Asianet News MalayalamAsianet News Malayalam

നാസിൽ അബ്‍ദുള്ളയ്‍ക്കെതിരെ ക്രിമിനൽ കേസ് കൊടുക്കാൻ തുഷാർ വെള്ളാപ്പള്ളി

ഗൂഢാലോചനയും കൃത്രിമരേഖ ചമയ്ക്കലും ഉൾപ്പടെയുള്ള കുറ്റങ്ങൾ ചുമത്തിയാകും പരാതി നൽകുക. ആരാണ് നാസിലിന് ചെക്ക് കൊടുത്തതെന്ന് മനസ്സിലായെന്നും തൽക്കാലം പരാതി കൊടുക്കുന്നതിനാൽ പേര് പറയുന്നില്ലെന്നും തുഷാർ. 

thushar vellappally to file a criminal complaint against nasil abdulla
Author
Ajman - United Arab Emirates, First Published Sep 11, 2019, 1:26 PM IST

അജ്മാൻ: തനിക്കെതിരെ ചെക്ക് കേസ് നൽകിയ വ്യവസായി നാസിൽ അബ്ദുള്ളയ്‍ക്കെതിരെ ക്രിമിനൽ കേസ് നൽകാൻ ഒരുങ്ങി ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. ഗൂഢാലോചനയും കൃത്രിമരേഖ ചമയ്ക്കലും ഉൾപ്പടെയുള്ള കുറ്റങ്ങൾ ആരോപിച്ചാകും പരാതി നൽകുക. നാസിൽ നൽകിയ ചെക്ക് കേസിൽ ആദ്യം തുഷാറിനെ അജ്മാൻ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് വിശ്വാസ്യയോഗ്യമായ തെളിവുകളില്ലാത്തതിനാൽ അജ്മാൻ കോടതി ഹർജി തള്ളിക്കളഞ്ഞിരുന്നു. 

ഇതിന് പിന്നാലെയാണ് നാസിലിനെതിരെ ക്രിമിനൽ കേസ് നൽകാൻ തുഷാർ ഒരുങ്ങുന്നത്. ഏകദേശം മൂന്ന് മുതൽ അഞ്ച് വർഷം വരെ തടവുശിക്ഷയും നാടുകടത്തലും ലഭിക്കാവുന്ന കുറ്റങ്ങളാണ് നാസിലിനെതിരെ തുഷാർ പരാതിയിൽ ആരോപിക്കുന്നത്. 

ആരാണ് നാസിലിന് ചെക്ക് കൊടുത്തതെന്ന് മനസ്സിലായെന്നും തൽക്കാലം പരാതി കൊടുക്കുന്നതിനാൽ പേര് പറയുന്നില്ലെന്നും തുഷാർ വ്യക്തമാക്കി. 

''ഇത് കൃത്രിമരേഖ ഉണ്ടാക്കിയ കേസാണ്. എന്‍റെ അറിവില്ലാതെ മറ്റൊരാളുടെ പക്കൽ നിന്ന് ചെക്ക് വാങ്ങിയിട്ടാണ് എനിക്കെതിരെ കേസ് നൽകുന്നത്. ഇതിൽ ഗൂഢാലോചനയുണ്ട്. ഒമ്പത് മുതൽ പത്ത് വർഷക്കാലം മുന്നേയുള്ള, നിരോധിക്കപ്പെട്ട ചെക്ക് കൊണ്ട് പോയി, അങ്ങനെയൊരു അക്കൗണ്ടില്ലെന്ന് എഴുതിവാങ്ങി, ഇങ്ങനൊരു കേസ് എനിക്കെതിരെ കെട്ടിച്ചമയ്ക്കുകയായിരുന്നു. 

യുഎഇയിലെ നിയമസംവിധാനങ്ങൾ വച്ച് ഇത് വളരെ ഗുരുതരമായ കുറ്റമാണ്. യുഎഇയിലെ സുതാര്യമായ നിയമസംവിധാനത്തിന്‍റെ അടിസ്ഥാനത്തിലാണ് എനിക്ക് 20 ദിവസം കൊണ്ട് തന്നെ നീതി കിട്ടിയത്'', തുഷാർ പറയുന്നു.

ഇത്തരമൊരു കേസിന് പിന്നിൽ നാസിലല്ലാതെ മറ്റാരെങ്കിലുമുണ്ടോ എന്ന ചോദ്യത്തിന് കേസിൽ തീർച്ചയായും ഗൂഢാലോചനയുണ്ട് എന്നാണ് തുഷാർ മറുപടി നൽകിയത്. തന്‍റെ ലെറ്റർ ഹെഡ് എടുത്തു കൊണ്ടുപോയി, അതിൽ കത്ത് ടൈപ്പ് ചെയ്ത് വ്യാജരേഖയുണ്ടാക്കിയാണ് കേസ് നൽകിയത്. രേഖയിൽ ഫൊറൻസിക് പരിശോധന നടത്തിയാൽ അത് തെളിയുമെന്നും തുഷാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

Follow Us:
Download App:
  • android
  • ios