തിരുവനന്തപുരം: സൗത്ത് തുമ്പയിൽ സംഘർഷത്തിനിടെ ഒരാൾ കുഴഞ്ഞ് വീണ് മരിച്ച സംഭവത്തിൽ രണ്ട് പേരെ തുമ്പ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രദേശവാസികളായ ജോസ്, ജൂ‍ഡ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. മറ്റ് പ്രതികൾ ഒളിവിലാണ്. ഇവർക്കായി തെരച്ചിൽ തുടരുന്നു. 

തിരുവനന്തപുരം സൗത്ത് തുമ്പയിൽ ഇരു വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിനിടയിൽ ഇന്നലെ ഒരാൾ കുഴഞ്ഞ് വീണ് മരിച്ചിരുന്നു. വലിയ വേളി,സൗത്ത് തുമ്പ തൈവിളാകം ഹൗസിൽ മേരി ആണ് മരിച്ചത്. 65 വയസായിരുന്നു.

രാത്രി എട്ട് മണിയോടു കൂടിയാണ് സംഘർഷമുണ്ടായത്. രണ്ട് പേർ തമ്മിലുള്ള വാക്കേറ്റം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു എന്നാണ് തുമ്പ പോലീസ് പറയുന്നത്. സംഘർഷത്തിൽ ഉൾപ്പെട്ടവർ പലരും ബന്ധുക്കളായതിനാൽ പിടിച്ചു മാറ്റാൻ എത്തിയതായിരുന്നു മേരി. ഹൃദ്രോഗിയായ മേരി സംഭവ സ്ഥലത്തു കുഴഞ്ഞു വീഴുകയായിരുന്നു. പൊലീസാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. സംഘർഷത്തിൽ പരിക്കേറ്റ മൂന്നുപേർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലാണ്.