ഭക്ഷണപ്പന്തലില്‍ ഇന്ന് രാവിലെയും ഉച്ചയ്ക്കുമായി എത്തിയത് 25,000ത്തോളം പേരാണ്

തിരുവനന്തപുരം: അറുപത്തിമൂന്നാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്‍റെ മൂന്നു ദിവസങ്ങള്‍ പിന്നിടവേ 62 ശതമാനം മത്സരങ്ങള്‍ പൂര്‍ത്തിയായി. ഇന്ന് വൈകിട്ട് ആറു മണി വരെയുള്ള കണക്കനുസരിച്ച് ആകെയുള്ള 249 ഇനങ്ങളില്‍ 156 എണ്ണം പൂര്‍ത്തിയായി. ഹൈസ്‌കൂള്‍ പൊതുവിഭാഗത്തില്‍ 58 ഇനങ്ങളും ഹയര്‍ സെക്കന്‍ഡറി പൊതുവിഭാഗത്തില്‍ 72 ഇനങ്ങളും ഹൈസ്‌കൂള്‍ അറബിക്, സംസ്‌കൃത വിഭാഗങ്ങളില്‍ 13 ഇനങ്ങള്‍ വീതവും പൂര്‍ത്തിയായി.

പോയിന്‍റ് നിലയില്‍ 625 പോയിന്റുമായി കണ്ണൂര്‍ ജില്ലയാണ് മുന്നില്‍. തൊട്ടുപിന്നില്‍ 622 പോയിന്റുമായി തൃശൂര്‍ ജില്ലയാണ്. കോഴിക്കോട് 614 പോയിന്റ്, പാലക്കാട് 612 പോയിന്റ്, മലപ്പുറം 593 പോയിന്റ് എന്നിങ്ങനെയാണ് പോയിന്റ് നില. ഇന്ന് 61 ഇനങ്ങളിലാണ് മത്സരം നടന്നത്. ഹൈ സ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി പൊതുവിഭാഗത്തിലായി 27 ഇനങ്ങളിലും ഹൈസ്‌കൂള്‍ സംസ്‌കൃതം വിഭാഗത്തില്‍ മൂന്നിനങ്ങളും അറബിക് വിഭാഗത്തില്‍ നാലിനങ്ങളിലുമാണ് മത്സരം നടന്നത്.

കുച്ചിപ്പുടി, തിരുവാതിര കളി, നാടോടി നൃത്തം, ദഫ് മുട്ട്, ചവിട്ടുനാടകം, കേരളനടനം, കോല്‍ക്കളി, ആണ്‍കുട്ടികളുടെ ഭരതനാട്യം, പരിചമുട്ട്, ഓട്ടന്‍ തുള്ളല്‍, കഥകളി, ദേശഭക്തിഗാനം, മൂകാഭിനയം, മലപ്പുലയ ആട്ടം, സംഘഗാനം, കഥാപ്രസംഗം, ബാന്‍ഡ് മേളം തുടങ്ങിയ ഇനങ്ങളില്‍ മത്സരം നടന്നു.

ഭക്ഷണപ്പന്തലില്‍ ഇന്ന് രാവിലെയും ഉച്ചയ്ക്കുമായി എത്തിയത് 25,000ത്തോളം പേരാണ്. ഉച്ചയൂണിന് അട പ്രഥമനും മീനില്ലാത്ത മീന്‍ കറിയുമായിരുന്നു പ്രത്യേക വിഭവങ്ങള്‍. ഉച്ചയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഭക്ഷണപ്പന്തല്‍ സന്ദര്‍ശിച്ചു. മന്ത്രിമാരായ വി. ശിവന്‍കുട്ടി, ജി.ആര്‍.അനില്‍, മേയര്‍ ആര്യ രാജേന്ദ്രന്‍, എംഎല്‍എമാരായ കടകംപള്ളി സുരേന്ദ്രന്‍, വി.ജോയ്, അഹമ്മദ് ദേവര്‍കോവില്‍, തോട്ടത്തില്‍ രവീന്ദ്രന്‍ എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. പ്രവൃത്തിദിവസമായിട്ടു കൂടി എല്ലാ വേദികളിലും ഇന്ന് നല്ല തിരക്കാണ് അനുഭവപ്പെട്ടത്. 

സ്ത്രീ ശാക്തീകരണത്തിന്റെ സന്ദേശം നല്‍കിക്കൊണ്ട് മൂന്നാം ദിനത്തിലെ പരിപാടികള്‍ നിയന്ത്രിച്ചത് സ്ത്രീകള്‍ മാത്രമാണ്. സന്നദ്ധ സേവന പ്രവര്‍ത്തകര്‍ മുതല്‍ സ്‌റ്റേജ് മാനേജര്‍മാര്‍ വരെ കലോത്സവത്തിലെ എല്ലാ മേഖലകളിലും സ്ത്രീകള്‍ക്കായിരുന്നു ചുമതല. കേരള പ്രദേശ് സ്‌റ്റേറ്റ് ടീച്ചേഴ്‌സ് അസോസിയേഷന്‍ (കെ പി എസ് ടി എ) ആണ് ഈ ആശയത്തിന് ചുക്കാന്‍ പിടിച്ചത്.

സ്വകാര്യ ബസിന്‍റെ അടിയിലെ ക്യാബിനിൽ ഒരു കാർഡ്ബോർഡ് ബോക്സ്; തുറന്നപ്പോൾ ഞെട്ടി എക്സൈസ്, വൻ മയക്കുമരുന്ന് വേട്ട

രാവിലെ 8 മുതൽ രാത്രി 9 വരെ, സൗജന്യ സർവീസ് പ്രഖ്യാപിച്ച് കെഎസ്ആർടിസി; കലോത്സവത്തിന് എത്തിയവർക്ക് ആശ്വാസം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം