രാവിലെ ആറ് മണിക്ക് വീട്ടിൽ നിന്നാണ് ചാലിശ്ശേരി പൊലീസ് ഷാനിബിനെ കൊണ്ടു പോയത്.

പാലക്കാട് : മുഖ്യമന്ത്രിയുടെ സന്ദർശനത്തിന്റെ ഭാഗമായി പാലക്കാട് തൃത്താലയിൽ കരുതൽ തടങ്കൽ. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എകെ ഷാനിബിനെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിലാക്കിയത്. രാവിലെ ആറ് മണിക്ക് വീട്ടിൽ നിന്നാണ് ചാലിശ്ശേരി പൊലീസ് ഷാനിബിനെ കൊണ്ടു പോയത്. സിആർപിസി വകുപ്പ് 151 പ്രകാരമുള്ള കരുതൽ തടങ്കൽ ആണെന്നാണ് ചാലിശ്ശേരി പൊലീസിന്റെ വിശദീകരണം. ഷാനിബിനെ കൂടാതെ മറ്റ് മൂന്ന് പേരെ കൂടി കരുതൽ തടങ്കലിലാക്കിയിട്ടുണ്ട്. 

അതേ സമയം, മുഖ്യമന്ത്രിയെത്തുന്നത് പ്രമാണിച്ച് സുരക്ഷയൊരുക്കലിന്റെ ഭാഗമായി കണ്ണൂരിൽ യൂത്ത് ലീ നേതാവിനെയും കരുതൽ തടങ്കലിലാക്കി. യൂത്ത് ലീഗ് പ്രവർത്തകൻ ഷബീർ എടയന്നൂരിനെയാണ് മട്ടന്നൂർ പൊലീസ് കരുതൽ തടങ്കലിൽ എടുത്തത്. കീഴല്ലൂർ പഞ്ചായത്ത് മെമ്പറാണ് ഷബീർ. ഉച്ചയോടെ മട്ടന്നൂർ വിമാനത്താവളത്തിൽ ഹെലികോപ്റ്ററിൽ ഇറങ്ങുന്ന മുഖ്യമന്ത്രി റോഡ് മാർഗമാണ് തലശ്ശേരി എത്തുക. വഴിയിൽ പ്രതിഷേധമുണ്ടാകുമെന്ന സുചനയിലാണ് യൂത്ത് ലീഗ് പ്രവർത്തകനെ കരുതൽ തടങ്കലിൽ എടുത്തത്. 

YouTube video player