കെഎസ്ആർടിസിക്ക് ദേവസ്വം മന്ത്രിയുടെ വിമർശനം, കൂടത്തായി ജോളിയുടെ ഹർജി തള്ളി, അറിയാം ഇന്നത്തെ പത്ത് വാർത്തകൾ
1- കേരളത്തിൽ ഹൈവേ നിർമാണത്തിന് കിലോമീറ്ററിന് 100 കോടി ചെലവ്: കേന്ദ്ര മന്ത്രി
കേരളത്തിൽ ഒരു കിലോമീറ്റർ ഹൈവേ നിർമാണത്തിന് 100 കോടി രൂപയാണ് ചെലവെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. പാർലമെന്റിൽ രാജ്യത്തെ റോഡ് നിർമ്മാണത്തെ കുറിച്ച് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഹൈവേ നിർമ്മാണത്തിന് ഭൂമി ഏറ്റെടുക്കലിന് ചെലവാകുന്ന തുകയുടെ 25% ഭൂമിയുടെ തരാമെന്ന് കേരളത്തിലെ മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാൽ പിന്നീട് അദ്ദേഹം അതിൽ നിന്ന് പിന്മാറിയെന്നും നിതിൻ ഗഡ്കരി പറഞ്ഞു...
2- കെഎസ്ആർടിസിക്ക് ദേവസ്വം മന്ത്രിയുടെ വിമർശനം
ശബരിമല അവലോകന യോഗത്തിൽ കെഎസ്ആർടിസിയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ വിമർശിച്ചു. കെഎസ്ആർടിസി അധിക ചാർജ് വാങ്ങുമ്പോൾ അതിനുള്ള സൗകര്യങ്ങൾ ഒരുക്കണമെന്ന് മന്ത്രി പറഞ്ഞു. സീറ്റ് കപ്പാസിറ്റിയിൽ കൂടുതൽ തീർത്ഥാടകരെ ബസിൽ കൊണ്ടുപോകരുത്. സഞ്ചാര യോഗ്യമല്ലാത്ത വാഹനങ്ങൾ ശബരിമലയിൽ സർവീസിനായി ഉപയോഗിക്കരുതെന്നും മന്ത്രി ആവശ്യപ്പെട്ടു...
3- 'മദ്യം കഴിച്ചാൽ മരിക്കും'; ബിഹാർ വിഷമദ്യ ദുരന്തത്തിൽ മുഖ്യമന്ത്രി നിതീഷ് കുമാർ
മദ്യം കഴിച്ചാൽ തീർച്ചയായും മരിക്കുമെന്ന് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. സരൺ ജില്ലയിലുണ്ടായ വിഷമദ്യ ദുരന്തത്തെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബീഹാറിലെ വിഷമദ്യ ദുരന്തത്തിൽ 39 പേർക്ക് ജീവൻ നഷ്ടമായി. നിരവധി പേർ ഇപ്പോഴും ആശുപത്രിയിൽ തുടരുകയാണ്. മദ്യദുരന്തത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാനുള്ള സാധ്യതയെ തള്ളിക്കളഞ്ഞു കൊണ്ടാണ് മുഖ്യമന്ത്രി നിതീഷ് കുമാർ പ്രതികരിച്ചതെന്ന് എൻഡിടിവി വാർത്തയിൽ വ്യക്തമാക്കുന്നു. 2016 മുതൽ മദ്യനിരോധനം നിലനിൽക്കുന്ന സംസ്ഥാനമാണ് ബീഹാർ. അതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കേണ്ടതാണെന്നും നിതീഷ് കുമാർ പറഞ്ഞു...
കൂടത്തായി റോയ് വധക്കേസിൽ ഒന്നാം പ്രതി ജോളിയുടെ വിടുതൽ ഹർജി തള്ളി. കോഴിക്കോട് പ്രത്യേക അഡീഷണൽ സെഷൻസ് കോടതിയാണ് ഹർജി തളളിയത്. കേസിൽ ഈ മാസം 24 ന് വിചാരണ നടപടികൾ തുടങ്ങും.17 വർഷങ്ങൾക്കിടെ 6 കൊലപാതകങ്ങൾ നടന്ന കൂടത്തായി കൊലപാതക പരമ്പരയിൽ ആദ്യം കൊല്ലപ്പെട്ടത് ജോളിയുടെ അമ്മായി അന്നമയാണ്. 2002 ഓഗസ്റ്റ് 22നായിരുന്നു ഇത്. ആട്ടിൻ സൂപ്പിൽ നായയെ കൊല്ലാനുള്ള വിഷം കലർത്തി നൽകിയായിരുന്നു കൊലപാതകം...
5- തിരുവനന്തപുരത്ത് യുവതിയെ നടുറോഡിൽ വെട്ടിക്കൊന്നു
തിരുവനന്തപുരത്ത് പേരൂര്‍ക്കടക്ക് സമീപം വഴയിലയിൽ നടുറോഡിൽ സ്ത്രീയെ വെട്ടിക്കൊന്നു. നന്ദിയോട് സ്വദേശി സിന്ധു (50) ആണ് കൊല്ലപ്പെട്ടത്. പങ്കാളി രാജേഷിനെ (46) പേരൂര്‍ക്കട പൊലീസ് കസ്റ്റഡിയിലെടുത്തു. ഒരുമിച്ച് താമസിക്കുന്നതിനിടെ ഉണ്ടായ അഭിപ്രായ വ്യത്യാസങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.രാവിലെ ഒമ്പത് മണിയോടെ നല്ല തിരക്കുള്ള നേരത്താണ് വഴയിലയിലെ റോഡരികിൽ നാടിനെ നടുക്കിയ കൊലപാതകം നടക്കുന്നത്...
6- അര്‍ജന്‍റീനക്കെതിരായ ലോകകപ്പ് ഫൈനലില്‍ കരീം ബെന്‍സേമ ഇറങ്ങുമോ
ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സ് ആക്രമണ നിരക്ക് മൂര്‍ച്ച കൂട്ടാന്‍ കരീം ബെന്‍സേമ കൂടിയെത്തുമെന്ന് സൂചന. ലോകകപ്പ് ടീമിലുണ്ടായിരുന്ന കരീം ബെന്‍സേമ, ലോകകപ്പിന്‍റെ തുടങ്ങുന്നതിന് തൊട്ടുമുമ്പ് പരിശീലനത്തിനിടെ പരിക്കേറ്റ് പുറത്താവുകയായിരുന്നു. ഫ്രാന്‍സ് ആദ്യ മത്സരത്തിനിറങ്ങും മുമ്പായിരുന്നു ഇത്.എന്നാല്‍ ബെന്‍സെമയക്ക് പകരം ആരെയും കോച്ച് ദിദിയെര്‍ ദെഷാം ടീമിലെടുത്തതുമില്ല. ഇതോടെ മറ്റ് ടീമുകളെല്ലാം 26 അംഗ ടീമുമായി കളിക്കുമ്പോള്‍ ഫ്രാന്‍സ് ടീമില്‍ 25 പേരെ ഉണ്ടായിരുന്നുള്ളു.
7-എറണാകുളത്ത് യുവാവിനെ അയൽവാസികൾ അടിച്ച് കൊലപ്പെടുത്തി
അതിക്രൂരമായ മർദ്ദനത്തെ തുടർന്ന് എറണാകുളം ജില്ലയിൽ യുവാവ് കൊല്ലപ്പെട്ടു. എടവനക്കാട് സ്വദേശി സനലാണ് മരിച്ചത്. 34 വയസായിരുന്നു. അയൽവാസികളായ അച്ഛനും മകനും ചേർന്നാണ് സനലിനെ മർദ്ദിച്ചത്. പ്രതികളായ വേണുവിനെയും മകൻ ജയരാജിനെയും ഞാറക്കൽ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. ഇന്നലെ രാത്രിയാണ് വേണുവും ജയരാജും ചേർന്ന് സനലിനെ മർദ്ദിച്ചത്.
8-'വിഷ്ണുപ്രിയയെ കൊന്നത് ശ്യാംജിത്ത് സ്വയം നിര്‍മിച്ച ആയുധം കൊണ്ട്'
പാനൂർ മൊകേരി വിഷ്ണുപ്രിയ കൊലക്കേസിൽ പൊലീസ് തലശ്ശേരി എസി ജെ എം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. കൊലയ്ക്ക് കാരണം പ്രണയനൈരാശ്യമാണെന്നും ദിവസങ്ങൾ നീണ്ട ആസൂത്രണത്തിലൂടെയാണ് കൊലപാതകം നടത്തിയതെന്നും കുറ്റപത്രത്തിൽ പറയുന്നു. ശ്യാം ജിത്ത് സ്വയം നിര്‍മിച്ച ആയുധം കൊണ്ടായിരുന്നു കൊലപാതകം. തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതായും കുറ്റപത്രത്തിലുണ്ട്. ഒക്ടോബർ 22 ന് പട്ടാപ്പകലാണ് വിഷ്ണു പ്രിയയെ പ്രതി വീട്ടിൽക്കയറി കൊലപ്പെടുത്തിയത്.
9- മുന്‍ മന്ത്രി പി കെ ഗുരുദാസന് വീടൊരുങ്ങി; പൗർണമിയില്‍ പാല് കാച്ചലിനെത്തി നേതാക്കള്‍
മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ പി കെ ഗുരുദാസൻ പാർട്ടി നിർമ്മിച്ച് നൽകിയ പുതിയ വീട്ടിലേക്ക് താമസം മാറി. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അടക്കമുള്ളവർ പാല് കാച്ചലിന് പൗർണമിയിലെത്തി. തിരുവനന്തപുരം കാരേറ്റ് പേടികുളത്താണ് 33 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച വീട്.
10-സാന്‍റോസിന് ഖേദിക്കാം! റോണോയെ ബെഞ്ചിലിരുത്തിയതിന് 'എട്ടിന്‍റെ പണി' വരുന്നു
ലോകകപ്പിൽ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ബെഞ്ചിലിരുത്തിയ പോര്‍ച്ചുഗൽ പരിശീലകൻ ഫെര്‍ണാണ്ടോ സാന്‍റോസ് പുറത്തേക്ക്. സൂപ്പര്‍ പരിശീലകൻ ഹോസേ മൗറീഞ്ഞ്യോ ഉൾപ്പടെയുള്ളവരാണ് പകരം പരിഗണനയിൽ. ക്രിസ്റ്റ്യാനോ റൊണാൾഡോയെ ആദ്യ ഇലവനിൽ ഉൾപ്പെടുത്താത്തതിൽ ഒരു ഖേദവുമില്ലെന്നാണ് ഫെര്‍ണാണ്ടോ സാന്‍റോസ് ലോകകപ്പ് ക്വാര്‍ട്ടറിലെ തോല്‍വിക്ക് ശേഷം പറഞ്ഞത്. എന്നാൽ, ഖേദിക്കേണ്ടി വരുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്.
