ഇന്നത്തെ ഏറ്റവും പ്രധാനപ്പെട്ട 10 വാ‍ർത്തകൾ ഒറ്റനോട്ടത്തിലറിയാം.... ചുവടെ

‍1അരിക്കൊമ്പൻ പെരിയാറിലേക്ക്; സീനിയറോട വനമേഖലയിലേക്ക് മാറ്റും, കുമളിയിൽ നിരോധനാജ്ഞ

അരിക്കൊമ്പനെ കുമളിയിലെ സീനിയറോട വനമേഖലയിലേക്ക് മാറ്റുന്നു. ഇതിന്‍റെ ഭാഗമായി കുമളി പഞ്ചായത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇടുക്കി സബ് കളക്ടറാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. മയക്കുവെടിക്ക് പിന്നാലെ ആറ് ബൂസ്റ്റർ ഡോസും നൽകിയാണ് അരിക്കൊമ്പനെ ദൗത്യസംഘം തളച്ചത്. കനത്ത മഴയും കാറ്റും കോടമഞ്ഞും അതിജീവിച്ചാണ് ദൗത്യസംഘം ആനയെ ലോറിയിലേക്ക് കയറ്റിയത്. കുംകിയാനകളെ അരിക്കൊമ്പൻ അതിശക്തമായി പ്രതിരോധിച്ചുവെങ്കിലും വീണ്ടും ബൂസ്റ്റർ ഡോസ് നൽകി ആനയെ ലോറിയിൽ കയറ്റുകയായിരുന്നു. പലതവവണ കുതറിമാറാൻ ശ്രമിച്ചിട്ടും കാറ്റും മഴയും കോട മഞ്ഞും വെല്ലുവിളിയായിട്ടും അരിക്കൊമ്പനെ ഒടുവിൽ ആനിമൽ ആംബുലൻസിൽ കയറ്റുകയായിരുന്നു. കുമളി പെരിയാറിലെ സീനിയറോട വനമേഖലയിലേക്കാണ് അരിക്കൊമ്പനെ കൊണ്ടുപോകുന്നത്. 122 കിലോമീറ്റർ ദൂരമാണ് ഇവിടേക്കുള്ളത്. ആനിമൽ ആംബുലൻസിൽ വച്ച് യാത്രക്കിടെയും അരിക്കൊമ്പൻ പരാക്രമം തുടർന്നു.

2കൊമ്പൻ ശിവകുമാർ തെക്കേനട തള്ളിതുറന്നു, നാടും നഗരവും പൂരലഹരിയിൽ; ഇനി തൃശൂര്‍ പൂരം പൂത്തുലയും മണിക്കൂറുകൾ!

കാത്തുകാത്തിരുന്ന തൃശൂര്‍ പൂരത്തിന്‍റെ വിളംബരം ആഘോഷമായി. ശനിയാഴ്ച്ച രാവിലെ 12.20 നു നൈതലക്കാവ് ഭഗവതി ശ്രീവടക്കുംനാഥന്റെ തെക്കേഗോപുരനട തള്ളിത്തുറന്നു. ഇതോടെ നാടും നഗരവും പൂരത്തിരക്കിലേക്കാണ് കടന്നത്. കൊമ്പന്‍ എറണാകുളം ശിവകുമാറാണ് തെക്കേനട തുറന്നത്. ഇതോടെ പൂരചടങ്ങുകള്‍ തുടങ്ങി. ഞായറാഴ്ച്ച രാവിലെ ഏഴിന് കണിമംഗലം ശാസ്താവ് എഴുന്നള്ളിയെത്തുന്നതോടെ 36 മണിക്കൂര്‍ നീളുന്ന തൃശൂര്‍ പൂരം പൂത്തുലയും. ഞായറാഴ്ച്ചയാണ് തൃശൂര്‍പൂരം. പിറ്റേന്ന് ഉച്ചയോടെ പൂരം സമാപിക്കും. കൊവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും ഒഴിവായതോടെ റെക്കോഡ് ജനക്കൂട്ടമെത്തുമെന്നാണ് നിഗമനം. നഗരത്തില്‍ സുരക്ഷയ്ക്ക് 4100 പോലീസുകാരേയാണ് വിന്യസിച്ചിട്ടുള്ളത്.

3അപകീർത്തി കേസ് ഹൈക്കോടതിയിൽ: രാഹുലിന്റെ അപ്പീലിൽ വാദം തുടരും, കേസ് മെയ് 2 ലേക്ക് മാറ്റി

അപകീർത്തി കേസിൽ രാഹുൽ ഗാന്ധിയുടെ അപ്പീലിൽ വാദം തുടരും. ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ഇന്നത്തെ വാദം അവസാനിച്ചു. മെയ് 2 ന് വീണ്ടും കേസ് പരി​ഗണിക്കും. അപ്പീലിൽ മറുപടി സമർപ്പിക്കാൻ പൂർണേഷ് മോദിക്ക് കോടതി സമയം നൽകി. കേസ് ചൊവ്വാഴ്ച തന്നെ തീർപ്പാക്കാം എന്നും കോടതി പറഞ്ഞു. മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിംഗ്വിയാണ് രാഹുലിനായി ഹാജരായത്. രാഹുലിന് എതിരായ കേസ് ഗുരുതര സ്വഭാവമുള്ളതല്ലെന്ന് സിഗ്വി വാദിച്ചിരുന്നു. എവിഡൻസ് ആക്ട് പ്രകാരം നിലനിൽക്കുന്ന തെളിവുകൾ ഹാജരാക്കപ്പെട്ടിട്ടില്ല. കേസ് നിയമപരമായി നിലനിൽക്കുന്നതല്ല. രാഹുലിന് ഉണ്ടാവുന്ന നഷ്ടം ഏറെ വലുതാണ്. ജനങ്ങൾ തിരഞ്ഞെടുത്ത എംപിയെ ജനങ്ങളെ സേവിക്കാൻ അനുവദിക്കണമെന്നും സിം​ഗ്വി പറഞ്ഞു. എന്നാൽ രാഹുൽ സ്ഥാനം മറന്നുകൂടാ എന്ന് കോടതി പരാമർശിച്ചു. പരാമർശങ്ങളും പ്രസ്താവനകളും നടത്തുമ്പോൾ അത് ഓർക്കണമെന്നും കോടതി നിരീക്ഷിച്ചു.

4പ്രധാനമന്ത്രിയുടെ സന്ദർശനം: ടൂറിസം വകുപ്പ് ആവശ്യപ്പെട്ടത് 95 ലക്ഷം; ധനവകുപ്പ് നല്‍കിയത് 30 ലക്ഷം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ട് ദിവസത്തെ കേരളാ സന്ദർശനത്തിനായി കേരളാ ടൂറിസം വകുപ്പ് ആവശ്യപ്പെട്ടത് 95 ലക്ഷം രൂപ. ഈ മാസം 20 നാണ് ടൂറിസം ഡയറക്ടർ പ്രധാനമന്ത്രിയുടെ 24 മുതൽ 25 വരെയുള്ള 2 ദിവസത്തെ സന്ദർശനത്തിന് 95 ലക്ഷം ചെലവാകുമെന്നും തുക അടിയന്തിരമായി അനുവദിക്കണമെന്നാവശ്യപ്പെട്ട് പൊതുഭരണ പൊളിറ്റിക്കൽ വകുപ്പിന് കത്ത് നൽകിയത്. എന്നാല്‍ 30 ലക്ഷം രൂപയാണ് ധനവകുപ്പ് അനുവദിച്ചത്. ടൂറിസം ഡയറക്ടറുടെ കത്തിന്റെ അടിസ്ഥാനത്തിൽ ഫണ്ട് അനുവദിക്കണമെന്ന് പൊളിറ്റിക്കൽ വകുപ്പ് ധനവകുപ്പിനോട് ആവശ്യപ്പെട്ടു.

5എഐ ക്യാമറ ഇടപാട്: മുഖ്യമന്ത്രിക്ക് തട്ടിക്കൂട്ട് കമ്പനികളുമായി ബന്ധം, വൈകാതെ പുറത്തുവരുമെന്ന് ചെന്നിത്തല

എഐ ക്യാമറ ഇടപാടിലെ തട്ടിക്കൂട്ട് കമ്പനികളും മുഖ്യമന്ത്രിയും തമ്മിൽ ബന്ധമുണ്ടെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ ബന്ധം വൈകാതെ പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു. ഈ ഭരണത്തിൽ ബെനാമികളും വൻകിടക്കാരും അരങ്ങുതകർക്കുന്നു. അവരാണ് ഭരണം നിയന്ത്രിക്കുന്നത്. മന്ത്രിമാർക്ക് സ്വാതന്ത്ര്യമില്ല. അധികാരം മുഖ്യമന്ത്രിയിലേക്ക് കേന്ദ്രീകരിക്കുന്നു. ഐഎഎസുകാരെ നിയമിക്കാനുള്ള സ്വാതന്ത്ര്യമടക്കം മുഖ്യമന്ത്രിയിലേക്ക് കേന്ദീകരിക്കുന്നു. ഒരേ പാറ്റേണിലുള്ള അഴിമതിയാണ് കേരളത്തിൽ നടക്കുന്നത്. സ്പ്രിംക്ലർ മുതലുള്ള അഴിമതികൾ ഒരേ പാറ്റേണിലുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

6പ്രതിപക്ഷത്ത് സുഡാനിലെ സ്ഥിതി; ക്യാപ്റ്റന്മാർ തമ്മിൽ തർക്കമെന്നും മന്ത്രി ശിവൻകുട്ടി

പ്രതിപക്ഷത്ത് സുഡാനിലെ സ്ഥിതിയെന്ന് മന്ത്രി വി ശിവൻകുട്ടി. രണ്ട് ക്യാപ്റ്റന്മാർ തമ്മിലുള്ളതാണ് തർക്കം. പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ്. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും തമ്മിലാണ് തർക്കം. കോൺഗ്രസിന്റെ ഒരു പൊതുവായ രാഷ്ട്രീയമുണ്ട്. ഭരണഘടന എഴുതി വെച്ചില്ലെങ്കിലും കോൺഗ്രസിന് പൊതുവായ ഒരു രീതിയുണ്ട്. അത് സുഡാനിലെ ഇപ്പോഴത്തെ സ്ഥിതിക്ക് സമാനമാണെന്നും അദ്ദേഹം പറഞ്ഞു.

7ബൈജൂസിനെതിരെ ഇഡി അന്വേഷണം; വീട്ടിലും ബെംഗളൂരു ഓഫീസുകളിലും റെയ്ഡ്, രേഖകൾ പിടിച്ചെടുത്തു

മലയാളിയായ ബൈജു രവീന്ദ്രൻ സ്ഥാപിച്ച പ്രമുഖ എഡ് ടെക് പ്ലാറ്റ്ഫോമായ ബൈജൂസ് കമ്പനിക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം. ബൈജൂസിന്റെ ബെംഗളൂരു ഓഫീസിൽ ഇഡി സംഘം റെയ്ഡ് നടത്തി. ബൈജു രവീന്ദ്രന്റെ ബെംഗളൂരുവിലെ വീട്ടിലും രണ്ട് ഓഫീസുകളിലുമാണ് റെയ്ഡ് നടന്നത്. വിദേശ ധന വിനിമയ നിയമം അനുസരിച്ചായിരുന്നു പരിശോധന. വിദേശ ഫണ്ട് സ്വീകരിച്ചത് സംബന്ധിച്ചുള്ള പരിശോധനകളാണ് നടന്നത്. ഭവാനി നഗറിലുള്ള ഓഫീസ് സമുച്ചയത്തിലായിരുന്നു റെയ്ഡ്. നിരവധി ഡിജിറ്റൽ രേഖകൾ അടക്കം പിടിച്ചെടുത്തെന്ന് ഇഡി വ്യക്തമാക്കി.

8സാഹചര്യം മാറി, മഴ അതിശക്തമാകും, ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു

സംസ്ഥാനത്തെ മഴ സാഹചര്യം മാറി. അതിശക്ത മഴക്കുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. ഇത് പ്രകാരം നാളെ സംസ്ഥാനത്ത് അതിശക്ത മഴക്കുള്ള മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് അടക്കം പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ നാല് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിലാണ് നാളെ അതിശക്ത മഴയ്ക്ക് സാധ്യത. ഇത്തവണത്തെ വേനൽക്കാലത്ത് ആദ്യമായാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്.

9മന്‍ കി ബാത്തിന്‍റെ നൂറാം എപ്പിസോഡ്, പ്രധാമന്ത്രിക്ക് ആശംസയുമായി ബില്‍ ഗേറ്റ്സ്

ദൈനംദിന ഭരണത്തിന്‍റെ വിഷയങ്ങളിൽ പൗരന്മാരുമായി ഒരു സംവാദം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പ്രധാനമന്ത്രിയുടെ റേഡിയോ സംവാദം മന്‍ കി ബാത്തിന്‍റെ നൂറാം എപ്പിസോഡിന് ആശംസയുമായി മൈക്രോസോഫ്റ്റ് സഹ സ്ഥാപകൻ ബില്‍ ഗേറ്റ്സ്. ശുചിത്വം, ആരോഗ്യം, വനിതകളുടെ സാമ്പത്തിക സംവരണം തുടങ്ങിയ ലക്ഷ്യങ്ങള്‍ ഉദ്ദേശിച്ച വിജയം നേടിയെന്നാണ് നൂറാം എപ്പിസോഡിനുള്ള അഭിനന്ദന കുറിപ്പില്‍ ബില്‍ഗേറ്റ്സ് കുറിക്കുന്നത്. 2014 ഒക്ടോബർ 3 ലാണ് ഈ പദ്ധതിയിലെ ആദ്യത്തെ പരിപാടി തുടങ്ങിയത്. നേരത്തെ മൻ കി ബാത്ത് നൂറാം എപ്പിസോഡിനുനബന്ധിച്ച് പ്രത്യേക നാണയവും സ്റ്റാംപും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പുറത്തിറക്കിയിരുന്നു. നൂറ് രൂപയുടെ നാണയമാണ് പുറത്തിറക്കിയത്.

10ഗുസ്തി താരങ്ങളുടെ സമരം കൂടുതൽ ശക്തമാകുന്നു; സമരവേദിയിൽ വൈദ്യുതി വിച്ഛേദിച്ചു

പൊലീസിനെതിരെ വിമർശനവുമായി ദില്ലിയിൽ സമരം ചെയ്യുന്ന ​ഗുസ്തി താരങ്ങൾ. സമരവേദിയിൽ രാത്രി വൈദ്യുതി വിച്ഛേദിച്ചെന്ന് ബജ്‍രം​ഗ് പുനിയ പറഞ്ഞു. സമരം അവസാനിപ്പിക്കാനുള്ള സമ്മർദ്ദ തന്ത്രമെന്നും വിമർശനം. ദില്ലിയെ ജന്തർമന്തറിൽ ​ഗുസ്തി താരങ്ങൾ നടത്തുന്ന സമരം ഏഴാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ബ്രിജ് ഭൂഷൺ രാജി വെക്കണമെന്ന് ആവശ്യപ്പെട്ടാണ് ദില്ലിയിലെ ജന്തർ മന്തറിൽ ​ഗുസ്തി താരങ്ങൾ സമരം ചെയ്യുന്നത്.

YouTube video player