Asianet News MalayalamAsianet News Malayalam

കോടികളുടെ വിലമതിക്കുന്ന സ്വർണ്ണം ലേലം ചെയ്തത് നിസാര തുകയ്ക്ക്; തൃശ്ശൂർ അർബൻ കോർപ്പറേറ്റീവ് ബാങ്കിനെതിരെ പരാതി

വ്യാജ ഒപ്പുകൾ ഉപയോഗിച്ച് ലേലത്തിൽ ആളുകളെ പങ്കെടുപ്പിച്ചെന്നും, ജനറൽ മാനേജർക്കും ചെയർമാനും, ഒരു ഭരണ സമിതി അംഗത്തിനുമെതിരെ പൊലീസ് അന്വേഷണം നടത്തണമെന്നും, സഹകരണ വിജിലൻസ് ശുപാർശ ചെയ്തു. 

Thrissur urban co operative bank accused of violating guidelines for auction
Author
Thrissur, First Published Aug 26, 2021, 8:02 AM IST

തൃശ്ശൂർ: കോൺഗ്രസ് ഭരണ സമിതിയുടെ നേതൃത്വത്തിൽ ഉള്ള തൃശ്ശൂർ അർബൻ കോർപ്പറേറ്റീവ് ബാങ്കിൽ സ്വർണ്ണം ലേലം ചെയ്യുന്നതിൽ ഗുരുതര ക്രമക്കേടെന്ന് ആരോപണം. യഥാർത്ഥ വിലയേക്കാൾ വളരെ കുറവ് തുകയ്ക്ക് സ്വർണ്ണം ലേലം ചെയ്തതായും, ഉടമയെ ലേലത്തിൽ പ്രവേശിപ്പിച്ചില്ലെന്നുമാണ് ചുങ്കം സ്വദേശി ചന്ദ്രികയുടെ പരാതി. സഹകരണ നിയമങ്ങൾ ലംഘിച്ചുള്ള ലേലമാണ് ബാങ്കിൽ നടന്നതെന്ന് സഹകരണ
രജിസ്ട്രാറുടെ റിപ്പോർട്ടും പുറത്തുവന്നു. 

2014 ലാണ് ചന്ദ്രിക 3429ഗ്രാം സ്വർണ്ണം 74 ലക്ഷം രൂപക്ക് തൃശ്ശൂർ അർബൻ കോർപ്പറേറ്റീവ് ബാങ്കിൽ പണയം വച്ചത്. അടവ് മുടങ്ങിയതോടെ ബാങ്ക് സ്വർണ്ണം ലോലത്തിന് വച്ചു. ലേലത്തിൽ പങ്കെടുത്ത് സ്വർണ്ണം വീണ്ടെടുക്കാൻ ശ്രമിച്ചപ്പോൾ ലേലത്തിൽ ബാങ്ക് അധികൃതർ പങ്കെടുക്കാൻ അനുവദിച്ചില്ലെന്നാണ് ആരോപണം. ബാങ്കിലുള്ള ചിലർ ബിനാമികളെ ഇറക്കി യഥാർത്ഥ വിലയേക്കാൾ കുറവിന് സ്വർണ്ണം നേടിയെടുത്തെന്നും ഈ തട്ടിപ്പ് പതിവാണെന്നുമാണ് ആരോപണം. 

ലേലത്തിൽ നഷ്ടം വന്നതായി ചൂണ്ടിക്കാട്ടി 26 ലക്ഷം രൂപ ബാങ്ക് ആവശ്യപ്പെട്ടിട്ടുണ്ട്. ഇപ്പോൾ സ്വർണവും പോയി വീടും പോകും എന്ന സ്ഥിതിയാണ്. കഴിഞ്ഞയാഴ്ചയാണ് വീടിന്റെ ജപ്തി നോട്ടീസ് കിട്ടിയത്. 

സംഭവത്തിൽ സഹകരണ രജിസ്ട്രാർ നടത്തിയ അന്വേഷണത്തിൽ വൻ ക്രമക്കേടാണ് ലേലത്തിൽ കണ്ടെത്തിയത്. ലേലം നടന്നതിന് കൃത്യമായ മിനിറ്റ്സ് ഇല്ല. വ്യാജ ഒപ്പുകൾ ഉപയോഗിച്ച് ലേലത്തിൽ ആളുകളെ പങ്കെടുപ്പിച്ചെന്നും, ജനറൽ മാനേജർക്കും ചെയർമാനും, ഒരു ഭരണ സമിതി അംഗത്തിനുമെതിരെ പൊലീസ് അന്വേഷണം നടത്തണമെന്നും, സഹകരണ വിജിലൻസ് ശുപാർശ ചെയ്തു. 

അതേസമയം ബാങ്ക് അധികൃതർ ആരോപണങ്ങൾ നിഷേധിച്ചു. എല്ലാം ചട്ടപ്രകാരം മാത്രമാണെന്നും, നഷ്ടം സംഭവിച്ചതിനാലുമാണ് ജപ്തി നടപടികളിലേക്ക് നീങ്ങുന്നത് എന്നുമാണ് ബാങ്കിന്റെ വിശദീരകണം. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

 

 

Follow Us:
Download App:
  • android
  • ios