കേരളം ഞെട്ടിയ ഐസിയു ക്രൂരത, നടുറോഡിൽ അതിക്രമം, മുല്ലപ്പെരിയാർ സുരക്ഷ, ദേവികുളം ഇനി? സുധാകരനും കേസും: 10 വാർത്ത
ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ ഒറ്റനോട്ടത്തിലറിയാം

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ ഐ സി യുവിനുള്ളിൽ വച്ച് ആശുപത്രി ജീവനക്കാരൻ ലൈംഗികമായി പീഡിപ്പിച്ചെന്ന വാർത്തയുടെ ഞെട്ടലിലാണ് ഏവരും. വാർത്ത പുറത്തുവന്ന മണിക്കൂറുകൾക്കകം പ്രതിയായ വടകര സ്വദേശി ശശീന്ദ്രനെ (55) കോഴിക്കോട് നിന്നും പൊലീസ് പിടികൂടി. ശനിയാഴ്ച രാവിലെ ആറു മണിക്കും പന്ത്രണ്ട് മണിക്കും ഇടയിലാണ് യുവതി പീഡനത്തിനിരയായത്. തൈറോയിഡ് ശസ്ത്രക്രിയയ്ക്ക് ശേഷം ഓപ്പറേഷൻ തിയേറ്ററിൽ നിന്ന് യുവതിയെ സ്ത്രീകളുടെ സർജിക്കൽ ഐ സി യുവിലേക്ക് മാറ്റിയിരുന്നു. മറ്റൊരു രോഗി ഗുരുതരാവസ്ഥയിൽ ആയതിനെ തുടർന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റു ജീവനക്കാരെല്ലാം അവിടെയായിരുന്നു. ശസ്ത്രക്രിയക്കു വേണ്ടി അനസ്തേഷ്യ നൽകിയിരുന്നതിനാൽ മയക്കം പൂർണമായും മാറാത്ത അവസ്ഥയിലായിരുന്നു യുവതി. പിന്നീട് സംസാരിക്കാവുന്ന അവസ്ഥയായപ്പോൾ യുവതി സംഭവം മറ്റുള്ളവരെ അറിയിക്കുകയായിരുന്നു. ഐ സി യുവിലെ കൊടും ക്രൂരതയ്ക്ക് ശേഷം പ്രതി വിനോദയാത്രയിൽ ആയിരുന്നു. കേസെടുത്തത് അറിഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കോഴിക്കോട് നഗരത്തിൽ വച്ച് പൊലീസ് പിടികൂടുകയായിരുന്നു.
2 നടുറോഡിൽ സ്ത്രീക്കെതിരെ അതിക്രമം, വിവരമറിയിച്ചിട്ടും അനങ്ങിയില്ല; രണ്ട് പൊലീസുകാര്‍ക്ക് സസ്പെൻഷൻ
വഞ്ചിയൂരിൽ നടുറോഡിൽ സ്ത്രീക്കെതിരെ ലൈംഗികാതിക്രമുണ്ടായതായി വിവരമറിയിച്ചിട്ടും നടപടിയെടുക്കാതെ ജോലിയിൽ വീഴ്ച വരുത്തിയ പേട്ട പൊലീസ് സ്റ്റേഷനിലെ രണ്ട് പൊലീസുകാരെ സസ്പെൻഡ് ചെയ്തു. സീനിയർ സിവിൽ പൊലീസ് ഓഫീസർ ജയരാജ്, സിവിൽ പൊലീസ് ഓഫീസർ രഞ്ജിത്ത് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ആക്രമിക്കപ്പെട്ട വിവരം സ്ത്രീ അറിയിച്ച ശേഷം സ്ഥലത്ത് രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പൊലീസുകാരും എത്തിയിരുന്നു. എന്നാൽ ആശുപത്രിയിലേക്ക് പോയ സ്ത്രീയെ കാണോനോ മൊഴി രേഖപ്പെടുത്തി കേസെടുക്കാനോ പൊലീസുകാർ തയ്യാറായില്ലെന്നാണ് സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണ റിപ്പോർട്ട്. പൊലീസ് വീഴ്ച വലിയ ചർച്ചയാകുന്നതിനിടെയാണ് നടപടി.
ദേവികുളം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലം ഹൈക്കോടതി റദ്ദാക്കിയതാണ് ഇന്നത്തെ പ്രധാനവാർത്തകളിലൊന്ന്. പട്ടിക ജാതി സംവരണത്തിന് സി പി എം എം എൽ എ എ. രാജയ്ക്ക് അർഹതയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ക്രിസ്തീയ വിശ്വാസിയായ രാജ തെറ്റായ രേഖകൾ കാണിച്ചാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. ദേവികുളത്തെ സി പി എം എം എൽ എയുടെ തെരഞ്ഞെടുപ്പ് അസ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചു പരാജയപ്പെട്ട ഡി കുമാറാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. പട്ടികജാതി സംവരണ മണ്ഡലമായ ദേവികുളത്തു നിന്നു തെരഞ്ഞെടുക്കപ്പെടാൻ പട്ടികജാതിക്കാരൻ അല്ലാത്ത എ രാജയ്ക്ക് അവകാശമില്ലെന്ന് ആരോപിച്ചാണ് ഡി കുമാർ ഹർജി നൽകിയത്. ദേവികുളം മണ്ഡലത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സിപിഎം സുപ്രീംകോടതിയെ സമീപിക്കും. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. സുപ്രീംകോടതിയില്‍ നാളെ തന്നെ അപ്പീല്‍ നല്‍കാനാണ് തീരുമാനം.
മാലിന്യ പ്രശ്നവുമായി ബന്ധപ്പെട്ട് കൊച്ചി കോര്‍പ്പറേഷന് മുന്നില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച പരിപാടിയിലെ പ്രസംഗത്തിന്‍റെ പേരിൽ കെപിസിസി പ്രസിഡന്‍റ് കെ സുധാകരനെതിരെ കലാപശ്രമത്തിന് കേസെടുത്തു. താന്‍ നടത്തിയ പ്രസംഗത്തിനെതിരെ കലാപശ്രമത്തിന് കേസെടുത്തത് അല്‍പ്പത്തരമായിപ്പോയെന്ന പ്രതികരണവുമായി കെ സുധാകരനും പിന്നാലെ രംഗത്തെത്തി. സമാന രീതിയില്‍ കേസെടുത്തിരുന്നെങ്കില്‍ മുഖ്യമന്ത്രിക്കെതിരെ എത്ര കേസുകള്‍ എടുക്കേണ്ടിവരുമായിരുന്നു. പൊലീസ് കേസെടുത്ത് വിരട്ടി മൂലയ്ക്കിരുത്താമെന്നത് മുഖ്യമന്ത്രിയുടെ വ്യാമോഹമാണ്. രാഷ്ട്രീയത്തെ രാഷ്ട്രീയം കൊണ്ട് നേരിടാനുള്ള മാന്യതയും തന്‍റേടവുമാണ് മുഖ്യമന്ത്രി പുലര്‍ത്തേണ്ടത്. എന്നും ആനപ്പുറത്ത് ഇരിക്കാമെന്ന് മുഖ്യമന്ത്രി കരുതണ്ടെന്നും സുധാകരൻ പറഞ്ഞു.
ബിജെപിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ താമര ഹിന്ദു-ബുദ്ധ മതങ്ങളുടെ മത ചിഹ്നമാണെന്ന് മുസ്‌ലിംലീഗ് സുപ്രീം കോടതിയിൽ. മതപരമായ പേരുകളും ചിഹ്നങ്ങളും ഉപയോഗിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കെതിരേ നടപടിയാവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവേയാണ് ലീഗിന്‍റെ വാദം. ഹര്‍ജിയില്‍ ബിജെപിയെ കക്ഷി ചേര്‍ക്കണമെന്ന് മുസ്‌ലിംലീഗ് സുപ്രീംകോടതിയില്‍ പറഞ്ഞു. ശിവസേനയും ശിരോമണി അകാലിദളും ഉള്‍പ്പെടെ 27 രാഷ്ട്രീയ പാര്‍ട്ടികളെക്കൂടി കേസില്‍ കക്ഷി ചേര്‍ക്കണമെന്ന് ലീഗിനായി മുതിർന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദാവെയും ഹാരിസ് ബീരാനും സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു. ഹര്‍ജി പരിഗണിക്കുന്നത് മേയ് മാസത്തിലേക്ക് സുപ്രീംകോടതി മാറ്റി.
6 ഷാഫി പറമ്പിൽ തോൽക്കുമെന്ന പരാമർശം പിൻവലിച്ചു, രേഖകളിൽ നിന്ന് നീക്കും; സഭയിൽ സ്പീക്കറുടെ റൂളിങ്
ഷാഫി പറമ്പിൽ എം എൽ എ അടുത്ത തവണ തോൽക്കുമെന്ന പരാമർശം സ്പീക്കർ പിൻവലിച്ചു. പരാമർശം അനുചിതമായിരുന്നുവെന്നും സഭാ രേഖകളിൽ നിന്നും നീക്കം ചെയ്യുമെന്നും സ്പീക്കറുടെ റൂളിംഗ്. പ്രതിപക്ഷ പ്രതിഷേധം ചിത്രീകരിക്കുന്നില്ലെന്ന സഭാ ടിവിയുമായി ബന്ധപ്പെട്ട് ഉയർന്ന പരാതികൾ പരിശോധിക്കുമെന്നും സ്പീക്കർ എ എൻ ഷംസീർ വ്യക്തമാക്കി.
7 ആകാശ് തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്റെ ഹർജി തള്ളി, നടപടി ഷുഹൈബ് വധക്കേസിൽ
മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആകാശ് തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്റെ ഹർജി കോടതി തള്ളി. തലശ്ശേരി സെഷന്‍സ് കോടതിയുടേതാണ് നടപടി. ക്രിമിനല്‍ കേസില്‍ പ്രതിയാകരുതെന്ന കോടതി ഉത്തരവ് ആകാശ് ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പൊലീസ് കോടതിയെ സമീപിച്ചത്. ക്വട്ടേഷൻ പ്രവർത്തനവുമായി ബന്ധപ്പെട്ട് സിപിഎം നേതൃത്വത്തെ സോഷ്യൽ മീഡിയയിലൂടെ ആകാശ് തില്ലങ്കേരി പരസ്യമായി വെല്ലുവിളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് ജാമ്യം റദ്ദാക്കാൻ കോടതിയെ സമീപിച്ചത്. നിലവിൽ കാപ്പാ കേസിൽ ഉൾപ്പെട്ട് ജയിലിൽ കഴിയുകയാണ് ആകാശ് തില്ലങ്കേരി.
8 ഫാരിസ് അബൂബക്കറിന്റെ സ്ഥാപനങ്ങളിലും ഓഫീസുകളിലും ഇൻകം ടാക്സ് റെയ്ഡ്
വ്യവസായി ഫാരിസ് അബൂബക്കറിന്റെ സ്ഥാപനങ്ങളിലും ഓഫീസുകളിലും ഇൻകംടാക്സ് റെയ്ഡ്. രാജ്യത്തെ 70 കേന്ദ്രങ്ങളിലാണ് പരിശോധന നടക്കുന്നത്. കൊച്ചിയിലും കൊയിലാണ്ടിയിലും ഡൽഹിയിലും ചെന്നെയിലും മുംബൈയിലും പരിശോധന തുടരുകയാണ്. റിയൽ എസ്റ്റേറ്റ് സാമ്പത്തിക ഇടപാടുകളാണ് പരിശോധിക്കുന്നത്. ആദായ നികുതി ഇൻവെസ്റ്റിഗേഷൻ വിഭാഗമാണ് പരിശോധന നടത്തുന്നത്. കേരളത്തിലെ സ്ഥാപനങ്ങളിൽ ആദായ നികുതി വകുപ്പിന്റെ ചെന്നൈ യുണിറ്റാണ് പരിശോധനക്ക് നേതൃത്വം നൽകുന്നത്.
9 മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ സുരക്ഷ തൃപ്തികരമെന്ന് കേന്ദ്ര ജല കമ്മീഷൻ്റെ റിപ്പോര്‍ട്ട്
മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ സുരക്ഷ തൃപ്തികരമെന്ന് കേന്ദ്ര ജല കമ്മീഷൻ്റെ റിപോർട്ട്. റിപ്പോർട്ട് ജലകമ്മീഷൻ സുപ്രീംകോടതിയിൽ സമർപ്പിച്ചു. ഡാമിൽ സ്വതന്ത്ര സമിതിയെ വച്ച് അടിയന്തര സുരക്ഷാ പരിശോധന വേണമെന്ന സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു. നാളെ മുല്ലപ്പെരിയാർ സംബന്ധിച്ച ഹർജി പരിഗണിക്കാനിരിക്കെയാണ് റിപ്പോർട്ട് സമർപ്പിച്ചത്. 2022 മെയ് ഒൻപതിനാണ് മേൽനോട്ടസമിതി മുല്ലപ്പെരിയാർ അണക്കെട്ടിൽ പരിശോധന നടത്തിയത്. ഇരുസംസ്ഥാനങ്ങളിലേയും സാങ്കേതിക അംഗങ്ങളും പരിശോധനയിൽ പങ്കെടുത്തിരുന്നു. അണക്കെട്ടിന് കാര്യമായ എന്തെങ്കിലും പ്രശ്നമുള്ളതായി പരിശോധനയിൽ കണ്ടെത്താനായിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.
കർണാടകത്തിൽ തൊഴിൽരഹിതരായ യുവതീയുവാക്കൾക്ക് വേതനമെന്ന വൻ വാഗ്‍ദാനവുമായി കോൺഗ്രസ് രംഗത്ത്. ബെലഗാവിയിൽ രാഹുൽ ഗാന്ധി പങ്കെടുത്ത ആദ്യ തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തിലാണ് കോൺഗ്രസിന്‍റെ പുതിയ പ്രഖ്യാപനം. തൊഴിലില്ലാത്ത ബിരുദധാരികളായ യുവതീയുവാക്കൾക്ക് 3000 രൂപയും ഡിപ്ലോമ ബിരുദധാരികൾക്ക് 1500 രൂപയും പ്രതിമാസം വേതനം നൽകും. അധികാരത്തിലെത്തിയാൽ രണ്ട് വർഷത്തേക്ക് വേതനമുണ്ടാകും. തൊഴിൽരഹിതരായ വീട്ടമ്മമാർക്ക് പ്രതിമാസം 2000 രൂപ, ബിപിഎൽ കുടുംബങ്ങൾക്ക് 10 കിലോ അരി, എല്ലാ കുടുംബങ്ങൾക്കും ആദ്യത്തെ 200 യൂണിറ്റ് വൈദ്യുതി സൗജന്യം എന്നീ വാഗ്ദാനങ്ങൾ നേരത്തേ കോൺഗ്രസ് മുന്നോട്ട് വച്ചിരുന്നു. കർണാടകയിലേത് രാജ്യത്തെ ഏറ്റവും അഴിമതി നിറഞ്ഞ സർക്കാരാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. കോൺഗ്രസ് നേതൃത്വം ഒറ്റക്കെട്ടായി പോരാടി ഒറ്റയ്ക്ക് കേവലഭൂരിപക്ഷം നേടുമെന്നും രാഹുൽ പറഞ്ഞു.