Asianet News MalayalamAsianet News Malayalam

പുലിക്കളി ആവേശത്തിലാറാടാൻ തൃശ്ശൂർ; ഒരുക്കങ്ങൾ പൂർത്തിയായി, മെയ്യെഴുത്ത് തുടങ്ങി

അഞ്ചു സംഘങ്ങളിലായി 250 പുലി കലാകാരന്മാരാണ് ഇത്തവണ സ്വരാജ് റൗണ്ട് കീഴടക്കാൻ ഇറങ്ങുക. ഒരു സംഘത്തില്‍ 35 മുതല്‍ 51 വരെ പുലികളുണ്ടാവും.

Thrissur Puli kali to be held today
Author
First Published Sep 11, 2022, 7:22 AM IST

തൃശ്ശൂർ: തൃശ്ശൂർ നഗരത്തെ ആവേശത്തിൽ ആറാടിക്കാൻ സ്വരാജ് റൗണ്ടിൽ ഇന്ന് പുലികൾ ഇറങ്ങും. പുലി കളിക്കുള്ള ഒരുക്കങ്ങൾ രാവിലെ അഞ്ചു മണിക്ക് തന്നെ തുടങ്ങി. മെയ്യെഴുത്ത് ആരംഭിച്ചു. വിയ്യൂർ ദേശമാണ് ആദ്യം മെയ്യെഴുത്ത് തുടങ്ങിയത്. കാനാട്ടുകര, അയ്യന്തോള്‍, പൂങ്കുന്നം, ശക്തന്‍ എന്നിവിടങ്ങളിലും പുലിമെയ്യെഴുത്ത് 6 മണിയോടെ തുടങ്ങി. അഞ്ചു സംഘങ്ങളിലായി 250 പുലി കലാകാരന്മാരാണ് ഇത്തവണ സ്വരാജ് റൗണ്ട് കീഴടക്കാൻ ഇറങ്ങുക. ഒരു സംഘത്തില്‍ 35 മുതല്‍ 51 വരെ പുലികളുണ്ടാവും. നടുവിലാല്‍ ഗണപതിക്ക് തേങ്ങയുടച്ചാണ് പുലിക്കളി തുടങ്ങുക.

എലിസബത്ത് രാജ്ഞിയുടെ മരണത്തില്‍  ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുള്ളതിനാൽ  തൃശ്ശൂരില്‍ പുലിക്കളി മാറ്റി വച്ചേക്കുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും ഇന്നു തന്നെ നടത്താൻ തൃശ്ശൂരിലെ സംഘങ്ങൾ ഇന്നലെ തീരുമാനിച്ചിരുന്നു. അതേസമയം ഔദ്യോഗിക ചടങ്ങുകൾ ഒഴിവാക്കിയിട്ടുണ്ട്. മുൻ നിശ്ചയിച്ച പ്രകാരം പുലിക്കളി നടത്തുകയാണെങ്കിൽ ഔദ്യോഗിക പങ്കാളിത്തം ഉണ്ടാകില്ലെന്ന് ജില്ലാ കളക്ടർ സംഘങ്ങളെ നേരിട്ട് അറിയിച്ചിരുന്നു. തീരുമാനമെടുക്കാൻ സംഘങ്ങളോട് തന്നെ ജില്ലാ ഭരണകൂടം നിർദേശിക്കുകയും ചെയ്തു. മിക്ക പുലിക്കളി സംഘങ്ങളും പുലിവേഷം കെട്ടുന്നതിലുള്ള ഛായം അരയ്ക്കുന്ന ജോലി തുടങ്ങിയിരുന്നു. പുലിവേഷം കെട്ടുന്നതിനായി നൽകിയ മുൻകൂർ തുക അടക്കം വലിയ സംഖ്യ ഇപ്പോൾ തന്നെ മുടക്കി കഴിഞ്ഞു. ഈ സാഹചര്യത്തിൽ മാറ്റിവയ്ക്കുന്നത് ഭീമമായ നഷ്ടമുണ്ടാക്കുമെന്ന് വിലയിരുത്തലിലാണ് പുലിക്കളിയുമായി മുന്നോട്ടുപോകാൻ സംഘങ്ങൾ തീരുമാനിച്ചത്. അഞ്ച് സംഘങ്ങളിലായി ഇരുന്നൂറ്റി അമ്പതിലധികം പുലിക്കളി കലാകാരന്മാരാണ് പങ്കെടുക്കുന്നത്. അകമ്പടിയായി 35 വാദ്യകലാകാരന്മാർ വീതമുളള മേളവും ടാബ്ലോയും ഉണ്ടാകും.

കഴിഞ്ഞ രണ്ടു തവണയും കൊവിഡിൽ മുങ്ങിയ പുലിക്കളി ഇക്കുറി വിപുലമായി നടത്താൻ സംഘാടകർ തീരുമാനിച്ചിരുന്നു. ഇതിന്റെ ഒരുക്കങ്ങളെല്ലാം പൂർത്തിയായ ഘട്ടത്തിലാണ് എലിസബത്ത് രാജ്ഞിയുടെ മരണത്തെ തുടർന്നുള്ള ഔദ്യോഗിക ദു-ഖാചരണത്തിന്റെ പശ്ചാത്തലത്തിൽ പുലിക്കളി മാറ്റി വയ്ക്കേണ്ടി വരുമോ എന്ന് ആശങ്ക ഉയർന്നത്. ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുള്ളതിനാൽ ഞായറാഴ്ച ഔദ്യോഗിക പരിപാടികൾ ഉണ്ടാകില്ലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു. 

Follow Us:
Download App:
  • android
  • ios