കോഴിക്കോട് താമരശ്ശേരിയിൽ നാലാം ക്ലാസുകാരി മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചതോടെ അതീവ ജാഗ്രത പ്രഖ്യാപിച്ചു.

ലോകം ഉറ്റു നോക്കിയ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനും തമ്മിലുള്ള നിര്‍ണായക കൂടിക്കാഴ്ച അവസാനിച്ചിരിക്കുകയാണ്. സമാധാന കരാറിൽ തീരുമാനമാകാതെയാണ് മൂന്ന് മണിക്കൂർ നീണ്ട ചർച്ച അവസാനിച്ചത്. അറിയാം ഇന്നത്തെ പ്രധാന വാര്‍ത്തകൾ. നാറ്റോ രാജ്യങ്ങളുമായി ഉടൻ സംസാരിക്കും. അതിന് ശേഷം തുടർനടപടിയെന്നാണ് ചർച്ചക്ക് ശേഷം ട്രംപ് പറഞ്ഞത്. വോട്ടര്‍ പട്ടിക ക്രമക്കേടും ബിഹാറിലെ വോട്ടർ പട്ടിക പരിഷ്കരണവും ഉയർത്തി പുതിയ പ്രചാരണത്തിന് ഒരുങ്ങുകയാണ് ഇന്ത്യ സഖ്യം. കോഴിക്കോട് താമരശ്ശേരിയിൽ നാലാം ക്ലാസുകാരി മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചതോടെ അതീവ ജാഗ്രത പ്രഖ്യാപിച്ചു. ഏറെ വിവാദമായ എഡിഎം നവീന്‍ ബാബുവിന്‍റെ മരണത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ സമർപ്പിച്ച ഹർജി ഇന്ന് കോടതി പരിഗണിക്കും- അറിയാം ഇന്നത്തെ പ്രധാന വാർത്തകൾ.

'നോ ഡീൽ', ധാരണയാകാതെ അലാസ്ക ഉച്ചകോടി

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനും തമ്മിലുള്ള നിര്‍ണായക കൂടിക്കാഴ്ച അവസാനിച്ചു. മൂന്ന് മണിക്കൂറോളം നീണ്ട ചർച്ചയിൽ സമാധാന കരാറായില്ല. റഷ്യ-യുക്രെയ്ൻ വെടിനിർത്തൽ വിഷയത്തിൽ ധാരണയാകാതെയാണ് ചർച്ച അവസാനിച്ചത്. പല കാര്യങ്ങളിലും ധാരണയായി എന്നും എന്നാൽ അന്തിമ കരാറിലേക്കെത്തിയില്ലെന്നും ട്രംപ് വ്യക്തമാക്കി. നാറ്റോ രാജ്യങ്ങളുമായി ഉടൻ സംസാരിക്കും. അതിന് ശേഷം തുടർനടപടിയെന്നും ട്രംപ് കൂട്ടിച്ചേർത്തു. യുക്രെയ്ൻ സഹോദര രാജ്യമെന്നാണ് പുടിന്റെ പ്രതികരണം. റഷ്യക്ക് പല ആശങ്കകളുണ്ടെന്നും പുടിൻ പറഞ്ഞു. സമാധാന ചർച്ചകളിൽ പുരോ​ഗതിയെന്ന് പറഞ്ഞ പുടിൻ ചർച്ചകൾ തുടരുമെന്നും അറിയിച്ചു. ട്രംപിനെ പുടിൻ മോസ്കോയിലേക്ക് ക്ഷണിക്കുകയും ചെയ്തു.

വോട്ടര്‍ അധികാര്‍ യാത്ര നാളെ മുതൽ

വോട്ടര്‍ പട്ടിക ക്രമക്കേടും, ബിഹാറിലെ വോട്ടർ പട്ടിക പരിഷ്കരണവും ഉയർത്തി പുതിയ പ്രചാരണത്തിനൊരുങ്ങുകയാണ് ഇന്ത്യാ സഖ്യം. രാഹുൽ ഗാന്ധിയും തേജസ്വി യാദവും നയിക്കുന്ന 'വോട്ടര്‍ അധികാര്‍ യാത്ര' നാളെ മുതൽ ആരംഭിക്കും. ബിഹാറിലെ 13 ഇടങ്ങളിലൂടെ കടന്നുപോകുന്ന യാത്രയിലുടനീളം കേന്ദ്രസര്‍ക്കാരിനെയും, തെരഞ്ഞെടുപ്പ് കമ്മീഷനെടയും കൂടുതല്‍ തുറന്ന് കാട്ടാനാണ് തീരുമാനം. ബിഹാറിലെ സസാറമില്‍ നിന്നാണ് യാത്ര തുടങ്ങുന്നത്. സംസ്ഥാനത്തെ 13 സ്ഥലങ്ങളിലൂടെ കടന്ന് പോകുന്ന യാത്ര അടുത്തമാസം ഒന്നിന് പാറ്റ്നയില്‍ സമാപിക്കും. ഇന്ത്യ സഖ്യം നേതാക്കളും യാത്രയില്‍ അണിനിരക്കും

അമീബിക് മസ്തിഷ്ക ജ്വരം, അതീവ ജാഗ്രതയിൽ ആരോഗ്യവകുപ്പ്

താമരശ്ശേരിയിലെ നാലാംക്ലാസുകാരിയുടെ മരണകാരണം അമീബിക് മസ്തിഷ്ക ജ്വരമെന്ന് സ്ഥിരീകരിച്ചതോടെ അതീവ ജാഗ്രതയിൽ ആരോഗ്യവകുപ്പ്. കുട്ടിയുടെ ബന്ധുക്കൾ ഉൾപ്പെടെ നാല് പേർ പനി ബാധിച്ച് മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ തുടരുകയാണ്. വീടിന് സമീപമുള്ള കുളത്തിൽ കുട്ടി കുളിച്ചിരുന്നുവെന്നാണ് വിവരം. കുളത്തിലേത് ഉൾപ്പെടെ ജല സാംപിളുകൾ ആരോഗ്യവകുപ്പ് ശേഖരിക്കും. പ്രദേശത്ത് അതീവ ജാഗ്രതാ നിർദേശം നൽകി. ബുധനാഴ്ച സ്കൂള്‍ വിട്ടുവന്നതിനു ശേഷമാണ് നാലാം ക്ലാസുകാരി അനയയ്ക്ക് പനി ലക്ഷണങ്ങള്‍ കണ്ടത്. ആരോഗ്യനില മോശമായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല.

എഡിഎം നവീന്‍ ബാബുവിന്‍റെ മരണം; ഭാര്യയുടെ ഹർജി കോടതിയിൽ

എഡിഎം നവീന്‍ ബാബുവിന്‍റെ മരണത്തിൽ തുടർ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ നൽകിയ ഹർജി കണ്ണൂരിലെ വിചാരണ കോടതി ഇന്ന് പരിഗണിക്കും. കുറ്റപത്രത്തിലെ 13 പിഴവുകള്‍ ചൂണ്ടിക്കാട്ടിയാണ് ഹർജി. പ്രതി, ഭരിക്കുന്ന പാര്‍ട്ടിയുടെ ഭാഗമായിട്ടും ശരിയായ തെളിവുകള്‍ ശേഖരിച്ചില്ലെന്നും പ്രശാന്തനില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്ന് വ്യാജ കേസ് നിര്‍മ്മിക്കാന്‍ ശ്രമിച്ചു എന്നുമാണ് പ്രധാന ആരോപണം. ശരിയായ അന്വേഷണം നടത്തിയാല്‍ വ്യാജ ആരോപണം തെളിയിക്കാന്‍ കഴിയുമെന്നും ഹർജിയിൽ പറയുന്നു. അന്വേഷണ പുരോഗതി ഉൾപ്പെടെ പ്രോസിക്യുഷൻ ഇന്ന് കോടതിയെ അറിയിക്കും.

ഇന്നും മഴ, തൃശൂരിൽ അവധി

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. കനത്ത മഴയെത്തുടർന്ന് തൃശൂരിൽ എല്ലാ വിദ്യഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. അടുത്ത ദിവസങ്ങളിലും വിവിധ ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. കേരളാ തീരത്ത് 50 കിലോമീറ്റർ വരെ കാറ്റ് വീശാൻ സാധ്യതയുണ്ട്. മീൻപിടിത്തത്തിന് വിലക്കുണ്ട്.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് കരുത്തർ കളത്തിൽ 

ഇംഗ്ലീഷ് പ്രീമിയ‍ർ ലീഗിന് ആവേശത്തുടക്കമായി നിലവിലെ ചാന്പ്യന്മാരായ ലിവർപൂളിന് ആദ്യ മത്സരത്തിൽ തകർപ്പൻ ജയം. ബോൺമൗത്തിനെ രണ്ടിനെതിരെ 4 ഗോളുകൾക്ക് തോൽപ്പിച്ചു. പുതിയ സീസണിൽ ഗംഭീര തുടക്കം കുറിക്കാൻ ഒരുങ്ങുകയാണ് മാഞ്ചസ്റ്റർ സിറ്റി. ട്രോഫികൾ കൊണ്ട് അമ്മാനമാടിയ യൂറോപ്പിലെ വന്പന്മാർ. താരസന്പന്നമായ പെപ്പിന്റെ മാഞ്ചസ്റ്റർ സിറ്റി. പക്ഷേ അവസാന സീസൺ സിറ്റിയുടെ എല്ലാ കണക്കും തെറ്റി. എട്ട് വർഷത്തിനിടെ ഇതാദ്യമായി കളം വിട്ടത് ഒരു കിരീടം പോലും ഇല്ലാതെ. പുതിയ സീസണിന് അരങ്ങുണരുമ്പോൾ നഷ്ടമായ പ്രതാപവും കിരീടവും തിരിച്ചുപിടിക്കണം ഇംഗ്ലീഷ് കരുത്തർക്ക്.