ഞെട്ടിച്ച വാർത്ത തൃശ്ശൂര്‍ ശക്തൻ സ്റ്റാൻഡിൽ ബ്ലേഡ് കൊണ്ട് നടത്തിയ ആക്രമണമാണ്. ഇതടക്കം ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ ഒറ്റനോട്ടത്തിൽ
തിരുവനന്തപുരം: ബഫർ സോൺ വിഷയത്തിലെ ആശങ്കയുമായി ബന്ധപ്പെട്ടുള്ളതാണ് കേരളത്തിലെ ഇന്നത്തെ പ്രധാനവാർത്ത. ആശങ്ക പരിഹരിക്കണമെന്ന് കെസിബിസി ആവശ്യപ്പെട്ടപ്പോൾ ജനങ്ങളെ അണിനിരത്തി പ്രക്ഷോഭം സംഘടിപ്പിക്കുമെന്നാണ് ഇക്കാര്യത്തിൽ സർക്കാരിന് പ്രതിപക്ഷ നേതാവ് മുന്നറിയിപ്പ് നൽകിയത്. പിഎൻബി അക്കൗണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് കോഴിക്കോട് കോര്‍പ്പറേഷൻ കൗണ്‍സിലിൽ ബഹളമുണ്ടായതടക്കമുള്ള സംഭവങ്ങളും ഇന്നുണ്ടായി. അതിനിടെ ഞെട്ടിച്ച മറ്റൊരു വാർത്ത തൃശ്ശൂര്‍ ശക്തൻ സ്റ്റാൻഡിൽ ബ്ലേഡ് കൊണ്ട് നടത്തിയ ആക്രമണമാണ്. ഇതടക്കം ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ ഒറ്റനോട്ടത്തിൽ ചുവടെ അറിയാം.
1 ബഫര്‍ സോണ്‍ വിഷയത്തിൽ സർക്കാർ ജനത്തിന്റെ ആശങ്ക പരിഹരിക്കാൻ ഇടപെടണം: കെസിബിസി
ബഫര്‍ സോണ്‍ വിഷയത്തിൽ ജനത്തിന്റെ ആശങ്ക പരിഹരിക്കുന്ന സത്വര നടപടികൾ സർക്കാർ കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് കെസിബിസി അധ്യക്ഷൻ കർദ്ദിനാൾ ബസേലിയോസ് ക്ലീമിസ് കതോലിക്കാ ബാവയടക്കം ഇന്ന് രംഗത്തെത്തി. സംസ്ഥാന സര്‍ക്കാര്‍ കൃത്യമായ ഡാറ്റയുടെ പിന്‍ബലത്തില്‍ സമീപിച്ചാല്‍ ബഫര്‍ സോണ്‍ സംബന്ധിച്ച ആവശ്യമായ ഭേദഗതികള്‍ക്ക് സന്നദ്ധമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു. ആശങ്കകള്‍ അറിയിക്കാനുള്ള സമയപരിധി ഡിസംബർ 23 വരെയെന്ന് നിശ്ചയിച്ചത് തീര്‍ത്തും അപ്രായോഗികമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആക്ഷേപങ്ങള്‍ പരിഹരിക്കാന്‍ കൂടുതല്‍ സമയം ആവശ്യമാണ്. കെസിബിസി നേരത്തെ ആവശ്യപ്പെട്ടതുപോലെ ഗ്രാമ പഞ്ചായത്തുകളില്‍ ഹെല്‍പ്പ് ഡെസ്‌കുകള്‍ പ്രവര്‍ത്തിക്കണം. വനം വകുപ്പ് നിര്‍ദ്ദേശിച്ച 115 പഞ്ചായത്തുകളിലും ഇതാവശ്യമാണ്. ഉദ്യോഗസ്ഥരും കര്‍ഷക പ്രതിനിധികളുമടങ്ങിയ ടാസ്‌ക് ഫോഴ്‌സിനെയും ചുമതലപ്പെടുത്തണം. പട്ടയമോ സര്‍വ്വേ നമ്പറോ ലഭിക്കാതെ പതിറ്റാണ്ടുകളായി ഈ മേഖലകളില്‍ കഴിയുന്ന കര്‍ഷകരുടെ വിഷയം ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
2 സര്‍ക്കാര്‍ കര്‍ഷകരെ വഞ്ചിക്കുന്നു, ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്ന് വിഡി സതീശൻ
ബഫര്‍ സോണ്‍ വിഷയത്തില്‍ കര്‍ഷകര്‍ ഉള്‍പ്പെടെ സംരക്ഷിത വനമേഖലയ്ക്ക് സമീപമുള്ള ജനസമൂഹത്തെ വഞ്ചിക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്ന് അഭിപ്രായപ്പെട്ടായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്തെത്തിയത്. നേരിട്ട് സ്ഥല പരിശോധന നടത്താതെ ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് മാത്രം പരിഗണിച്ച് ബഫര്‍ സോണ്‍ നിശ്ചിക്കാനുള്ള നീക്കം അംഗീകരിക്കാനാകില്ല. കേരള സ്റ്റേറ്റ് റിമോട്ട് സെന്‍സിങ് ആന്‍ഡ് എന്‍വിയോണ്‍മെന്റ് സെന്റര്‍ പുറത്ത് വിട്ട മാപ്പില്‍ നദികള്‍, റോഡുകള്‍, വാര്‍ഡ് അതിരുകള്‍ എന്നിവ സാധാരണക്കാര്‍ക്ക് ബോധ്യമാകുന്ന തരത്തില്‍ രേഖപ്പെടുത്തിയിട്ടില്ല. 14,619 കെട്ടിടങ്ങള്‍ ബഫര്‍സോണില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പേര്‍ട്ടില്‍ നിന്നും വ്യക്തമാകുന്നത്. പ്രദേശികമായ ഒരു പരിശോധനകളും ഇല്ലാതെ ബഫര്‍ സോണ്‍ മാപ്പ് തയാറാക്കിയത് സര്‍ക്കാര്‍ ജനങ്ങളെ വെല്ലുവിളിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കര്‍ഷകരെ വഞ്ചിക്കുന്ന നിലപാടുമായി സർക്കാർ മുന്നോട്ടുപോയാൽ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്ന മുന്നറിയിപ്പും പ്രതിപക്ഷ നേതാവ് നൽകിയിട്ടുണ്ട്.
3 പിഎൻബി അക്കൗണ്ട് തട്ടിപ്പ്: കോഴിക്കോട് കോര്‍പ്പറേഷൻ കൗണ്‍സിലിൽ ബഹളം, കൗണ്‍സിലര്‍മാര്‍ക്ക് സസ്പെൻഷൻ
പഞ്ചാബ് നാഷണൽ ബാങ്കിലെ കോഴിക്കോട് കോര്‍പ്പറേഷന്‍റെ അക്കൗണ്ടുകളിൽ നിന്നും പണം തട്ടിയ സംഭവത്തിൽ കോര്‍പ്പറേഷൻ കൗണ്‍സിലിൽ പ്രതിപക്ഷ പ്രതിഷേധം ശക്തമായി എന്നതാണ് ഇന്നത്തെ മറ്റൊരു വാർത്ത. വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസും ബി ജെ പിയും അടിയന്തരപ്രമേയത്തിന് അനുമതി തേടിയെങ്കിലും മേയര്‍ ഇത് തള്ളി. ഇതിനു ശേഷവും പ്രതിഷേധം തുടര്‍ന്ന 15 യു ഡി എഫ് കൗണ്‍സിലര്‍മാരെ മേയര്‍ ബീന ഫിലിപ്പ് സസ്പെൻഡ് ചെയ്തു. തുടര്‍ന്ന് കൗണ്‍സിൽ യോഗം പിരിഞ്ഞു. അക്കൗണ്ട് തട്ടിപ്പിലൂടെ കോഴിക്കോട് കോര്‍പ്പറേഷന് നഷ്ടപ്പെട്ട പണം പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നും തിരികെ ലഭിച്ചെന്നും ഇനി ഈ തുകയുടെ പലിശ മാത്രമാണ് ലഭിക്കാൻ ബാക്കിയുള്ളതെന്നും മേയര്‍ വ്യക്തമാക്കി. ഈ പലിശ തുക തരാൻ ആവശ്യപ്പെട്ട് ബാങ്കിന് കത്ത് നൽകിയിരുന്നുവെന്നും പലിശ നൽകാമെന്ന് ബാങ്ക് ഉറപ്പ് നൽകിയിട്ടുണ്ടെന്നും മേയര്‍ അറിയിച്ചു.
4 തൃശ്ശൂര്‍ ശക്തൻ സ്റ്റാൻഡിൽ ബ്ലേഡ് കൊണ്ട് ആക്രമണം: രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്
തിരക്കേറിയ തൃശൂർ ശക്തൻ ബസ് സ്റ്റാൻഡിൽ നടന്ന ബ്ലേഡ് ആക്രമണം ഏവരെയും ഞെട്ടിക്കുന്ന വാർത്തയായിരുന്നു. അക്രമി മൂന്നു പേരെയാണ് ബ്ലേഡ് കൊണ്ട് വരഞ്ഞ് പരുക്കേൽപിച്ചത്. ആലപ്പുഴ സ്വദേശിയായ ഹരി എന്നയാളാണ് സ്റ്റാൻഡിൽ വച്ച് മൂന്ന് പേരെ ബ്ലേഡ് കൊണ്ട് വരിഞ്ഞ് ആക്രമിച്ചത്. ശക്തൻ സ്റ്റാൻഡിന് സമീപത്തെ കള്ളുഷാപ്പിൽ വച്ചുണ്ടായ വാക്ക് തര്‍ക്കത്തിന് തുടര്‍ച്ചയായിരുന്നു ആക്രമണം എന്നാണ് വിവരം. ഷാപ്പിൽ നിന്നും സ്റ്റാൻഡിലെത്തിയ മൂന്ന് പേര്‍ക്ക് നേരെയായിരുന്നു ആക്രമണം. തൃശ്ശൂര്‍ സ്വദേശികളായ അനിൽ, മുരളി, നിഥിൻ എന്നിവർക്കാണ് പരിക്കേറ്റത്. അനിലിനും മുരളിക്കും മുഖത്താണ് പരിക്കേറ്റത്. നിഥിന്‍റെ കൈത്തണ്ടയിലും ബ്ലേഡ് കൊണ്ടുള്ള മുറിവുണ്ട്. സാരമായി പരിക്കേറ്റ അനിലിനേയും മുരളിയേയും തൃശ്ശൂര്‍ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഹരിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
5 കൊട്ടാരക്കരയിൽ യുവാവ് ഭാര്യയെ പെട്രോളൊഴിച്ച് കത്തിക്കാൻ ശ്രമിച്ചു
കൊട്ടാരക്കര നെടുവത്തൂരിൽ ഭർത്താവ് ഭാര്യയെ പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിച്ചു എന്നതാണ് ഇന്നത്തെ മറ്റൊരു വാർത്ത. പൊള്ളലേറ്റ എഴുകോൺ സ്വദേശിനി ഐശ്വര്യയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഐശ്വര്യയുടെ പൊള്ളൽ ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. സംഭവത്തിൽ ഭർത്താവ് അഖിൽ രാജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നാളുകളായി ഇരുവരും അകന്നു കഴിയുകയായിരുന്നു എന്നാണ് വിവരം.
6 വഞ്ചിയൂര്‍ കോടതിയിൽ വനിത എസ് ഐക്ക് നേരെ അഭിഭാഷകരുടെ കൈയ്യേറ്റ ശ്രമം
വഞ്ചിയൂർ കോടതിയിൽ വനിത എസ് ഐയ്ക്കെതിരെ നടന്ന അഭിഭാഷകരുടെ കൈയേറ്റ ശ്രമമാണ് ഇന്നത്തെ മറ്റൊരു വാർത്ത. വലിയതുറ എസ് ഐ അലീന സൈറസാണ് പരാതി നൽകിയത്. ജാമ്യാപേക്ഷയുമായി കഴിഞ്ഞ ദിവസം വലിയ തുറ സ്റ്റേഷനിലെത്തിയ അഭിഭാഷകനെ കാണാൻ സമയം താമസിച്ചുവെന്നാരോപിച്ചായിരുന്നു പ്രതിഷേധം. കൈയേറ്റം ചെയ്തുവെന്നും, അസഭ്യം വിളിച്ചുവെന്നും മജിസ്ട്രേറ്റിന് എസ് ഐ പരാതി നൽകിയിട്ടുണ്ട്.
7 അഞ്ജുവിനെ സാജു ക്രൂരമായി മർദ്ദിച്ചിരുന്നു; നാട്ടിലെത്തിക്കാൻ സഹായം ചോദിച്ച് കുടുംബം
ബ്രിട്ടനിൽ കൊല്ലപ്പെട്ട മലയാളി നഴ്സ് അഞ്ജുവിനെ ഭർത്താവ് സാജു ക്രൂരമായി മർദ്ദിച്ചിരുന്നെന്ന് അമ്മ കൃഷ്ണമ്മയും അച്ഛൻ അശോകനും. സൗദിയിൽ താമസിച്ചിരുന്ന സമയത്തായിരുന്നു ഇത്. മൂത്ത കുട്ടിക്ക് ഒപ്പം അഞ്ജുവിനെ മുറിയിലടച്ച് സാജു മർദിച്ചിരുന്നുവെന്ന് അഞ്ജുവിന്റെ അമ്മ കൃഷ്ണമ്മ പറഞ്ഞു. പലതും മകൾ തങ്ങളോട് പറഞ്ഞിരുന്നില്ലെന്നു അച്ഛൻ അശോകൻ പറഞ്ഞു. അച്ഛനമ്മമാരെ വിഷമിപ്പിക്കേണ്ടെന്ന് മകൾ കരുതിയിരിക്കാം. മകളെയും പേരക്കുട്ടികളെയും അവസാനമായി ഒരു നോക്ക് കാണണമെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ വൈക്കം എംഎൽഎ അഞ്ജുവിന്റെ വൈക്കത്തെ വീട്ടിലെത്തി മാതാപിതാക്കളെ കണ്ടു. മൃതദേഹങ്ങൾ നാട്ടിലേക്ക് തിരിച്ചെത്തിക്കാൻ 30 ലക്ഷത്തോളം രൂപയുടെ ചിലവുണ്ട്. ഇതിനായി അഞ്ജുവിന്റെ അച്ഛൻ അശോകൻ സുമനസുകളുടെ സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്.
ഗൽവാനിലും തവാങ്ങിലും സൈനികർ ധൈര്യവും ശൗര്യവും തെളിയിച്ചു എന്ന് അഭിപ്രായപ്പെട്ട് കേന്ദ്ര പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ് രംഗത്തെത്തിയതാണ് ഇന്നത്തെ മറ്റൊരു പ്രധാന സംഭവം. മറ്റ് രാജ്യങ്ങളുടെ മേൽ ആധിപത്യം സ്ഥാപിക്കാനോ, ഒരിഞ്ച് സ്ഥലം പിടിച്ചെടുക്കാനോ ഉദ്ദേശമില്ല. ലോകത്തിന്‍റെ നന്മയ്ക്കായി പ്രവർത്തിക്കുന്ന സൂപ്പർ പവർ ആവുകയാണ് ലക്ഷ്യം എന്നും രാജ്നാഥ് സിംഗ് പറഞ്ഞു. അതേസമയം ചോദ്യം ചെയ്യാനുള്ള പ്രതിപക്ഷത്തിന്‍റെ ഉദ്ദേശത്തെ ചോദ്യം ചെയ്തിട്ടില്ലെന്നും രാജ്നാഥ് സിംഗ് നിലപാട് വ്യക്തമാക്കി. നയങ്ങളെ അടിസ്ഥാനമാക്കിയാണ് വാദപ്രതിവാദം നടന്നത്. സത്യം പറയുമ്പോഴാണ് രാഷ്ട്രീയം നടപ്പാകുന്നത് എന്നും രാജ്നാഥ് സിംഗ് ചൂണ്ടികാട്ടി.
9 ബിഹാറിലെ വ്യാജമദ്യ ദുരന്തം; മരണം 70 ആയി; ധനസഹായം നൽകില്ലെന്ന് ഉറച്ച് നിതീഷ് കുമാർ
ബിഹാറിലെ വ്യാജമദ്യ ദുരന്തത്തിൽ മരണം എഴുപതായി എന്നതാണ് ഇന്നത്തെ മറ്റൊരു വാർത്ത. ആദ്യം മരണം റിപ്പോർട്ട് ചെയ്ത സരൺ ജില്ലയിൽ മാത്രം 60 പേരാണ് ഇതുവരെ മരിച്ചത്. എന്നാൽ 31 പേർ മാത്രമാണ് മരിച്ചതെന്നാണ് ഔദ്യോഗിക കണക്ക്. വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്ന പലരുടെയും ആരോഗ്യനില വഷളായി തുടരുകയാണ്. മദ്യദുരന്തവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ നാല് പേരാണ് ഇതുവരെ അറസ്റ്റിലായത്. അതേസമയം, പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കുമ്പോഴും മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായം നൽകില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് മുഖ്യമന്ത്രി നിതീഷ് കുമാർ.
10 ബംഗ്ലാദേശിനെതിരെ രണ്ടാം ടെസ്റ്റ്; സന്തോഷ വാര്‍ത്ത, രോഹിത് ശര്‍മ്മ കളിക്കും
ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിന് മുമ്പ് ഇന്ത്യന്‍ ടീമിനും ആരാധകര്‍ക്കും സന്തോഷ വാര്‍ത്തയെത്തി എന്നതാണ് ക്രിക്കറ്റ് ലോകത്തെ പ്രധാന വിശേഷം. രണ്ടാം ടെസ്റ്റില്‍ ഇന്ത്യൻ നായകൻ രോഹിത് ശര്‍മ്മ കളിക്കും. തിരിച്ചുവരവ് രോഹിത് ബിസിസിഐയെ അറിയിച്ചു. ബംഗ്ലാ കടുവകള്‍ക്കെതിരായ രണ്ടാം ഏകദിനത്തിനിടെ തള്ളവിരലിന് പരിക്കേറ്റതോടെ മൂന്നാം ഏകദിനവും ആദ്യ ടെസ്റ്റും രോഹിത്തിന് നഷ്ടമാവുകയായിരുന്നു. രോഹിതിന്‍റെ അഭാവത്തിൽ കെ എല്‍ രാഹുലാണ് ആദ്യ ടെസ്റ്റില്‍ ഇപ്പോള്‍ ഇന്ത്യൻ ടീമിനെ നയിക്കുന്നത്. 22നാണ് രണ്ടാം ടെസ്റ്റ് തുടങ്ങുന്നത്. രോഹിത്ത് തിരിച്ചുവരുമ്പോള്‍ ആരെ ഒഴിവാക്കുമെന്നത് ഇന്ത്യന്‍ ടീമിന് തലവേദനയായേക്കും. ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്‍ സെഞ്ച്വറി നേടിയപ്പോള്‍ മോശം ഫോമിലുള്ള കെ എൽ രാഹുല്‍ വൈസ് ക്യാപ്റ്റനായിനാൽ ഒഴിവാക്കുക എളുപ്പമാകില്ലെന്നതാണ് പ്രശ്നം.
