Asianet News MalayalamAsianet News Malayalam

പുലിപ്പേടിയിൽ സീതത്തോട്; കൊച്ചുകോയിക്കലിൽ 5 ആടുകളെ കൊന്നു

മുമ്പും പല തവണ മേഖലയിൽ പുലിയുടെ സാന്നിധ്യം ഉണ്ടായതായി നാട്ടുകാർ, പിടകൂടാൻ കെണി സ്ഥാപിക്കണമെന്ന് ആവശ്യം

Tiger fear in Seethathode, Pathanamthitta
Author
Seethathode, First Published Jul 21, 2022, 11:24 AM IST

പത്തനംതിട്ട: പത്തനംതിട്ടയിലെ സീതത്തോട് പഞ്ചായത്തിലെ കൊച്ചുകോയിക്കലിൽ പുലി ഇറങ്ങിയതായി സംശയം. അഞ്ച് ആടുകളെ പുലി കൊന്നതായി നാട്ടുകാർ വ്യക്തമാക്കി. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരുടെ ആടുകളെയാണ് പുലി പിടിച്ചത്. നേരത്തെയും പല തവണ ഇവിടെ പുലിയുടെ സാന്നിധ്യം ഉണ്ടായിരുന്നു. ആറ് മാസം മുമ്പ് വനംവകുപ്പ് സ്ഥാപിച്ച കെണിയിൽ ഒരു പുലി കുടുങ്ങിയിരുന്നു. വീണ്ടും പുലി ഇറങ്ങിയതോടെ നാട്ടുകാർ ഭീതിയിലാണ്. വനംവകുപ്പിനെതിരെ നാട്ടുകാർ രംഗത്തെത്തി. കെണി സ്ഥാപിച്ച് പുലിയെ പിടികൂടണമെന്നാണ് ഇവരുടെ ആവശ്യം. പരിശോധിച്ച ശേഷം നടപടി എടുക്കുമെന്ന് വനം വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

ബത്തേരിയിൽ ആശ്വാസം, നാട്ടുകാരുടെ ഉറക്കം കെടുത്തിയ കടുവ ഒടുവിൽ കുടുങ്ങി

വയനാട് ബത്തേരി വാകേരിയിൽ ഭീതിപരത്തിയ കടുവ കഴി‍‍ഞ്ഞ ദിവസം വനംവകുപ്പ് സ്ഥാപിച്ച കൂടിൽ അകപ്പെട്ടിരുന്നു. കക്കടംകുന്ന് ഏദൻവാലി എസ്റ്റേറ്റിൽ സ്ഥാപിച്ച കൂട്ടിലാണ് 13 വയസുള്ള പെൺ കടുവ കുടുങ്ങിയത്. കടുവയെ ബത്തേരിയിലെ മൃഗ പരിപാലന കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.
 
ബത്തേരി മേഖലയിൽ നിരവധി വളർത്തു മൃഗങ്ങളെ കൊന്ന് ഭീതി പരത്തിയ കടുവയാണ് കഴി‍ഞ്ഞ ദിവസം വനം വകുപ്പിന്‍റെ പിടിയിലായത്. ഈ മാസം 12 ന് കക്കടംകുന്ന് ഏദൻവാലി എസ്റ്റേറ്റിൽ കടുവയെത്തി വളർത്തു നായയെ കൊന്നിരുന്നു. പിന്നീടാണ് എസ്റ്റേറ്റിനുള്ളിൽ കടുവാ കൂടും നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചത്. ഇന്ന് രാവിലെ വീണ്ടും എസ്റ്റേറ്റിനുള്ളിലെത്തിയ കടുവ  വനം വകുപ്പ് ഒരുക്കിയ കെണിയിൽ അകപ്പെട്ടു.  13 വയസ് പ്രായമുള്ള പെൺകടുവയ്ക്ക്  കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് വനം വകുപ്പ് അറിയിച്ചു. കടുവയെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് എസ്റ്റേറ്റിലെ ജീവനക്കാർ പണിമുടക്കിലായിരുന്നു.

 

Follow Us:
Download App:
  • android
  • ios