തിരുവനന്തപുരം: ടൈറ്റാനിയം അഴിമതി കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുൻ ജീവനക്കാരൻ ഹൈക്കോടതിയെ സമീപിച്ചു. എസ് ജയൻ എന്നയാളാണ് ഹർജി നൽകിയിരിക്കുന്നത്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 120 കോടിയുടെ അഴിമതി നടന്നുവെന്നാണ് പരാതി. സംഭവത്തിൽ സംസ്ഥാന സർക്കാർ സിബിഐ അന്വേഷണം നിർദ്ദേശിച്ചിരുന്നുവെങ്കിലും സിബിഐ കേസെടുത്തിരുന്നില്ല. ഇതുവരെ കേസ് ഏറ്റെടുക്കാത്ത സിബിഐ നടപടിക്കെതിരെയാണ് ഹർജി നൽകിയിരിക്കുന്നത്. ഹര്‍ജി നാളെ പരിഗണിക്കും.

ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, വി കെ ഇബ്രാഹിം കുഞ്ഞ് അടക്കമുള്ള യുഡിഎഫ് നേതാക്കൾ ആരോപണം നേരിടുന്ന ടൈറ്റാനിയം അഴിമതിക്കേസ് വിജിലന്‍സ് ശുപാര്‍ശയെ തുടര്‍ന്നാണ് സര്‍ക്കാര്‍ സിബിഐക്ക് വിട്ടത്. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയും ഇബ്രാഹിംകുഞ്ഞ് വ്യവസായ മന്ത്രിയുമായിരിക്കുമ്പോഴാണ് ടൈറ്റാനിയത്തിൽ മാലിന്യ സംസ്‍കരണ പ്ലാന്‍റ് സ്ഥാപിക്കാൻ തീരുമാനമെടുത്തത്.

ടൈറ്റാനിയം കമ്പനിയിൽ മാലിന്യ സംസ്‍കരണ പ്ലാന്‍റ് സ്ഥാപിക്കുന്നതിനായി ഫിൻലാന്‍റ് ആസ്ഥാനമായി കെമൻറോ ഇക്കോ-പ്ലാനിംഗ് എന്ന കമ്പനിയിൽ നിന്നും 256 കോടിയുടെ ഉപകരണങ്ങള്‍ വാങ്ങാനായിരുന്നു കരാർ. 86 കോടിയുടെ അഴിമതി നടന്നുവെന്നായിരുന്നു വിജിലൻസ് കണ്ടെത്തൽ. പ്ലാന്‍റ് സ്ഥാപിക്കാനായി ഇറക്കുമതി ചെയ്ത ഒരു ഉപകരണം പോലും സ്ഥാപിച്ചില്ല.