Asianet News MalayalamAsianet News Malayalam

വയനാട് ഏറ്റുമുട്ടൽ: മാവോയിസ്റ്റ് സംഘത്തിൽ ആറ് പേർ, കൊല്ലപ്പെട്ടത് തമിഴ്നാട് സ്വദേശി ?

പരിക്കേറ്റയാളുമായി മാവോയിസ്റ്റുകൾക്ക് അധികം ദൂരം സഞ്ചരിക്കാനാവില്ലെന്ന നിഗമനത്തിൽ തണ്ടർ ബോൾട്ട് സംഘം വനത്തിനുള്ളിൽ ഇപ്പോഴും തെരച്ചിൽ തുടരുകയാണ്. 

Thunder bolt killed one maoist in wayanad in encounter
Author
Wayanad, First Published Nov 3, 2020, 1:46 PM IST

മാനന്തവാടി: വയനാട് പടിഞ്ഞാറേത്തറയിലെ ബാണാസുര വനമേഖലയിൽ പൊലീസ് നടത്തിയ വെടിവെപ്പിൽ മാവോയിസ്റ്റ് കൊല്ലപ്പെട്ടു. ഇന്ന് രാവിലെയാണ് സംഭവം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇയാൾ തമിഴ്നാട് സ്വദേശിയാണെന്ന് സംശയമുണ്ട്. കേരള പൊലീസിൻ്റെ സായുധസേനാ വിഭാഗമായ തണ്ടർബോൾട്ടാണ് മാവോയിസ്റ്റ് സംഘവുമായി ഏറ്റുമുട്ടിയത്. 

പടിഞ്ഞാറത്തറ, ബാണാസുര വനമേഖലയിൽ മീൻമുട്ടി വെള്ളച്ചാട്ടത്തിന് അടുത്താണ് ഏറ്റുമുട്ടൽ നടന്നത്. കൊവിഡിനെ തുടർന്ന് നിർജീവമായ വനത്തിനുള്ളിലെ പട്രോളിംഗ് സമീപകാലത്താണ് തണ്ടർബോൾട്ട് പുനരാരംഭിച്ചത്. ഇങ്ങനെ വനത്തിനുള്ളിൽ പരിശോധന നടത്തി വരികയായിരുന്ന തണ്ടർബോൾട്ട് സംഘത്തിന് മുന്നിലേക്ക് ഇന്ന് രാവിലെ ആറ് പേരടങ്ങിയ മാവോയിസ്റ്റ് സംഘം എത്തുകയായിരുന്നു.

പരിശോധനയ്ക്കിടെ മാവോയിസ്റ്റ് സംഘം വെടിവെച്ചെന്നും തുടർന്ന് തണ്ടർബോൾട്ട് സംഘം തിരിച്ചടിച്ചുവെന്നുമാണ് പൊലീസിൻ്റെ ഔദ്യോഗിക വിലയിരുത്തൽ. ഏറ്റുമുട്ടലിൽ മരിച്ചയാൾക്ക് 35 വയസ്സ് തോന്നിക്കും. മാവോയിസ്റ്റുകളുടേതെന്ന് കരുതുന്ന ഒരു റൈഫിൾ സംഭവസ്ഥലത്ത് നിന്ന് പോലിസ് കണ്ടെടുത്തിട്ടുണ്ട്. മാവോയിസ്റ്റ് സംഘത്തിലുണ്ടായിരുന്ന മറ്റൊരാൾക്ക് തണ്ടർബോൾട്ടിൻ്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റെന്ന് വിവരമുണ്ട്. 

പരിക്കേറ്റയാളുമായി മാവോയിസ്റ്റുകൾക്ക് അധികം ദൂരം സഞ്ചരിക്കാനാവില്ലെന്ന നിഗമനത്തിൽ തണ്ടർ ബോൾട്ട് സംഘം വനത്തിനുള്ളിൽ ഇപ്പോഴും തെരച്ചിൽ തുടരുകയാണ്. വെടിവെപ്പ് നടന്ന സ്ഥലത്തേക്ക് കൂടുതൽ മാവോയിസ്റ്റുകളും പൊലീസ് ഉദ്യോഗസ്ഥരും എത്തിയിട്ടുണ്ട്. അതേസമയം സംഭവസ്ഥലത്തേക്ക് മാധ്യമങ്ങളേയോ നാട്ടുകാരേയോ കടത്തിവിടാൻ പൊലീസ് ഇതുവരെ തയ്യാറായിട്ടില്ല. വനത്തിലേക്കുള്ള എല്ലാ പാതകളും പൊലീസ് ഇതിനോടകം അടച്ചു കഴിഞ്ഞു. കൊല്ലപ്പെട്ട മാവോയിസ്റ്റിൻ്റെ  ഇൻക്വസ്റ്റ് നടപടി ആരംഭിച്ചിട്ടുണ്ട്. ഇതിനായി റവന്യൂ സംഘം സ്ഥലത്തെത്തി. സബ് കലക്ടർ വികൽപ്പ് ഭരദ്വാജിൻ്റെ നേതൃത്വത്തിലുള്ള  ഉദ്യോഗസ്ഥ സംഘമാണ് സ്ഥലത്തെത്തിയത്.

കഴിഞ്ഞ ഏതാനും മാസങ്ങളായി വെള്ളമുണ്ട - പടിഞ്ഞാറത്തറ വനമേഖലകളിൽ മാവോയിസ്റ്റ് സാന്ധിധ്യമുണ്ട്. പലപ്പോഴും വനത്തോട് ചേർന്ന ജനവാസ മേഖലകളിലേയും ആദിവാസി കോളനികളിലേയും വീടുകളിലെത്തി മാവോയിസ്റ്റുകൾ ഭക്ഷ്യവസ്തുക്കളാവശ്യപ്പെട്ടിരുന്നു. മാവോയിസ്റ്റുകളുടെ സായുധവിഭാഗമായ കബനീദളമാണ് ഈ മേഖലയിൽ നിലയിറപ്പിച്ചിരുന്നത്. ഈ സംഘത്തിൽപ്പെട്ടവരോടാണ് മാവോയിസ്റ്റുകൾ ഏറ്റുമുട്ടിയതെന്നാണ് കരുതുന്നത്. 

കർണ്ണാടകത്തിൽ നിന്നുള്ള ജയണ്ണ, സുരേഷ് എന്നീ പ്രമുഖ മാവോയിസ്റ്റുകൾ നേതൃത്വം നൽകുന്ന സേനയാണ് കബനിദളം രണ്ട്. രണ്ടര വർഷം മുൻപാണ് ഇവർ മേഖലയിൽ സജീവമായത്. വയനാടിനൊപ്പം കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി, വിലങ്ങാട് മേഖലയും ഇവരുടെ പ്രവർത്തന കേന്ദ്രമാണ്. ഏഴ് പേരാണ് ഈ സംഘത്തിലുള്ളതെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിൻ്റെ അറിവ്. ഇന്ന് ഏറ്റുമുട്ടൽ നടക്കുമ്പോൾ ആറ് പേരെ കണ്ടു എന്നാണ് തണ്ടർബോൾട്ട് നൽകുന്ന വിവരം. 

വയനാട്ടിലെ മാവോയിസ്റ്റ് ഏറ്റുമുട്ടലിനെ അപലപിച്ച് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്തെത്തി. ഈ സർക്കാർ അധികാരത്തിലെത്തിയ ശേഷം പത്ത് വ്യാജ ഏറ്റുമുട്ടലുകൾ ഉണ്ടായെന്ന് കെപിസിസി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ഈ വ്യാജ ഏറ്റുമുട്ടലുകളെ കുറിച്ച് അന്വേഷണം വേണമെന്നും മുല്ലപ്പള്ളി കൊല്ലത്ത് ആവശ്യപ്പെട്ടു

ഏറ്റുമുട്ടലുണ്ടായ സ്ഥലത്തേക്ക് മാധ്യമ പ്രവർത്തകരെ കടത്തി വിടാത്തതിനെതിരെ മനുഷ്യാവകാശ പ്രവർത്തകർ രംഗത്ത് എത്തി. സംഭവം വ്യാജ ഏറ്റുമുട്ടലെന്ന് സംശയിക്കുന്നതായി പോരാട്ടം സംസ്ഥാന കൺവീനർ ഷാൻ്റോ ലാൽ പറഞ്ഞു.പരിക്കേറ്റ ആരെങ്കിലും തണ്ടർബോൾട്ടിൻ്റെ  കസ്റ്റഡിയിലുണ്ടെങ്കിൽ വൈദ്യ സഹായം ഉറപ്പു വരുത്തണമെന്നും ഷാൻ്റോ ലാൽ ആവശ്യപ്പെട്ടു. 

Follow Us:
Download App:
  • android
  • ios