Asianet News MalayalamAsianet News Malayalam

വാണി ജയറാമിന് വിട, സെസിൽ സർക്കാർ പിന്നോട്ട്, കോൺ​ഗ്രസ് പ്രതിഷേധം, അദാനിക്കെതിരെ അന്വേഷണം -ഇന്നത്തെ 10 വാർത്തകൾ

മൂന്ന് തവണ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം നേടിയ അതുല്യ പ്രതിഭയായിരുന്നു വാണി ജയറാം. 19 ഭാഷകളിലായി പതിനായിരത്തിലധികം ഗാനങ്ങളാലപിച്ചു.

Today Top 10 news
Author
First Published Feb 4, 2023, 6:40 PM IST

വാണി ജയറാം അന്തരിച്ചു

വാണി ജയറാം അന്തരിച്ചു. മധുര ഗാനങ്ങളിലൂടെ ഇന്ത്യൻ സംഗീത ലോകം കീഴടക്കിയ നിത്യഹരിതഗായിക. അന്ത്യം 78-ാം വയസ്സിൽ. അപ്രതീക്ഷിത വിയോഗം. പത്മഭൂഷൺ നേട്ടത്തിന് തൊട്ടുപിന്നാലെ. സംസ്കാരം നാളെ ഉച്ചയ്ക്ക് ചെന്നൈയിൽ. ചൈന്നൈയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. മൂന്ന് തവണ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം നേടിയ അതുല്യ പ്രതിഭയായിരുന്നു വാണി ജയറാം. 19 ഭാഷകളിലായി പതിനായിരത്തിലധികം ഗാനങ്ങളാലപിച്ചു. ഇക്കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിൽ പ്രഖ്യാപിച്ച പത്മഭൂഷൺ പുരസ്കാരത്തിന്റെ നിറവിൽ നിൽക്കവെയാണ് ആകസ്മികമായ മരണം

നികുതി വർധനക്കെതിരെ പ്രതിപക്ഷ സമരം തുടരുന്നു

ബജറ്റിലെ നികുതി വർധനക്കെതിരെ ഇന്നും തെരുവിൽ പ്രതിഷേധം. മുഖ്യമന്ത്രിക്ക് നേരെ കൊച്ചിയിൽ കരിങ്കൊടി. കേന്ദ്രത്തെ പഴിചാരി വിലവർധനയെ ന്യായീകരിച്ച് എൽഡിഎഫ് നേതാക്കൾ. ജനരോഷം തണുപ്പിക്കാൻ ഇന്ധന സെസ് ഒരു രൂപയായി കുറയ്ക്കാൻ നീക്കം. കോഴിക്കോട് സപ്ലൈകോ പെട്രോൾ പന്പ് കോൺഗ്രസ്‌ പ്രവർത്തകർ ഉപരോധിച്ചു. ബജറ്റിന്റെ കോപ്പികൾ കത്തിച്ചായിരുന്നു പ്രതിഷേധം. കൊല്ലം കളക്ടേറേറ്റിലും യൂത്ത് പ്രവർത്തകർ പ്രതിഷേധിച്ചു. കളക്ടറേറ്റിലേക്ക് വളപ്പിൽ കയറി പ്രവർത്തകർ പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. കോൺഗ്രസ് ഇനി ഹർത്താൽ പ്രഖ്യാപിക്കില്ലെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. ഹർത്താൽ എന്ന സമര മുറക്ക് കോൺഗ്രസ് എതിരാണ്. ഹർത്താൽ ഇല്ലെങ്കിലും ബജറ്റിനെതിരെ തീപാറുന്ന സമരം ഉണ്ടാകുമെന്നും സുധാകരൻ പറഞ്ഞു.

വീണ്ടും ജീവനെടുത്ത് റോഡിലെ കുഴി

വീണ്ടും ജീവനെടുത്ത് റോഡിലെ കുഴി. കൊച്ചിയിൽ ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. അപകടം ഉണ്ടാക്കിയത് വാട്ടർ അതോറിറ്റി, പൈപ്പ് മാറ്റാൻ എടുത്ത കുഴി. സ്ഥിരം അപകടസ്ഥലമെന്ന് നാട്ടുകാർ. എറണാകുളം മുണ്ടംപാലത്ത് വാട്ടർ അതോറിറ്റി അറ്റകുറ്റപണിക്കായി കുഴിച്ച കുഴിയിൽ വീണ് പരിക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു. മുണ്ടം പാലം സ്വദേശി ശ്യാമിലാണ് മരിച്ചത്. പണി കഴിഞ്ഞിട്ട് പത്ത് ദിവസമായിട്ടും കരാറുകാരൻ കുഴി മൂടിയിരുന്നില്ല. വ്യാഴാഴ്ച്ച രാത്രിയിലായിരുന്നു അപകടം.കുഴിയില്‍ വീണ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ശ്യമിലിന് ഗുരുതരമായി പരിക്കേല്‍ക്കേറ്റു. ഓടിക്കൂടിയ നാട്ടുകാര്‍ അപ്പോള്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ രണ്ട് ദിവസത്തിനുശേഷം ഇന്ന് ശ്യാമില്‍ മരിച്ചു. അപകടമുണ്ടായതിനു പിന്നാലെ ഇന്നലെ രാവിലെതന്നെ കരാറുകാരനെത്തി കുഴി മൂടി റോഡില്‍ കട്ട വിരിച്ചു.കുഴി മൂടുന്ന കാര്യത്തില് കരാറുകാരുടെ ഭാഗത്ത് സ്ഥിരമായി അലംഭാവമുണ്ടെന്ന് നാട്ടുകാര് ആരോപിച്ചു.

ജാമിയ കേസിൽ ദില്ലി പൊലീസിന് കോടതിയുടെ രൂക്ഷ വിമർശനം

ജാമിയ സംഘർഷ കേസിൽ ദില്ലി പൊലീസിനെ രൂക്ഷമായി വിമ‍ർശിച്ച് കോടതി. വിയോജിപ്പും കലാപവും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയണം. ചിലരെ തെരഞ്ഞെടുത്ത് പ്രതികളാക്കി. യഥാർത്ഥ കുറ്റവാളികൾ രക്ഷപ്പെട്ടെന്നും വിമർശനം. വിദ്യാർത്ഥി നേതാക്കളായ ഷെർജിൽ ഇമാമും, ആസിഫ് തൻഹയും അടക്കം 11 പേരെ വെറുതെവിട്ടു. അഭിപ്രായസ്വാതന്ത്ര്യത്തിൻ്റെയും അഭിപ്രായപ്രകടനത്തിനുമുള്ള അമൂല്യമായ മൗലികാവകാശത്തിന്റെ വിപുലീകരണമാണ് വിയോജിപ്പെന്നും കോടതി നീരീക്ഷിച്ചു. ഇത് ഉയർത്തി പിടിക്കാൻ കോടതി ബാധ്യതയുണ്ടെന്നും അഡീഷണൽ സെഷൻസ് ജഡ്ജി അരുൾ വെർമ്മ വ്യക്തമാക്കി. കേസില്‍ പൊലീസ് പ്രതി ചേർത്ത പന്ത്രണ്ട് പേരിൽ ഒരാളിൽ മാത്രമാണ് സാകേത് കോടതി കുറ്റം ചുമത്തിയത്.

അദാനിക്കെതിരെ അന്വേഷണവുമായി കേന്ദ്രം

അദാനിക്കെതിരെ കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന്റെ അന്വേഷണം. സമീപകാല ഇടപാടുകൾ പരിശോധിക്കുന്നു. പ്രതിസന്ധി രാജ്യത്തെ സമ്പദ് വ്യവസ്ഥയെ ബാധിക്കില്ലെന്ന് ധനമന്ത്രി. നേതാക്കളുടെ പരസ്യപ്രതികരണം വിലക്കി ബിജെപി. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന്മേല്‍ നേരിട്ട് നടപടി വേണമെന്ന പ്രതിപക്ഷ ആവശ്യം സര്‍ക്കാര്‍ തള്ളി. അദാനിയുടെ തകര്‍ച്ച രാജ്യത്തെ ബാധിക്കില്ലെന്നും സെബി പോലുള്ള ഏജന്‍സികള്‍ സ്വതന്ത്രമായാണ് പ്രവര്‍ത്തിക്കുന്നതെന്നും ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസിന്‍റെ ആറാമത് ടിഎൻജി പുരസ്കാര വിതരണം

ഏഷ്യാനെറ്റ് ന്യൂസിന്‍റെ ആറാമത് ടിഎൻജി പുരസ്കാര വിതരണ ചടങ്ങ് തൃശ്ശൂരിൽ. സ്ത്രീശാക്തീകരണത്തിന് കുടുംബശ്രീയ്ക്ക് അംഗീകാരം. പുരസ്കാരം സമ്മാനിക്കുന്നത് പ്രശസ്ത നർത്തകി മല്ലിക സാരാഭായി.

ഹെൽത്ത് കാർഡ് വിതരണത്തിൽ കർശന മാർഗനിർദേശങ്ങളുമായി ആരോഗ്യവകുപ്പ് 

ഹോട്ടൽ ജീവനക്കാർക്കുള്ള ഹെൽത്ത് കാർഡ് വിതരണത്തിൽ കർശന മാർഗനിർദേശങ്ങളുമായി ആരോഗ്യവകുപ്പ്. ടൈഫോയ്ഡും മഞ്ഞപ്പിത്തവും ക്ഷയരോഗ പരിശോധനയും നിർബന്ധം. അപേക്ഷകനെ ഡോക്ടർമാർ നേരിട്ട് പരിശോധിക്കണം. പണം വാങ്ങി കാർഡ് അനുവദിക്കുന്നുവെന്ന ഏഷ്യാനെറ്റ്ന്യൂസ് വാർത്തക്ക് പിന്നാലെയാണ് സർക്കുലർ പുറത്തിറക്കിയത്. 

ഇന്ധന സെസ് കുറച്ച് പ്രതിഷേധം തണുപ്പിക്കാൻ സർക്കാർ

ഇന്ധന സെസ് കുറക്കുന്നതിൽ എൽഡിഎഫിൽ ആലോചന തുടങ്ങി. ബജറ്റിൽ പ്രഖ്യാപിച്ച ലിറ്ററിന് രണ്ട് രൂപ സെസ് ഒരു രൂപയാക്കാനാണ് നീക്കം. കേന്ദ്ര നയത്തെ കുറ്റപ്പടുത്തിയാണ് ഇടത് നേതാക്കൾ ഇന്നും നികുതി വർദ്ധനവിനെ ന്യായീകരിക്കുന്നത്. സംസ്ഥാന ബജറ്റിനെതിരെ ഇത്രയേറെ ജനരോഷം തിളക്കുന്നത് ഇതാദ്യം. കേന്ദ്രത്തെ പഴിപറഞ്ഞ് പിടിച്ചുനിൽക്കാനുള്ള ശ്രമം ദുർബ്ബലമാകുന്നുവെന്നാണ് ഇടതു  വിലയിരുത്തൽ. നികുതി -സെസ് വർദ്ധനവ് പ്രതിപക്ഷം അതിവേഗം രാഷ്ട്രീയവിഷയമാക്കി ജനവികാരം സർക്കാറിനെതിരെ തിരിച്ചുവിടാൻ ശ്രമിക്കുന്നതും ഇടത് ക്യാമ്പ് ഗൗരവത്തോടെ കാണുന്നു. സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ജാഥ 20ന് തുടങ്ങാനിരിക്കെ ജനങ്ങൾക്ക് മുന്നിൽ വിശദീകരിക്കുക പ്രയാസമാകുമന്നാണ് പൊതു വിലയിരുത്തൽ.

അ​ഗ്നീവീർ റിക്രൂട്ട്മെന്റ് രീതി മാറ്റാൻ കേന്ദ്രം

അഗ്നിവീര്‍ റിക്രൂട്ട്മെന്‍റ് രീതി മാറ്റി കരസേന. ഇനി മുതല്‍ ഓണ്‍ലൈന്‍ പൊതു പ്രവേശന പരീക്ഷ ആദ്യം നടത്തും.തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിലാകും ഓണ്‍ലൈന്‍ പരീക്ഷ. തുടര്‍ഘട്ടങ്ങളില്‍ കായിക ക്ഷമത പരിശോധനയും മെഡിക്കല്‍ പരിശോധനയും നടത്തും. നേരത്തെ കായികക്ഷമത, മെഡിക്കല്‍ പരിശോധനകള്‍ക്ക് ശേഷമായിരുന്നു പൊതു പ്രവേശന പരീക്ഷ. ആദ്യം പരീക്ഷ നടത്തുന്നതിലൂടെ ദ്യോഗാര്‍ത്ഥികളുടെ എണ്ണം കുറക്കാനാകുമെന്നും, അതു വഴി സാമ്പത്തിക ചെലവും, ഉദ്യോഗസ്ഥ വിന്യാസവും ചുരുക്കാനാകുമെന്നുമാണ് കരസേനയുടെ വിശദീകരണം. 

പാകിസ്ഥാന് പിന്നാലെ ബം​ഗ്ലാദേശും സാമ്പത്തിക പ്രതിസന്ധിയിലേക്ക്

 പാകിസ്താന് പിന്നാലെ ബംഗ്ലാദേശിലും സാമ്പത്തിക പ്രതിസന്ധി കനക്കുന്നു. വിലക്കയറ്റം രൂക്ഷമായതോടെ ഷെയ്ഖ് ഹസീന സർക്കാരിനെതിരെ ജനം പലയിടത്തും തെരുവിലിറങ്ങി. പ്രതിപക്ഷ കക്ഷികളും ഹസീനയുടെ രാജി ആവശ്യപ്പെട്ടു. കോവിഡ് പ്രതിസന്ധിയിൽ വസ്ത്ര നിർമാണ മേഖല തകർന്നതാണ് ബംഗ്ലാദേശിന് തിരിച്ചടി ആയത്. 470 കോടി ഡോളറിന്റെ സാമ്പത്തിക സഹായം കഴിഞ്ഞ ദിവസം ഐ എം എഫ് ബംഗ്ലാദേശിന് അനുവദിച്ചിട്ടുണ്ട്. ഈ സഹായത്തിലൂടെ തത്കാലം പിടിച്ചു നിൽക്കാം എന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. എന്നാൽ ഇന്ധന ഇറക്കുമതിക്ക് അടക്കം പണമില്ലാതായത് പ്രതിസന്ധി രൂക്ഷമാക്കും. പാകിസ്ഥാൻ അതിരൂക്ഷമായ ഇന്ധന പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന് എണ്ണക്കമ്പനികളുടെ മുന്നറിയിപ്പ്. ഇക്കാര്യം അറിയിച്ച് ഓയിൽ അഡ്വൈസറി കൗൺസിൽ സർക്കാരിന് കത്തു നൽകി. പാകിസ്താനി രൂപയുടെ മൂല്യത്തിൽ തുടർച്ചയായുണ്ടാവുന്ന ഇടിവ് കമ്പനികളെ നഷ്ടത്തിൽനിന്ന് നഷ്ടത്തിലേക്ക് നയിക്കുകയാണ്. 

Follow Us:
Download App:
  • android
  • ios