തൃശൂർ ദേശീയ പാതയിൽ റോങ് സൈഡിൽ വന്ന ടിപ്പർ ലോറിയിൽ നിന്ന് കണ്ണനും കുടുംബവും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. 142 തവണ നിയമലംഘനത്തിന് പിഴ ചുമത്തപ്പെട്ട ലോറിയാണിത്.

കൊച്ചി: റോങ് സൈഡ് കയറി വന്ന ലോറി ഡ്രൈവറുടെ അശ്രദ്ധ കൊണ്ട് ഉണ്ടാകാമായിരുന്ന വലിയൊരു അപകടത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട ആശ്വാസത്തിലാണ് തൃപ്പൂണിത്തുറ സ്വദേശി കണ്ണനും കുടുംബവും. ദേശീയ പാതയിൽ നിർമാണം പൂർത്തിയായ തൃശൂർ പുന്നയൂർ ഭാഗത്ത് ഈ മാസം 24 നായിരുന്നു സംഭവം. കോഴിക്കോട് ഭാഗത്തേക്കുള്ള വാഹനങ്ങൾക്ക് പോകാനുള്ള അതിവേഗ ട്രാക്കിലൂടെയാണ് ലോഡ് നിറച്ച ടിപ്പർ ലോറി എതിർ ദിശയിലൂടെ കയറി വന്നത്. നിയമലംഘനങ്ങൾക്ക് 142 തവണ പിഴ ചുമത്തപ്പെട്ട ടിപ്പർ ലോറിയാണ് ഇതെന്ന് മോട്ടോർ വാഹന വകുപ്പിന്‍റെ രേഖകൾ വ്യക്തമാക്കുന്നു.

"മലപ്പുറത്തേക്ക് പോവുകയായിരുന്നു. പെട്ടെന്നാണ് ഒരു വണ്ടി നേരെ മുൻപിൽ അതേ ലൈനിൽ എതിർദിശയിൽ നിന്ന് വന്നത്. പരിഭ്രാന്തനായിപ്പോയി. ഭാര്യയും കുട്ടിയും അമ്മയുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ശരിക്കും നിലവിളിച്ചുപോയി. വാഹനം ഒരു വശത്തേക്ക് ഒതുക്കി റിലാക്സ് ചെയ്തിട്ടേ എടുക്കാനായുള്ളൂ"- കണ്ണൻ പറഞ്ഞു. തലനാരിഴയ്ക്ക് വലിയൊരു അപകടമാണ് ഒഴിവായത്.

റോങ് സൈഡ് ഡ്രൈവിങിൽ കർശന നടപടിക്ക് നിർദേശം

ദേശീയപാതയിലെ റോങ് സൈഡ് ഡ്രൈവിങിൽ കര്‍ശന നടപടിക്ക് നിര്‍ദേശം നല്‍കി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണർ. അലക്ഷ്യമായി വാഹനം ഓടിച്ച ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കും. ടിപ്പര്‍ ലോറിയുടെ പെർമിറ്റ് റദ്ദാക്കാനും നടപടിയെടുക്കും. നടപടികളുടെ ഭാഗമായി ആര്‍സി ഉടമയ്ക്ക് ഉടന്‍ നോട്ടീസ് നല്‍കുമെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ സി എച്ച് നാഗരാജു വ്യക്തമാക്കി.

YouTube video player