സിപിഐ പാർട്ടി കോൺഗ്രസിന് ഛണ്ഡീഗഡിൽ തുടക്കമാകുന്നു, ഷൈൻ ടീച്ചർക്കെതിരായ സൈബർ അധിക്ഷേപത്തിൽ അന്വേഷണം വേഗത്തിൽ, അമീബിക് മസ്‌തിഷ്‌ക ജ്വരം, അനിൽകുമാറിൻ്റെ മരണം തുടങ്ങിയവയാണ് ഇന്നത്തെ പ്രധാന വാർത്തകൾ, ഒറ്റനോട്ടത്തിൽ അറിയാം

സിപിഐ പാർടി കോൺഗ്രസിന് ഇന്ന് തുടക്കം

സിപിഐയുടെ ഇരുപത്തഞ്ചാം പാർട്ടി കോൺഗ്രസിന് ഇന്ന് തുടക്കം. ചണ്ഡീഗഡിൽ രാവിലെ 11 മണിക്ക് റാലിയോടെ ആണ് പാർട്ടി കോൺഗ്രസിന് തുടക്കം ആവുന്നത്. റാലിക്ക് ശേഷം ഇന്ന് വൈകീട്ട് ദേശീയ എക്സിക്യൂട്ടിവ്, ദേശീയ കൗൺസിൽ യോഗങ്ങൾ ചേരും. നാളെ പ്രതിനിധി സമ്മേളനത്തിൻ്റെ ഉൽഘാടനത്തിൽ സിപിഎം ജന സെക്രട്ടറി എംഎ ബേബി അടക്കം വിവിധ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കൾ പങ്കെടുക്കും. ജന സെക്രട്ടറി സ്ഥാനത്ത് ഡി രാജ തുടരുമോ എന്നതിൽ ഇന്നും നാളെയുമായി നേതാക്കൾക്ക് ഇടയിൽ ആശയവിനിമയം നടന്നേക്കും.

ഏഷ്യാ കപ്പിൽ ഇന്ത്യ - പാക് പോരാട്ടം

ഏഷ്യാകപ്പ് സൂപ്പർ ഫോറിൽ ഇന്ന് ഇന്ത്യ - പാകിസ്ഥാൻ പോരാട്ടം. ദുബായിൽ രാത്രി എട്ടിനാണ് മത്സരം തുടങ്ങുക. ഒമാനെതിരെ വിയർത്തെങ്കിലും പാകിസ്ഥാനെതിരെ ഇറങ്ങുമ്പോൾ സൂര്യകുമാർ യാദവിന്റെയും സംഘത്തിന്റെയും വീര്യം ഇരട്ടിയാവും. കളിയുടെ ഗതിയും വിധിയും നിശ്ചയിക്കുക സ്പിന്നർമാരുടെ മികവായിരിക്കും. അക്സർ പട്ടേൽ പരിക്കിൽ നിന്ന് മുക്തനായില്ലെങ്കിൽ ഹർഷിത് റാണയ്ക്കോ അർഷദീപ് സിംഗിനോ അവസരം കിട്ടും. ജസ്പ്രീത് ബുംറയും വരുൺ ചക്രവർത്തിയും തിരിച്ചെത്തും. ബാറ്റിംഗ് നിരയിൽ ആശങ്കയില്ല, പരീക്ഷണവും ഉണ്ടാവില്ല. വ്യക്തിഗത മികവുണ്ടെങ്കിലും ഇന്ത്യക്ക് മുന്നിൽ കളിമറക്കുന്നതാണ് പാകിസ്ഥാന്റെ വെല്ലുവിളി. ഷഹീൻ ഷാ അഫ്രീദിയും സ്പിന്നർമാരും അവസരത്തിനൊത്ത് ഉയർന്നാലേ അയൽക്കാർക്ക് രക്ഷയുള്ളൂ. ട്വന്റി 20യിൽ ഇരുടീമും നേർക്കുനേർ വരുന്ന പതിനഞ്ചാമത്തെ മത്സരം. പതിനൊന്നിലും ജയം ഇന്ത്യക്കൊപ്പം. പാകിസ്ഥാന്റെ ആശ്വാസം മൂന്ന് ജയം മാത്രം.

അമീബിക് മസ്തിഷ്ക ജ്വരം ആശങ്ക ഒഴിയുന്നില്ല

കോഴിക്കോട് മെഡിക്കൽ കോളേജിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒൻപത് പേർ ചികിത്സയിൽ തുടരുന്നു. മലപ്പുറം സ്വദേശിയായ പതിമൂന്ന്കാരനാണ് ഇന്നലെ പുതുതായി രോഗം സ്ഥിരീകരിച്ചത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിലുള്ളവരാണ് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളത്. രോഗം സ്ഥിരീകരിച്ച രാമനാട്ടുകര സ്വദേശി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിൽ കഴിയുന്നുണ്ട്. ഒന്നരമാസത്തിനിടെ മെഡിക്കൽ കോളേജിൽ ചികിത്സ തേടിയ ഏഴ് പേരാണ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചത്. കഴിഞ്ഞ ദിവസം രോഗം ബാധിച്ച് മരിച്ച ചാവക്കാട് സ്വദേശിയുടെ രോഗ ഉറവിടം കണ്ടെത്താൻ ആരോഗ്യവകുപ്പ് പരിശോധന ആരംഭിച്ചു.

ഷൈൻ ടീച്ചറുടെ പരാതിയിൽ അന്വേഷണം വേഗത്തിൽ

സിപിഎം നേതാവ് കെ.ജെ. ഷൈനെതിരായ അധിക്ഷേപ പരാമർശങ്ങളിൽ അന്വേഷണം വേഗത്തിലാക്കി പൊലീസ്. മെറ്റയിൽ നിന്ന് സമൂഹമാധ്യമ പോസ്റ്റുകളുടെ ഉറവിടം തേടിയതിന് പിന്നാലെ വേഗം മറുപടി വേണമെന്നാവശ്യപ്പെട്ട് വീണ്ടും മെയിൽ അയച്ചിട്ടുണ്ട്. പോസ്റ്റുകൾ വന്ന അക്കൗണ്ടുകൾ ഇവർ തന്നെയാണോ കൈകാര്യം ചെയ്തതെന്ന് ഉറപ്പിക്കുന്നതിന്‍റെ ഭാഗമായാണ് നടപടി. മെറ്റയിൽ നിന്നുള്ള റിപ്പോർട്ട് ലഭിച്ചതിന് ശേഷമാകും കെ.എം.ഷാജഹാൻ അടക്കമുള്ളവരെ ചോദ്യം ചെയ്യുന്നതുൾപ്പെടെയുള്ള നടപടികൾ. 100ലേറെ സമൂഹമാധ്യമ അക്കൗണ്ടുകൾ അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. കൂടുതൽ പേരെ കേസിൽ പ്രതി ചേർക്കാനും സാധ്യതയുണ്ട്. മുനമ്പം ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല.

തിരുമല അനിലിൻ്റെ സംസ്‌കാരം ഇന്ന്

തിരുവനന്തപുരം നഗരസഭ കൗണ്‍സിലർ തിരുമല അനിലിൻെറ സംസ്കാരം ഇന്ന്. ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിലും തിരുമലയിലും പൊതു ദർശനത്തിന് ശേഷം വീട്ടിലേക്ക് മൃതദേഹം കൊണ്ടുപോകും. ഉച്ചയ്ക്ക് ശേഷമായിരിക്കും ശാന്തികവാടത്തിൽ സംസ്കാരം. അനിൽ പ്രസിഡൻറായ സഹകരണ സംഘത്തിലുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ തുടർന്നായിരുന്നു ആത്മഹത്യ. ആറുകോടിലധികം രൂപ നിക്ഷേപകർക്ക് നൽകാനുണ്ട്. താൻ ഒറ്റപ്പെട്ടുവെന്ന് ചൂണ്ടികാട്ടി പാർടി നേതൃത്വത്തെ കുറ്റപ്പെടുത്തിയുള്ള ആത്മഹത്യ കുറിപ്പെഴുതി വച്ചാണ് കൗണ്‍സിലറുടെ ഓഫീസ് മുറിയിൽ അനിൽ കുമാർ ജീവനൊടുക്കിയത്. പൂജപ്പുര പൊലിസ് അന്വേഷണം നടത്തിവരികയാണ്. സിപിഎമ്മിൻ്റെ ഗൂഢാലോചനയുടെ ഭാഗമായി പോലീസ് ഭീഷണിപ്പെടുത്തിയതാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് ബിജെപി ആരോപിക്കുന്നത്.