ഇന്ന് സംഭവിക്കാനിടയുള്ള പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

യുവനേതാവിനെതിരായ യുവനടിയുടെ വെളിപ്പടുത്തലിൽ വെട്ടിലായിരിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പ്രതിഷേധം ശക്തമാക്കാൻ സിപിഎമ്മും ബിജെപിയും തീരുമാനിച്ചതോടെ, കോണ്‍ഗ്രസ് നേതൃത്വം നിലപാട് വിശദീകരിക്കേണ്ട അവസ്ഥയിൽ എത്തിനിൽക്കുന്നു. ഇത് സംബന്ധിച്ച തുടർ വാർത്തകൾ ഇന്നുണ്ടാകും. പ്രതിപക്ഷ ബഹളത്തിനിടെ പാർലമെന്‍റ് വർഷകാല സമ്മേളനം ഇന്ന് അവസാനിക്കും. പാലിയേക്കര ടോൾ പിരിവുമായി ബന്ധപ്പെട്ട ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വീട്ടമ്മ പുഴയില്‍ ചാടി മരിച്ച സംഭവത്തിൽ റിട്ടയേര്‍ഡ് പൊലീസുദ്യോഗസ്ഥനെയും ഭാര്യയെയും കണ്ടെത്താൻ പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കി. ഇന്ന് സംഭവിക്കാനിടയുള്ള പ്രധാന വാർത്തകൾ എന്തെല്ലാമെന്ന് ഒറ്റ നോട്ടത്തിൽ അറിയാം.

യുവ നേതാവിനെതിരായ വെളിപ്പെടുത്തൽ; പ്രതിസന്ധിയിലായി കോൺഗ്രസ് നേതൃത്വം

യുവനേതാവിനെതിരായ നടി റിനി ആൻ ജോർജിന്റെ വെളിപ്പെടുത്തലിൽ പ്രതിസന്ധിയിലായി കോൺഗ്രസ് നേതൃത്വം. റിനി പേര് വെളിപ്പെടുത്തിയില്ലെങ്കിലും ആരോപണ വിധേയൻ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ആണെന്നാരോപിച്ച് ബിജെപിയും സിപിഎമ്മും പ്രക്ഷോഭം തുടങ്ങിക്കഴിഞ്ഞു. ബിജെപി ഇന്നലെ എംഎൽഎ ഓഫീസിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായിരുന്നു. സമൂഹ മാധ്യമങ്ങളിലും രാഹുലിന് എതിരായ പ്രതിഷേധം ശക്തമാണ്. ഇതോടെ വിവാദത്തിൽ നിലപാട് വിശദീകരിക്കേണ്ട സാഹചര്യത്തിലാണ് കോൺഗ്രസ് നേതൃത്വം. യുവ നേതാവിന്റെ പ്രസ്ഥാനത്തിലെ പല നേതാക്കളോടും ഇദ്ദേഹത്തിന്‍റെ പെരുമാറ്റത്തെ പറ്റി പരാതിപ്പെട്ടിട്ടും പിന്നെയും പദവികൾ ലഭിച്ചു കൊണ്ടിരുന്നു എന്ന ആരോപണവും കോൺഗ്രസ് നേതൃത്വത്തെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ഇതുവരെ പേര് വെളിപ്പെടുത്തിയില്ലെങ്കിലും യുവനേതാവ് മോശമായി പെരുമാറിയതിന്റെ തെളിവുകൾ കയ്യിലുണ്ടെന്നും ആവശ്യം വന്നാൽ അതെല്ലാം വെളിപ്പെടുത്തും എന്നുമുള്ള നിലപാടിലാണ് റിനി.

പാർലമെന്‍റ് വർഷകാല സമ്മേളനം ഇന്ന് അവസാനിക്കും

ബിഹാറിലെ എസ്ഐആർ ഉന്നയിച്ചുള്ള ബഹളം കാരണം വർഷകാല സമ്മേളനം ഏതാണ്ട് പൂർണ്ണമായും സ്തംഭിച്ചു. ഓപ്പറേഷൻ സിന്ദൂർ ചർച്ചയോട് മാത്രമാണ് പ്രതിപക്ഷം സഹകരിച്ചത്. ബഹളത്തിനിടെ കാര്യമായ ചർച്ചയില്ലാതെയാണ് പല ബില്ലുകളും സർക്കാർ പാസ്സാക്കിയത്. ഇൻകം ടാക്സ് ബില്ല് ഉൾപ്പെടെ ചില ബില്ലുകളുടെ ചർച്ച പ്രതിപക്ഷം ബഹിഷ്ക്കരിച്ചു. അധികാര സ്ഥാനങ്ങളിൽ ഇരിക്കുന്നവരെ മുപ്പത് ദിവസം കസ്റ്റഡിയിൽ കിടന്നാൽ നീക്കാനുള്ള ബില്ല് ഇന്നലെ കയ്യാങ്കളിക്കിടെയാണ് ലോക്സഭ പാസ്സാക്കിയത്. ജെപിസി രൂപീകരണം രാജ്യസഭ അജണ്ടയിൽ ഉൾപ്പെടുത്തി. ഇന്നലെ ബഹളം വച്ച അംഗങ്ങളെ സസ്പെൻഡ് ചെയ്യണം എന്നാവശ്യപ്പെട്ട് ഭരണപക്ഷം പരാതി നൽകിയിരുന്നു. ലോക്സഭ പാസാക്കിയ ഓൺലൈൻ ഗെയിമിംഗ് നിയന്ത്രിക്കാനുള്ള ബിൽ ഇന്ന് രാജ്യസഭയും പാസ്സാക്കും.

ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സമയപരിധി നിശ്ചയിച്ചതിനെതിരെ രാഷ്ട്രപതി നൽകിയ റഫറന്‍സില്‍ വാദം

ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സമയ പരിധി നിശ്ചയിച്ച വിധിക്കെതിരെ രാഷ്ട്രപതി നൽകിയ റഫറന്‍സില്‍ സുപ്രീംകോടതിയിൽ ഇന്നും വാദം തുടരും. റഫറൻസിനെ അനുകൂലിച്ച് കേന്ദ്ര സർക്കാർ വാദമാണ് ഇന്ന് നടക്കുക. ഗവർണർമാർക്ക് ബില്ലുകൾ നിയമസഭയിലേക്ക് തിരികെ അയയ്ക്കാതെ അനുമതി നൽകുന്നത് തടയാൻ കഴിയുമെങ്കിൽ, തെരഞ്ഞെടുക്കപ്പെട്ട സർക്കാറുകൾ ഗവർണറുടെ ഇഷ്ടാനുസരണത്തിന് നിൽക്കേണ്ടിവരില്ലേ എന്ന് സുപ്രീം കോടതി ഇന്നലെ ചോദിച്ചിരുന്നു. ഗവർണറുടെ വിവേചന അധികാരത്തെക്കുറിച്ചും സുപ്രീംകോടതി ചോദ്യങ്ങൾ ഉയർത്തി. ഗവർണർക്ക് വിവേചനാധികാരം ഉണ്ടെന്നും ബില്ലിൽ ഭരണഘടന പ്രശ്നങ്ങൾ ഉള്ളപ്പോഴാണ് ഇടപെടുന്നതെന്നുമായിരുന്നു കേന്ദ്ര സർക്കാരിന്റെ വാദം. വിവേചനാധികാരം സംബന്ധിച്ച് തുടർവാദം ഇന്നും തുടരും.

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്: ഇന്ത്യ സഖ്യ സ്ഥാനാർത്ഥി സുദർശൻ റെഡ്ഡി ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും

ഇന്ത്യ സഖ്യത്തിൻ്റെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയായി ബി.സുദർശൻ റെഡ്ഡി ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. വരണാധികാരിയായ രാജ്യസഭ സെക്രട്ടറി ജനറലിന് മുൻപാകെയാകും പത്രിക നൽകുക. സുദർശൻ റെഡ്ഡിയെ സ്ഥാനാർത്ഥിയാക്കിയത് വഴി തെലുങ്ക് ദേശം പാർട്ടി, ടിഡിപി, ബിആർഎസ് തുടങ്ങിയ കക്ഷികളിൽ സമ്മർദമുണ്ടാക്കാനാണ് ഇന്ത്യ സഖ്യത്തിൻ്റെ നീക്കം. എൻഡിഎ സ്ഥാനാർത്ഥി സി പി രാധാകൃഷ്ണൻ ഇന്നലെ പത്രിക നൽകിയിരുന്നു. അടുത്ത മാസം 9നാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്.

പാലിയേക്കര കേസ് വീണ്ടും കോടതിയിൽ

ഇടപള്ളി-മണ്ണുത്തി ദേശീപാതയിലെ പാലിയേക്കര ടോൾ പിരിവുമായി ബന്ധപ്പെട്ട ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ടോൾ പിരിവ് നാലാഴ്ചത്തേക്ക് തടഞ്ഞ് ഇക്കഴിഞ്ഞ ആറിന് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് അധ്യക്ഷനായ ഡിവിഷൻ ബഞ്ച് ഉത്തരവിട്ടിരുന്നു. രൂക്ഷമായ ഗതാഗതകുരുക്ക് കണക്കിലെടുത്ത് പാലിയേക്കര ടോൾ പിരിവ് നിർത്തിവെയ്കക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂർ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്, ഷാജി കോടകണ്ടത്ത് തുടങ്ങിയവർ നൽകിയ ഹർജിയാണ് കോടതി പരിഗണിക്കുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ എത്രയും വേഗം പരിഹാരം കാണണമെന്ന നിർദേശത്തോടെയാണ് ടോൾ പിരിവ് നിർത്തിവെയ്ക്കാൻ കോടതി നിർദ്ദേശിച്ചിരുന്നത്. ഇതിനെതിരെയുള്ള അപ്പീൽ സുപ്രീംകോടതി തള്ളിയിരുന്നു.

വീട്ടമ്മ പുഴയില്‍ ചാടി മരിച്ച സംഭവം: റിട്ടയേര്‍ഡ് പൊലീസുദ്യോഗസ്ഥനെയും ഭാര്യയെയും കണ്ടെത്താൻ തെരച്ചിൽ

എറണാകുളം കോട്ടുവള്ളിയിൽ വീട്ടമ്മ പുഴയില്‍ ചാടി മരിച്ച കേസില്‍ പ്രതികളായ റിട്ടയേര്‍ഡ് പൊലീസുദ്യോഗസ്ഥനും ഭാര്യയും ഒളിവില്‍ തുടരുന്നു. റിട്ടയേര്‍ഡ് പൊലീസ് ഉദ്യോഗസ്ഥന്‍ പ്രദീപ്, ഭാര്യ ബിന്ദു എന്നിവരെ കണ്ടെത്താനുളള അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. ഇന്നലെ രാത്രി ഏറെ നാടകീയതകള്‍ക്കൊടുവില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ ഇവരുടെ മൂത്ത മകളെ കൊച്ചിയില്‍ നിന്ന് പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇവരെ പ്രതി ചേര്‍ക്കുന്ന കാര്യത്തിലും ഇന്ന് തീരുമാനമുണ്ടാകും. കടം വാങ്ങിയ പണത്തിന് അമിത പലിശ ആവശ്യപ്പെട്ട് പ്രദീപും ബിന്ദുവും ചേര്‍ന്ന് ഭീഷണിപ്പെടുത്തിയതില്‍ മനം നൊന്താണ് വീട്ടമ്മയായ ആശ ബെന്നി ആത്മഹത്യ ചെയ്തതെന്നാണ് പരാതി.