിധികള്‍ പറഞ്ഞു. 

വിദേശ, വിനോദ സഞ്ചാരികളെ അടക്കം ലക്ഷ്യമിട്ടുള്ളതാണ് വി.ഐ.പി പവലിയന്‍. എന്നാല്‍ വളരെ കുറച്ചു പേര്‍ മാത്രമാണ് വിദേശ വിനോദ സഞ്ചാരികളായി എത്തുന്നതെന്നും നാട്ടിലെ വി.ഐ.പികളാണ് പവലിയനില്‍ കയറി ഇരിക്കുന്നതെന്നും ദേവസ്വങ്ങള്‍ ചൂണ്ടിക്കാട്ടി. പൂരപ്രേമികള്‍ പരിമിതമായ സ്ഥലത്തു നിന്ന് പൂരം ആസ്വദിക്കുമ്പോഴാണ് വി.ഐ.പി പവലിയന്റെ പേരില്‍ സ്ഥലം കളയുന്നത്. കഴിഞ്ഞ പൂരത്തിന് സാധാരണയില്‍ കവിഞ്ഞ വലുപ്പത്തിലാണ് പൂരം പവലിയന്‍ സ്ഥാപിക്കാന്‍ ശ്രമിച്ചത്. ഇത് ഏറെ വിമര്‍ശനത്തിനിടയാക്കിയെന്നും ദേവസ്വം പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.

യോഗത്തില്‍ മന്ത്രിമാരായ കെ. രാധാകൃഷ്ണന്‍, കെ. രാജന്‍ എന്നിവര്‍ പങ്കെടുത്തു. കലക്ടര്‍ വി.ആര്‍. കൃഷ്ണതേജ, ജില്ലാ പൊലീസ് മേധാവിമാര്‍, റവന്യു അഗ്നിരക്ഷാസേനാ വിഭാഗങ്ങള്‍, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രതിനിധികള്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു. പൂരം ഒരുക്കങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി. വിവിധ അനുമതികള്‍ ആവശ്യമുള്ളവ അവസാനനിമിഷത്തിലേക്ക് മാറ്റിവയ്ക്കരുതെന്നും അധികൃതര്‍ നിര്‍ദേശിച്ചു.

'സംസ്ഥാനത്തിന് കേന്ദ്രത്തിന്റെ പ്രത്യേക സാമ്പത്തിക സഹായം'; പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതെന്ന് മന്ത്രി

YouTube video player