തുരുത്തിക്കര: സെമിത്തേരിയെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന്‌ ദളിത്‌ക്രൈസ്‌തവ സ്‌ത്രീയുടെ ശവസംസ്‌കാരം നീണ്ടുപോയ സംഭവത്തില്‍ അനിശ്ചിതത്വങ്ങള്‍ക്ക്‌ വിരാമമായി. കൊല്ലം തുരുത്തിക്കര സ്വദേശിയായ അന്നമ്മയുടെ ശവസംസ്‌കാരം വ്യാഴാഴ്‌ച്ച രാവിലെ ജെറുസലേം മാര്‍ത്തോമാ പള്ളി സെമിത്തേരിയില്‍ നടക്കും. തര്‍ക്കത്തെത്തുടര്‍ന്ന്‌ 28 ദിവസമാണ്‌ അന്നമ്മയുടെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കേണ്ടി വന്നത്‌.

തുരുത്തിക്കരയിലെ ജെറുസലേം മാര്‍ത്തോമാ പള്ളി സെമിത്തേരി മാലിന്യപ്രശ്‌നം ഉണ്ടാക്കുന്നെന്ന്‌ ആരോപിച്ച്‌ ശാസ്‌താംകോട്ട സ്വദേശി രാജേഷിന്റെ നേതൃത്വത്തില്‍ ഒരു സംഘം ആളുകള്‍ എതിര്‍പ്പുമായി രംഗത്തെത്തിയതോടെയാണ്‌ അന്നമ്മയുടെ ശവസംസ്‌കാരം മുടങ്ങിയത്‌. സംഭവം വിവാദമായതോടെ വിഷയത്തില്‍ കോടതി നിര്‍ദേശപ്രകാരം ജില്ലാകലക്ടര്‍ ഇടപെട്ടു. സെമിത്തേരിക്ക്‌ ചുറ്റുമതില്‍ കെട്ടാനും കല്ലറ കോണ്‍ക്രീറ്റ്‌ ചെയ്യാനുമുള്ള നിര്‍ദേശമാണ്‌ സമവായത്തിന്‌ കലക്ടര്‍ മുന്നോട്ട്‌ വച്ചത്‌. പള്ളി ഇടവകയുടെ സാമ്പത്തിക പരാധീനത കണക്കിലെടുത്ത്‌ ചുറ്റുമതില്‍ കെട്ടുന്ന കാര്യത്തില്‍ പിന്നീട്‌ ഇളവ്‌ അനുവദിക്കുകയും ചെയ്‌തു.

Read Also: രണ്ടാഴ്‌ച്ചയിലധികം നീണ്ട അനിശ്ചിതത്വം, ഒടുവില്‍ പ്രശ്‌നപരിഹാരം; അന്നമ്മയ്‌ക്ക്‌ പള്ളിസെമിത്തേരിയില്‍ തന്നെ അന്ത്യവിശ്രമം

കല്ലറ കോണ്‍ക്രീറ്റ്‌ ചെയ്‌താലും 14 ദിവസങ്ങള്‍ക്ക്‌ ശേഷമേ ശവസംസ്‌കാരം നടത്താവൂ എന്ന നിബന്ധനയും ഒത്തുതീര്‍പ്പ്‌ ചര്‍ച്ചയുടെ ഭാഗമായി ഉണ്ടായിരുന്നു. ഇതനുസരിച്ച്‌ ചൊവ്വാഴ്‌ച്ചയാണ്‌ 14 ദിവസം പൂര്‍ത്തിയായത്‌. തുടര്‍ന്നാണ്‌ വ്യാഴാഴ്‌ച്ച അന്നമ്മയുടെ ശവസംസ്‌കാരം നടത്താന്‍ ധാരണയായത്‌. 28 ദിവസം കൊല്ലത്തെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം ബുധനാഴ്‌ച്ച വൈകുന്നേരത്തോടെ വീട്ടിലെത്തിക്കും. തുടര്‍ന്ന്‌ വ്യാഴാഴ്‌ച്ച രാവിലെ ഒമ്പത്‌ മണിയോടെ സംസ്‌കാരച്ചടങ്ങുകള്‍ നടക്കും. സംഘര്‍ഷസാധ്യത നിലനില്‍ക്കുന്നതിനാല്‍ ചടങ്ങുകള്‍ക്ക്‌ പൊലീസ്‌ സംരക്ഷണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അന്നമ്മയുടെ ചെറുമകന്‍ രാഹുല്‍ ഏഷ്യാനെറ്റ്‌ ന്യൂസ്‌ ഓണ്‍ലൈനോട്‌ പറഞ്ഞു.

Read Also: ശ്മശാനത്തെച്ചൊല്ലി തര്‍ക്കം: ദളിത് ക്രൈസ്തവ സ്ത്രീയുടെ മൃതദേഹം പതിമൂന്ന് ദിവസമായി മോര്‍ച്ചറിയില്‍