ഓപ്പറേഷൻ നുംഖോറിൽ വ്യാപക പരിശോധന തുടരാനാണ് കസ്റ്റംസ് തീരുമാനം. ഷാഫി പറമ്പിൽ എംപിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ   ഇഎൻ സുരേഷ് ബാബുവിനെതിരെ പരാതി, ഡിസിസി പ്രസിഡന്‍റുമാരുടെ മാറ്റത്തിലും ചര്‍ച്ച തുടങ്ങി ഇന്നത്തെ പ്രധാന വാർത്തകളറിയാം.

തിരുവനന്തപുരം: കേരളത്തിൽ ശക്തമായ മഴ തുടരുകയാണ്. എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടുണ്ട്. ശക്തമായ കാറ്റിനും സാധ്യയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. തിരുവനന്തപുത്ത് കളക്ടർ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ മെഡിക്കൽ കോളേജ് ഡോക്ടർമാർ ഇന്ന് മുതൽ നിസ്സഹകരണ സമരത്തിലാണ്. സിപിഎം നേതാവ് കെ.ജെ.ഷൈനിന് എതിരായ സൈബർ ആക്രമണ കേസിൽ അറസ്റ്റിലായ യൂട്യൂബർ കെ.എം.ഷാജഹാനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഓപ്പറേഷൻ നുംഖോറിൽ വ്യാപക പരിശോധന തുടരാനാണ് കസ്റ്റംസ് തീരുമാനം. ഷാഫി പറമ്പിൽ എംപിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബുവിനെതിരെ പരാതി, പുതിയ കെപിസിസി ഭാരവാഹികള്‍ക്കൊപ്പം ഡിസിസി പ്രസിഡന്‍റുമാരുടെ മാറ്റത്തിലും ചര്‍ച്ച തുടങ്ങി ഇന്നത്തെ പ്രധാന വാർത്തകളറിയാം.

ഡോക്ടർമാർ ഇന്ന് മുതൽ നിസ്സഹകരണ സമരത്തിൽ

സംസ്ഥാനത്തെ മെഡിക്കൽ കോളേജ് ഡോക്ടർമാർ ഇന്ന് മുതൽ നിസ്സഹകരണ സമരത്തിലാണ്. പുതിയ അധ്യാപക തസ്തികകൾ സൃഷ്ടിക്കുക, ശന്പള പരിഷ്കരണം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് KGMCTAയുടെ സമരം. ഔദ്യോഗിക ചർച്ചകളിൽ നിന്ന് മെഡിക്കൽ കോളേജ് ഡോക്ടർമാർ വിട്ടുനിൽക്കും. തിങ്കളാഴ്ച വിദ്യാർഥികളുടെ തിയറി ക്ലാസുകൾ ബഹിഷ്കരിക്കും. ഒക്ടോബർ മൂന്നിന് മെഡിക്കൽ കോളേജുകളിൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധിക്കും. ഒക്ടോബർ പത്തിന് മെഡിക്കൽ കോളേജുകളിൽ ധർണ്ണ നടത്തും. ആവശ്യങ്ങൾ നടപ്പാക്കിയില്ലെങ്കിൽ അധ്യയനം നിർത്തിവയ്ക്കുമെന്നും ഒപി ബഹിഷ്കരിക്കുമെന്നും മുന്നറിയിപ്പുണ്ട്.

ഇഎൻ സുരേഷ് ബാബുവിനെതിരെ പൊലീസിൽ പരാതി, കേസെടുക്കണമെന്ന് ആവശ്യം

ഷാഫി പറമ്പിൽ എംപിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബുവിനെതിരെ പൊലീസിൽ പരാതി. കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി പ്രമോദാണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്. പരാമ‍ർശത്തിൽ കേസെടുക്കണമെന്നാണ് ആവശ്യം. ഇന്നലെയാണ് സുരേഷ് ബാബു ഷാഫി പറമ്പിലിനെതിരെ ആരോപണമുന്നയിച്ചത്. ഇതിനെതിരെ ഷാഫി പ്രതികരിച്ച് രം​ഗത്തെത്തിയതോടെ ഷാഫിയുടെ പേര് പറഞ്ഞില്ലെന്നായിരുന്നു സുരേഷ് ബാബുവിൻ്റെ മലക്കംമറിച്ചിൽ.

ഡിസിസി പ്രസിഡന്‍റുമാരുടെ മാറ്റത്തിലും ചര്‍ച്ച

പുതിയ കെപിസിസി ഭാരവാഹികള്‍ക്കൊപ്പം ഡിസിസി പ്രസിഡന്‍റുമാരുടെ മാറ്റത്തിലും ചര്‍ച്ച പുനരുജ്ജീവിപ്പിച്ച് കെപിസിസി നേതൃത്വം. തൃശ്ശൂര്‍ ഒഴികെ എല്ലാ ഡിസിസികളിലും പുതിയ അധ്യക്ഷൻമാരെ കൊണ്ടുവരികയാണ് ലക്ഷ്യം. അതേ സമയം പുതിയ ഡിസിസി അധ്യക്ഷൻമാരെ ചൊല്ലിയുള്ള തര്‍ക്കമാണ് വെല്ലുവിളി.നേരത്തെ പാര്‍ട്ടി പുനസംഘടനയിലും കേരളത്തിലും ദില്ലിയിലുമായി നടത്തിയ ചര്‍ച്ചക്കൊടുവിൽ ദേശീയ നേതൃത്വത്തിന് മുൻപാകെ എത്തിയത് ജംബോ പട്ടികയാണ്. ഡിസിസി പ്രസിഡന്‍റുമാരെ ചൊല്ലി തര്‍ക്കവും. ഇതോടെ വെട്ടിയൊതുക്കി തര്‍ക്കം തീര്‍ത്ത് പട്ടിക സമര്‍പ്പിക്കാൻ ദേശീയ നേതൃത്വം നിര്‍ദ്ദേശിച്ചു.

ഷൈന്‍റെ പേര് പറഞ്ഞിട്ടില്ലെന്ന് കെഎം ഷാജഹാൻ, ഇന്ന് കോടതിയിൽ ഹാജരാക്കും

സിപിഎം നേതാവ് കെജെ ഷൈനും വൈപ്പിൻ എംഎൽഎയ്ക്കുമെതിരായ സൈബർ ആക്രമണത്തിൽ അറസ്റ്റിലായ യൂട്യൂബർ കെഎം ഷാജഹാനെ ഇന്ന് കോടതിയിൽ ഹാജരാക്കും. നിലവിൽ ആലുവ സൈബർ ക്രൈം സ്റ്റേഷനിലാണ് ഷാജഹാൻ. ഇന്നലെ രാത്രി തിരുവനന്തപുരത്തെ വീട്ടിൽ നിന്നാണ് ഷാജഹാനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഷൈന്‍റെ പേര് പറഞ്ഞിട്ടില്ലെന്നായിരുന്നു ഷാജഹാന്‍റെ പ്രതിരോധം. രണ്ട് ദിവസം മുന്പ് കെജെ ഷൈനിന്‍റെ പേരെടുത്ത് പറഞ്ഞ് പുതിയൊരു വീഡിയോ ഷാജഹാൻ പുറത്തുവിട്ടിരുന്നു.

ഓപ്പറേഷൻ നുംഖോർ, മാഹീന്‍റെ മൊഴിയെടുപ്പ് ഇന്ന്

നികുതി വെട്ടിച്ച് വിദേശത്തു നിന്ന് കടത്തിയ വാഹനങ്ങൾക്കായുള്ള കസ്റ്റംസ് പരിശോധന ഇന്നും തുടരും. 39 കാറുകൾ കസ്റ്റംസ് പിടിച്ചെടുത്തു. വ്യാപക പരിശോധനയ്ക്കായി കൂടുതൽ ഉദ്യോഗസ്ഥരുടെ സഹായം കസ്റ്റംസ് തേടി. കൊച്ചി കുണ്ടന്നൂരിൽ നിന്ന് ഫസ്റ്റ് ഓണർ ലാൻഡ് റോവർ പിടികൂടിയതിൽ കാർ ഉടമ എന്ന് സംശയിക്കുന്ന മൂവാറ്റുപുഴ സ്വദേശി മാഹീൻ അൻസാരി ഇന്ന് കസ്റ്റംസിന് മൊഴി കൊടുക്കാൻ ഹാജരാകും. മാഹീന് കാർ കടത്തിൽ ഇടനിലക്കാരായി പ്രവർത്തിക്കുന്ന കോയമ്പത്തൂർ റാക്കറ്റുമായി ബന്ധമുണ്ടെന്ന സംശയത്തിലാണ് അന്വേഷണസംഘം.