ഇന്നത്തെ പ്രധാനപ്പെട്ട വാർത്തകൾ ഒറ്റനോട്ടത്തിലറിയാം... ചുവടെ
1എകെ ആന്‍റണിയുടെ മകൻ അനിൽ ആന്‍റണി ബിജെപിയില്‍ ചേര്‍ന്നു; പിയൂഷ് ഗോയലിൽ നിന്ന് അംഗത്വം സ്വീകരിച്ചു
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്‍റണിയുടെ മകന്‍ അനില്‍ ആന്‍റണി ബിജെപിയില്‍ ചേര്‍ന്നതാണ് ഇന്നത്തെ പ്രധാനവാർത്തകളിലൊന്ന്. ബിജെപി ദേശീയ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കേരളത്തിലെ നേതാക്കളുടെ സാന്നിധ്യത്തില്‍ മന്ത്രി പിയൂഷ് ഗോയല്‍ അനിലിന് അംഗത്വം നല്‍കി. ഒരു കുടുംബത്തിന് വേണ്ടി നിലകൊള്ളുന്ന കോൺഗ്രസിന് ഭാവിയില്ലെന്നും, രാജ്യത്തിനായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് ബിജെപിയെന്നുമായിരുന്നു അംഗത്വം സ്വീകരിച്ച ശേഷമുള്ള അനില്‍ ആന്‍റണിയുടെ ആദ്യ പ്രതികരണം. ധര്‍മ്മത്തെ രക്ഷിച്ചാല്‍ ധര്‍മ്മം നമ്മെ രക്ഷിക്കുമെന്ന സംസ്കൃത ശ്ലോകം ചൊല്ലിയായിരുന്നു അനിലിന്‍റെ ബിജെപി പ്രവേശം. താന്‍ ബിജെപിയില്‍ ചേര്‍ന്നത് കൊണ്ട് എ കെ ആന്‍റണിക്ക് ഒരു കോട്ടവുമുണ്ടാകില്ലെന്നും അനില്‍ ന്യായീകരിച്ചു. രാജ്യത്തിന് വേണ്ടി നിലകൊണ്ടതു കൊണ്ടുമാത്രം അനില്‍ ആന്‍റണി കോണ്‍ഗ്രസില്‍ ആക്രമിക്കപ്പെട്ടുവെന്ന് മന്ത്രി പിയൂഷ് ഗോയലും പറഞ്ഞു.
മകൻ അനിൽ ആന്റണി ബിജെപിയിൽ ചേരാനെടുത്ത തീരുമാനം വേദനയുണ്ടാക്കിയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണി. അനിലിന്റേത് തികച്ചും തെറ്റായ തീരുമാനമായിപ്പോയെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. രാജ്യത്തിന്റെ ആണിക്കല്ല് മതേതരത്വവും ബഹുസ്വരതയുമാണ്. ഇവ ദുർബലപ്പെടുത്തുന്നതാണ് ബിജെപി നയം. എല്ലാ രംഗത്തും ഏകത്വം നടപ്പാക്കാനുള്ള ശ്രമം നടക്കുന്നു. സമുദായ സൗഹാർദ്ദം ശിഥിലമാകുന്നു. താൻ അവസാനശ്വാസം വരെയും ബിജെപിക്കും ആർഎസ്എസിനെതിരെ ശബ്ദമുയർത്തുമെന്നും അതിൽ യാതൊരു സംശയവുമില്ലെന്നും ആന്റണി കൂട്ടിച്ചേർത്തു. ഇന്ദിരാ ഗാന്ധിയെയും കോൺഗ്രസ് കുടുബത്തോടുമുള്ള ആദരവ് എടുത്ത് പറഞ്ഞാണ് എകെ ആന്റണി സംസാരിച്ചത്. അവസാന ശ്വാസം വരെ ഞാൻ കോൺഗ്രസുകാരനായിരിക്കും. അനിലുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഞാൻ മാധ്യമങ്ങൾക്ക് മുന്നിൽ സംസാരിക്കില്ലെന്നും ഇത് ആദ്യത്തേയും അവസാനത്തേയും വാർത്താ സമ്മേളനമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
3ആന്റണിയുടെ പ്രസ്താവന മകൻ ശിരസാ വഹിച്ചു, പകലും രാത്രിയും ബിജെപിക്കാരനായി: എംവി ഗോവിന്ദൻ
എകെ ആന്റണിയുടെ പ്രസ്താവന ശിരസാ വഹിച്ചാണ് അനിൽ ആന്റണി ബിജെപിയിൽ ചേർന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ പരിഹാസം. രാത്രി ആർഎസ്എസ് ആയവർ കോൺഗ്രസിൽ വേണ്ടെന്ന ആന്റണിയുടെ പ്രസ്താവന മകൻ തന്നെ ശിരസാ വഹിച്ചു. പകലും രാത്രിയും ബിജെപി ആയി പ്രവർത്തിക്കാൻ അനിൽ ആന്റണി തീരുമാനിച്ചുവെന്നും എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു. കോൺഗ്രസിന് അധമ സംസ്കാരമാണെന്നാണ് അനിൽ ആന്റണി പറഞ്ഞത്. രാഹുൽ ഗാന്ധിക്കെതിരെയും അനിൽ ആന്റണി വിമർശനം ഉന്നയിച്ചു. എന്നാൽ പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി അധ്യക്ഷൻ കെ സുധാകരനും ഇദ്ദേഹത്തിനെതിരെ ഒന്നും പറഞ്ഞില്ല. ആർഎസ്എസിനെതിരെയും ഇവർ ഒന്നും പറഞ്ഞില്ല. എന്തുകൊണ്ടാണ് ഇങ്ങനെ നിലപാട് സ്വീകരിക്കുന്നതെന്ന് കോൺഗ്രസുകാർ തന്നെ സംശയിക്കുന്നു. വേണമെങ്കിൽ ബിജെപിയിൽ പോകുമെന്ന് പറഞ്ഞ ആളെയാണ് കെപിസിസി പ്രസിഡന്റാക്കിയതെന്നും ഗോവിന്ദൻ ചൂണ്ടികാട്ടി.
എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തതാണ് മറ്റൊരു പ്രധാന വാർത്ത. മഞ്ഞപ്പിത്തം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് പ്രതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കരള് പ്രവർത്തനത്തിൽ ചെറിയ പ്രശ്നങ്ങളുണ്ടെന്നും സ്ഥിരീകരിച്ചു. രക്ത പരിശോധനയിൽ ചില കാര്യങ്ങളിൽ സംശയമുണ്ടായതിനാലാണ് പ്രതിക്ക് വീണ്ടും വിശദമായ പരിശോധന നടത്തിയത്. പ്രതിയുടെ ശരീരത്തിലേറ്റ മുറിവുകളുടെയും പൊള്ളലിന്‍റെയും പഴക്കം ഡോക്ടർമാരുടെ സംഘം നേരത്തെ പരിശോധിച്ചിരുന്നു. അതേസമയം എലത്തൂരിൽ ട്രെയിനിൽ വെച്ച് പെട്രോളൊഴിച്ച് തീയിട്ട സംഭവത്തിൽ പരസ്പരവിരുദ്ധമായ മൊഴികളാണ് പ്രതി ഷാറൂഖ് സെയ്ഫി നൽകുന്നത്. തനിക്ക് പ്രേരണയായത് മറ്റൊരാൾ നൽകിയ ഉപദേശമെന്ന് അറസ്റ്റിലായ ഷാരൂഖ് സെയ്ഫി മഹാരാഷ്ട്രാ എടിഎസിനോട് പറഞ്ഞതെങ്കിലും തന്റെ കുബുദ്ധിയാണ് എല്ലാമെന്നാണ് കേരള പൊലീസിനോട് വ്യക്തമാക്കിയത്. അതേസമയം കോടതിയിൽ നാളെ ഹാജരാക്കാനാകുമോ എന്നാണ് പൊലീസ് നോക്കുന്നത്.
5ട്രെയിൻ തീവയ്പ്പ്; കേരള പൊലീസിന്റേത് മാപ്പര്‍ഹിക്കാത്ത ജാഗ്രതക്കുറവെന്ന് വി ഡി സതീശന്‍
എലത്തൂര്‍ ട്രെയിൻ തീവയ്പ്പ് കേസിലെ പ്രതിയെ പിടികൂടുന്നതില്‍ കേരള പൊലീസിന്‍റെ ഭാഗത്ത് വലിയ വീഴ്ചയുണ്ടായെന്ന് കുറ്റപ്പെടുത്തി ഇന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ രംഗത്തെത്തി. അതേ ട്രെയിനില്‍ തന്നെ പ്രതി യാത്ര ചെയ്തിട്ടും പിടികൂടാനായില്ല. പ്രതിക്ക് രക്ഷപ്പെടാന്‍ അവസരമൊരുക്കുന്നതിന് തുല്യമായിരുന്നു പൊലീസിന്‍റെ പ്രവര്‍ത്തികള്‍. വാഹനം തകരാറിലായതോടെ പ്രതിയുമായി ഒന്നരമണിക്കൂര്‍ റോഡില്‍ കാത്തുനിന്നത് കേസിനെ എത്രമാത്രം ലാഘവത്തോടെയാണ് കൈകാര്യം ചെയ്യുന്നത് എന്നതിന്‍റെ തെളിവാണ്. പ്രതിയെ പിടികൂടിയത് കേരളാ പൊലീസാണെന്ന മുഖ്യമന്ത്രിയുടെ വാക്ക് കേട്ട് പൊതുസമൂഹം ചിരിക്കുമെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു.
ചിന്നക്കനാലിൽ വീണ്ടും അരിക്കൊമ്പന്‍റെ ആക്രമണം. 301 കോളനിയിൽ അരിക്കൊമ്പൻ വീട് തകർക്കുകയായിരുന്നു. വീടിന്റെ അടുക്കളയും ഷെഡുമാണ് അരിക്കൊമ്പൻ തകർത്തത്. വി ജെ ജോർജ് എന്നയാളുടെ വീടാണ് തകർത്തത്. അയൽവാസികളും വനപാലകരും ചേർന്ന് ആനയെ തുരത്തുകയായിരുന്നു. തകര ഷീറ്റുകൾ താഴെ വീഴുന്ന ശബ്ദം കേട്ട് സമീപവാസികൾ എത്തിയാണ് കാട്ടാനയെ തുരത്തിയത്. ജോർജ്ജും കുടുംബവും ആശുപത്രിയിൽ പോയിരുന്നതിനാൽ വീട്ടിൽ ആരുമുണ്ടായിരുന്നില്ല. അരിക്കൊമ്പനും പിടിയാനയും രണ്ടു കുട്ടിയാനകളുമടങ്ങുന്ന സംഘമാണ് 301 ലെത്തിയത്. ആർആർടിയും വാച്ചർമാരുമെത്തി കാട്ടാനക്കൂട്ടത്തെ സമീപത്തെ വനത്തിലേക്ക് ഓടിച്ചു. അതേസമയം, അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നതിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്.
7ജോലിക്കിടെ പൊതുജനമധ്യത്തിൽ നൃത്തം ചെയ്തു; ഇടുക്കി ശാന്തൻപാറ അഡീഷണൽ എസ് ഐക്ക് സസ്പെൻഷൻ
ഇടുക്കി ശാന്തൻപാറ അഡീഷണൽ എസ് ഐ കെ സി ഷാജിയെ സസ്പെൻഡ് ചെയ്തു. ജോലിക്കിടെ പൊതുജനമധ്യത്തിൽ നൃത്തം ചെയ്തതിനാണ് സസ്പെൻഷൻ. എസ്റ്റേറ്റ് പൂപ്പാറയിലെ ക്ഷേത്ര ഉത്സവ ഡ്യൂട്ടിക്കിടെയാണ് സംഭവം. കെ സി ഷാജി നൃത്തം ചെയ്യുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. തുടർന്ന് ശാന്തൻപാറ സിഐ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചു. എറണാകുളം റേഞ്ച് ഡിഐജി ആണ് സസ്പെൻഡ് ചെയ്തത്.
8അദാനി വിഷയത്തിൽ പ്രതിപക്ഷ ബഹളം; ലോക്സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു
അദാനി വിവാദത്തില്‍ പാര്‍ലമെന്‍റില്‍ പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ സംയുക്ത പാര്‍ലമെന്‍ററി സമിതി അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധിച്ചു. ബഹളത്തെ തുടര്‍ന്ന് ലോക്‌സഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു. പാര്‍ലമെന്‍റ് സമ്മേളനത്തിന്‍റെ അവസാന ദിനം ലോക് സഭയിലെത്തിയ പ്രധാനമന്ത്രിയെ പ്രതിപക്ഷം നേരിട്ടത് മോദി അദാനി ഭായ് ഭായ് വിളികളുമായാണ്. അദാനിയുമായി ബന്ധപ്പെട്ടുയര്‍ന്ന ആരോപണങ്ങള്‍ക്ക് മറുപടിയില്ലേയെന്നും പ്രതിപക്ഷം ചോദിച്ചു. കറുത്ത വസ്ത്രത്തില്‍ പ്രതിഷേധമറിയിച്ച എംപിമാര്‍ പ്ലക്കാര്‍ഡുകളും, മുദ്രാവാക്യവുമായി സ്പീക്കരുടെ ഇരിപ്പിടത്തിനടുത്തെത്തി പ്രതിഷേധിച്ചു. ജനാധിപത്യ മര്യാദയില്ലാതെ പ്രതിപക്ഷം പെരുമാറുന്നുവെന്ന് സ്പീക്കർ കുറ്റപ്പെടുത്തി. സ്പീക്കറുടെ ശകാരത്തിന് ശേഷവും പ്രതിപക്ഷ പ്രതിഷേധം തുടര്‍ന്നു. ബഹളത്തില്‍ സഭ മുങ്ങിയതോടെ അനിശ്ചിതകാലത്തേക്ക് പിരിച്ചുവിട്ടതായി സ്പീക്കര്‍ പ്രഖ്യാപിച്ചു.
എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ട രാഹുൽ ഗാന്ധി വയനാട്ടുകാർക്ക് എഴുതിയ കത്ത് വീടുകളിൽ വിതരണം ചെയ്ത് തുടങ്ങി. അഞ്ച് ദിവസത്തിനുള്ളിൽ മണ്ഡലത്തിലെ മുഴുവൻ വീടുകളിലും കത്ത് എത്തിക്കാനുള്ള ശ്രമത്തിലാണ് യുഡിഎഫ് പ്രവർത്തകർ. എല്ലാ പ്രതിസന്ധികളെയും ഒറ്റക്കെട്ടായി അതിജീവിച്ച് മുന്നോട്ടു നടക്കണമെന്ന് രാഹുൽ ഗാന്ധി വയനാട്ടിലേക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു. അതിനിടെ രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ എം പി ഓഫീസിന്‍റെ ടെലിഫോൺ, ഇന്റർനെറ്റ് കണക്ഷനുകൾ ബി എസ് എൻ എൽ വിച്ഛേദിച്ചു. രാഹുൽ ഗാന്ധി എം പി സ്ഥാനത്ത് നിന്ന് അയോഗ്യനായതോടെയാണ് നടപടിയെന്ന് ബി എസ് എൻ എൽ അറിയിച്ചു.
10വായ്പക്കാർക്ക് ആശ്വാസം! റിപ്പോ ഉയരില്ല, നിരക്ക് വർധന താൽക്കാലികമായി നിർത്തി എംപിസി
റിപ്പോ നിരക്കിൽ വർധനയില്ലെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശക്തികാന്ത ദാസ്. മൂന്ന് ദിവസം നീണ്ടുനിന്ന എംപിസി യോഗത്തിന് ശേഷമാണ് തീരുമാനം. മുൻകാല നിരക്ക് വർദ്ധനയുടെ നടപടി ഇപ്പോൾ വിലയിരുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. പലിശ നിരക്ക് ഉയർത്താതെ ആർബിഐ. നിരക്ക് വർധന താൽക്കാലികമായി നിർത്തുമ്പോൾ രാജ്യത്തെ വായ്പർക്ക് വലിയ ആശ്വാസമാകുകയാണ്.

