കെട്ടിടങ്ങളിൽ നിന്ന് വെടിക്കെട്ട് കാണേണ്ടവർ രണ്ട് മണിക്കൂർ മുൻപ് ഇവിടങ്ങളിൽ എത്തിച്ചേരണമെന്നും നിർദ്ദേശത്തിൽ പറയുന്നു

തൃശ്ശൂർ: തൃശൂർ പൂരം വെട്ടിക്കെട്ട് കാണാൻ നിയന്ത്രണത്തിൽ ഇളവ്. സ്വരാജ് റൗണ്ടിൽ കാണികളെ അനുവദിക്കാത്ത സാഹചര്യത്തിൽ സ്വരാജ് റൗണ്ടിലെ കെട്ടിടങ്ങൾക്ക് മുകളിൽ നിന്ന് വെടിക്കെട്ട് കാണാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. ഇവിടെ 144 കെട്ടിടങ്ങൾക്ക് ബലക്ഷയമുണ്ട്. ഇവയിൽ കയറരുതെന്നും നിർദ്ദേശമുണ്ട്. പൊലീസും ദേവസ്വം ബോർഡും ചേർന്ന് നടത്തിയ ചർച്ചയിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്. ഈ കെട്ടിടങ്ങളിൽ നിന്ന് വെടിക്കെട്ട് കാണേണ്ടവർ രണ്ട് മണിക്കൂർ മുൻപ് ഇവിടങ്ങളിൽ എത്തിച്ചേരണമെന്നും നിർദ്ദേശത്തിൽ പറയുന്നു.

സാമ്പിള്‍ വെടിക്കെട്ടിന് പൂര നഗരി ഒരുങ്ങുമ്പോഴാണ് സ്വരാജ് റൗണ്ടില്‍ കാണികളെ അനുവദിക്കാനാവില്ലെന്ന നിലപാട് കണ്‍ട്രോളര്‍ ഓഫ് എക്സ്പ്ലോസീവ് കേരള മേധാവി ഡോ. പി കെ റാണ ആവര്‍ത്തിച്ചത്. നൂറുമീറ്റര്‍ പരിധി സുപ്രീംകോടതി നിര്‍ദ്ദേശമാണ്. അത് ലംഘിക്കാനാവില്ലെന്നും കണ്‍ട്രോളര്‍ വിശദീകരിച്ചു. സ്വരാജ് റൗണ്ടില്‍ തന്നെ നൂറുമീറ്റര്‍ പരിധിക്കപ്പുറമുള്ള സ്ഥലമുണ്ടെന്നും അവിടെ കാണികളെ അനുവദിക്കണമെന്നുമായിരുന്നു പാറമേക്കാവിന്‍റെ നിലപാട്. പെസ പ്രതിനിധികള്‍ വൈകുന്നേരം വെടിക്കെട്ട് നടക്കുന്ന തേക്കിന്‍ കാട് മൈതാനത്ത് പരിശോധനയ്ക്ക് എത്തുന്നുണ്ട്. തീരുമാനത്തില്‍ പെസ ഉറച്ചു നിന്നാല്‍ സ്വരാജ് റൗണ്ടില്‍ കാണികളുണ്ടാവില്ല.