ഇന്നത്തെ പ്രധാന 10 വാര്‍ത്തകള്‍ അറിയാം... 

നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണ നടപടികള്‍ നീണ്ടുപോകുന്നത് എന്തുകൊണ്ടെന്ന ചോദ്യവുമായി സുപ്രീം കോടതി. കേസില്‍ പുതുതായി സാക്ഷികളെ കൊണ്ടുവരുന്നതിന്‍റെ ലക്ഷ്യമെന്താണെന്നും കേസ് പരിഗണിക്കുന്നതിനിടെ സുപ്രീംകോടതി ചോദിച്ചതാണ് ഇന്ന് കേരളം ചര്‍ച്ച ചെയ്ത പ്രധാന വാര്‍ത്തകളിലൊന്ന്.

പെന്‍ഷന്‍ കൊടുത്താല്‍ ശമ്പളം കൊടുക്കാനാകാത്ത അവസ്ഥയാണോയെന്ന് കെഎസ്ആര്‍ടിസിയോട് കേരള ഹൈക്കോടതി ചോദിച്ചതും സുപ്രധാന സംഭവമായി. ജിഎസ്ടി നഷ്ടപരിഹാര വിഷയത്തിൽ കേരളത്തെ കേന്ദ്ര ധനമന്ത്രി വിമര്‍ശിക്കുകയും ചെയ്തു. ഇന്നത്തെ പ്രധാന 10 വാര്‍ത്തകള്‍ അറിയാം... 

നാടിന്റെ വികസനത്തിൽ പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി

ഒന്നാം ഇടത് സർക്കാർ അധികാരത്തിൽ വരും മുമ്പ് നാട്ടിൽ ഒന്നും നടക്കില്ലെന്ന സ്ഥിതിയായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു മാറ്റവും ഇവിടെ വരില്ല എന്ന ശാപവാക്ക് ചിലരുടെ ഭാഗത്ത് നിന്നുണ്ടായി. എന്നാൽ അവിടെ നിന്ന് കേരളം മാറി. ആ മാറ്റത്തിനാണ് 2016 ൽ എൽ ഡി എഫ് സർക്കാരിനെ ജനം അധികാരമേൽപ്പിച്ചതെന്നും പിണറായി വിജയൻ പറഞ്ഞു.

പെന്‍ഷന്‍ കൊടുത്താല്‍ ശമ്പളം കൊടുക്കാനാകാത്ത അവസ്ഥയാണോ? കെഎസ്ആര്‍ടിസിയോട് ഹൈക്കോടതി

വിരമിച്ച കെഎസ്ആര്‍ടിസി ജീവനക്കാരുടെ ആനൂകൂല്യങ്ങള്‍ നല്‍കുന്നത് സംബന്ധിച്ച് നിർദേശങ്ങൾ മുന്നോട്ടു വച്ച് ഹൈക്കോടതി. ആദ്യം വിരമിച്ച 174 പേരുടെ പെൻഷൻ ആനുകൂല്യങ്ങൾ ഈ മാസം തന്നെ നൽകണം. ജൂൺ 30 ന് മുൻപ് വിരമിച്ചവരുടെ പകുതി പെൻഷൻ ആനുകൂല്യങ്ങളും നൽകണം. നിർദേശങ്ങളിൽ കെഎസ്ആർടിസിയോട് കോടതി നിലപാട് തേടി.

'ആറ് മുറിവുകള്‍, മര്‍ദ്ദനമേറ്റ പാടുകളില്ല', കോഴിക്കോട്ടെ ആദിവാസി യുവാവിന്‍റെ മരണം ആത്മഹത്യയെന്ന് ഡോക്ടര്‍

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിക്ക് സമീപം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ആദിവാസി യുവാവ് വിശ്വനാഥന്‍റേത് ആത്മഹത്യയെന്നാണ് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം. ശരീരത്തിൽ മർദ്ദനമേറ്റ പാടുകളൊന്നുമില്ലെന്ന് ഫൊറൻസിക് സർജൻ അന്വേഷണ ഉദ്യോഗസ്ഥനായ മെഡിക്കൽ കോളേജ് എസിപിക്ക് മൊഴി നൽകി.

ജിഎസ്ടി നഷ്ടപരിഹാരം; കേരളത്തെ വിമർശിച്ച് കേന്ദ്ര ധനമന്ത്രി

ജിഎസ്ടി നഷ്ടപരിഹാര വിഷയത്തിൽ കേരളത്തെ വിമർശിച്ച് കേന്ദ്ര ധനമന്ത്രി നിർമ്മലാ സിതാരാമൻ. 2017 മുതൽ എ ജിയുടെ സർട്ടിഫിക്കേറ്റ് കേരളം ഹാജരാക്കിയിട്ടില്ലെന്ന് നിർമ്മല സീതാരാമൻ പറഞ്ഞു. കണക്കുകൾ ഹാജരാക്കിയാൽ നഷ്ടപരിഹാര കുടിശ്ശിക ഉടൻ നൽകും. കേന്ദ്രത്തെ കുറ്റപ്പെടുത്തരുത്. അടുത്ത മാസത്തെ നികുതി വിഹിതം കൂടി സംസ്ഥാനങ്ങൾക്ക് മുൻകൂറായി നൽകിയിട്ടുണ്ടെന്നും അതിന്‍റെ വിഹിതം കേരളത്തിനും കിട്ടുമെന്നും ധനമന്ത്രി പറഞ്ഞു.

നടിയെ ആക്രമിച്ച കേസ്: വിചാരണ നീണ്ടുപോകുന്നത് എന്തുകൊണ്ടെന്ന് സുപ്രീംകോടതി

നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണ നടപടികള്‍ നീണ്ടുപോകുന്നത് എന്തുകൊണ്ടെന്ന് 
സുപ്രീംകോടതി. കേസില്‍ പുതുതായി സാക്ഷികളെ കൊണ്ടുവരുന്നതിന്‍റെ ലക്ഷ്യമെന്താണെന്നും കേസ് പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് ദിനേഷ് മഹേശ്വരി അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. പുതുതായി 41 സാക്ഷികളെ കൂടി വിസ്‍തരിക്കുന്നതിന്‍റെ കാരണം വ്യക്തമാക്കണമെന്നും സംസ്ഥാനത്തോട് കോടതി നിർദ്ദേശിച്ചു. ഇത് ചൂണ്ടിക്കാട്ടി സത്യവാങ്മൂലം നല്‍കാനും കോടതി നിർദ്ദേശം നൽകി. 

ബസ് ഓടിക്കുന്നതിനിടെ ഫോണ്‍ വിളിച്ച് ഡ്രൈവര്‍

ഫോൺ വിളിയും ബസ് ഓടിക്കലും ഒരുമിച്ച്. കോഴിക്കോട് - പരപ്പനങ്ങാടി റൂട്ടിലോടുന്ന സംസം ബസ്സിലെ ഡ്രൈവറാണ് ഓട്ടത്തിനിടയിൽ ഫോൺ ചെയ്തത്. ഇന്നലെ ആണ് സംഭവം. ബസിലെ യാത്രക്കാര്‍ തന്നെയാണ് ദൃശ്യങ്ങൾ പകർത്തിയത്. 7 കിലോമീറ്ററിന് ഇടയിൽ ഡ്രൈവര്‍ ഫോൺ ചെയ്തത് എട്ട് തവണയാണ്. ഈ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. സംഭവത്തില്‍ മോട്ടോർ വാഹന വകുപ്പ് നടപടി സ്വീകരിക്കും. ഡ്രൈവറോട് ഹാജരാകാൻ നിർദേശം നല്‍കിയിട്ടുണ്ട്. 

കർണാടകയിൽ രണ്ടുപേരെ കടുവ ആക്രമിച്ച് കൊന്നു

കർണ്ണാടക കുട്ട ചൂരിക്കാട് കാപ്പി എസ്റ്റേറ്റിൽ 24 മണിക്കൂറിൻ്റെ ഇടവേളയിൽ പതിനെട്ടുകാരനേയും ബന്ധുവായ വയോധികനേയും കടുവ കൊന്നു. ഹുൻസൂർ അൻഗോട്ട സ്വദേശിയായ മധുവിൻ്റെയും വീണ കുമാരിയുടേയും മകൻ ചേതൻ (18), ബന്ധുവായ രാജു (72) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്നലെയാണ് ചേതനേയും, പിതാവ് മധുവിനേയും കടുവ ആക്രമിച്ചത്.

അദാനി വിവാദത്തിൽ പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷം

അദാനി വിവാദത്തിൽ നാളെ മുതൽ പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷം. പ്രധാനമന്ത്രിക്കെതിരെ സംസ്ഥാനങ്ങളിൽ പ്രചാരണം നടത്തും. ചോദ്യങ്ങളിൽ നിന്ന് ഒളിച്ചോടിയ നടപടി വിമർശന വിധേയമാക്കും. സാഹചര്യം അവലോകനം ചെയ്യാൻ ഖർഗെയുടെ അധ്യക്ഷതയിൽ യോഗം ചേര്‍ന്നിരുന്നു

കോട്ടയത്ത് പഞ്ചായത്ത് ഓഫീസിന് മുന്നിൽ കൈക്കുഞ്ഞുമായി യുവതിയുടെ ആത്മഹത്യാശ്രമം

കോട്ടയം കൂട്ടിക്കൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ കൈക്കുഞ്ഞുമായെത്തി യുവതിയുടെ ആത്മഹത്യ ശ്രമം. കൊടുങ്ങ സ്വദേശിനിയായ റോസമ്മ തോമസ് എന്ന സ്ത്രീയാണ് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പഞ്ചായത്തിൽ തന്നെയുള്ള കൊടുങ്ങയിൽ പാറമട മൂലം ജീവിക്കാനാകുന്നില്ലെന്നാരോപിച്ചായിരുന്നു യുവതിയുടെ ആത്മഹത്യ ശ്രമം.

കോട്ടയം മെഡിക്കൽ കോളേജിൽ വൻ തീപിടുത്തം

കോട്ടയം മെഡിക്കൽ കോളേജിലെ നിർമ്മാണം നടക്കുന്ന ബഹുനില കെട്ടിടത്തിൽ തീപിടിച്ചത് പരിഭ്രാന്തി പരത്തി. ഒമ്പതര കെട്ടിടത്തിന്റെ താഴത്തെ നിലയിൽ ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു തീപിടുത്തം. തുടർന്ന് തീ മുകളിലേക്ക് പടരുകയായിരുന്നു. വിവിധ നിലകളിലായി നിർമാണ ജോലികളിൽ ഏർപ്പെട്ടിരുന്ന 350ലേറെ തൊഴിലാളികൾ തീ ഉയർന്നപ്പോൾ തന്നെ കെട്ടിടത്തിന് പുറത്തേക്ക് ഓടിയതിനാൽ വൻ ദുരന്തം ഒഴിവായി.