നെഹ്റു ട്രോഫി വള്ളംകളി, രാഷ്ട്രീയ വടംവലികൾ, ഓണമടുക്കുന്ന വിശേഷങ്ങൾ എന്നിവയാണ് ഇന്നത്തെ പ്രധാന വാർത്തകൾ.

റെ ആവേശം നിറഞ്ഞ നെഹ്റു ട്രോഫി വള്ളംകളിയും രാഷ്ട്രീയ വടംവലികളും ഓണമടുക്കുന്ന വിശേഷങ്ങളും എല്ലാമായി വര്‍ത്തകളാൽ സന്പന്നമായ പകലിലേക്കാണ് നമ്മൾ കടക്കുന്നത്. ഇന്ന് വരാനിരിക്കുന്നതും അറിഞ്ഞിരിക്കേണ്ടതുമായ ഏറ്റവും പ്രധാനപ്പെട്ട വാര്‍ത്തകൾ അറിയാം.

ഓളങ്ങളെ കീറിമുറിക്കുന്ന 'ആവേശം' നെഹ്റു ട്രോഫി വള്ളംകളി ഇന്ന്

ഇന്ന് ആലപ്പുഴ പുന്നമടക്കായലില്‍ നടക്കാനിരിക്കുന്ന 71-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഓളത്തിലാണ് വള്ളംകളി പ്രേമികൾ. കായലില്‍ ട്രാക്കുകൾ വേര്‍തിരിക്കുന്നതുൾപ്പെടെയുള്ള പ്രവര്‍ത്തനങ്ങൾ പൂര്‍ത്തിയായി. രാവിലെ 11 മണിക്കാണ് വള്ളം കളി ആരംഭിക്കുക. രണ്ട് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. ആദ്യം നടക്കുക ചെറുവള്ളങ്ങളുടെ ഹീറ്റ്സാണ്. തുടര്‍ന്ന് ചുണ്ടന്‍ വള്ളങ്ങളുടെ ഹീറ്റ്സും ചെറുവള്ളങ്ങളുടെ ഫൈനല്‍ മത്സരങ്ങളും നടക്കും.

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഇന്ന് ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകില്ല

വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഇന്ന് ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകില്ല. ഇന്ന് രാവിലെ പത്തിന് തിരുവനന്തപുരത്തെ ഓഫീസിൽ എത്താൻ ആയിരുന്നു അന്വേഷണസംഘം ആവശ്യപ്പെട്ടിരുന്നത്. എന്നാൽ നോട്ടീസ് ലഭിച്ചില്ലെന്നും അതിനാൽ ഹാജരാകില്ലെന്നുമാണ് രാഹുൽ അവകാശപ്പെടുന്നത്. ഇന്ന് ഹാജരായില്ലെങ്കിൽ മറ്റൊരു ദിവസത്തേക്ക് വീണ്ടും നോട്ടീസ് നൽകാനാണ് ക്രൈംബ്രാഞ്ചിൻ്റെ തീരുമാനം. യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിച്ച കേസിലെ പ്രതികളുടെ ഫോണിൽ നിന്ന് ലഭിച്ച ശബ്ദരേഖയിൽ രാഹുലിന്റെ പേര് പരാമർശിച്ചതോടെയാണ് വീണ്ടും ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചിരുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ഇന്നലെ രാഹുലിന്റെ അടുത്ത സുഹൃത്തുക്കളായ നാലുപേരുടെ വീട്ടിൽ പരിശോധന നടത്തുകയും മൊബൈൽ ഫോണുകൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ സ്ത്രീകളെ പിന്തുടർന്ന് ശല്യപ്പെടുത്തിയെന്ന കേസിൽ പ്രത്യേക സംഘം ഇന്ന് പരിശോധന തുടങ്ങും.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചൈനയിലേക്ക്

ജപ്പാൻ സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചൈനയിലേക്ക് തിരിക്കും. ജാപ്പനീസ് പ്രധാനമന്ത്രി ഷിഗെരു ഇഷിബ മോദിക്ക് ഉച്ച വിരുന്ന് നല്കും. പ്രധാനമന്ത്രി ഇഷിബയ്ക്കൊപ്പം ടോക്യോയിലെ ഇലക്ട്രോൺ ഫാക്ടറിയും മോദി സന്ദർശിക്കും. ഷാങ്ഹായി സഹകരണ ഉച്ചകോടിക്കായി ചൈനീസ് നഗരമായ ടിയാൻജിനിൽ ഇന്ന് വൈകിട്ട് ഇന്ത്യൻ സമയം നാലിനാകും മോദി എത്തുന്നത്. നാളെ ചൈനീസ് സമയം ഉച്ചയ്ക്ക് പന്ത്രണ്ടു മണിക്കാണ് മോദി ഷി ജിൻപിങ് ചർച്ച നിശ്ചയിച്ചിരിക്കുന്നത്. ഗൽവാൻ സംഘർഷത്തിനു ശേഷമുള്ള മോദിയുടെ ആദ്യ ചൈന സന്ദർശനമാണിത്. വിമാന സർവ്വീസുകൾ വീണ്ടും തുടങ്ങുന്നതുൾപ്പടെ പരസ്പര വിശ്വാസം വളർത്താനുള്ള പല തീരുമാനങ്ങളും ചർച്ചയിൽ പ്രതീക്ഷിക്കാം. റഷ്യൻ പ്രസിഡൻറ് വ്ളാദിമിർ പുടിനുമായും മോദി കൂടിക്കാഴ്ച നടത്തും. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിക്കെതിരായ അമേരിക്കൻ സമ്മർദ്ദം കൂടിക്കാഴ്ചയിൽ ചർച്ചയാകും

നെഞ്ചിൽ ട്യൂബ് കുടുങ്ങിയ സംഭവത്തിൽ ആരോഗ്യ വകുപ്പ് അന്വേഷണം തുടങ്ങി

തിരുവനന്തപുരം: തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയക്കിടെ നെഞ്ചിൽ ട്യൂബ് കുടുങ്ങിയ സംഭവത്തിൽ ആരോഗ്യ വകുപ്പ് വിശദമായ അന്വേഷണം തുടങ്ങി. കാട്ടാക്കട സ്വദേശിനി സുമ്മയ്യയുടെ പരാതി ഒരു വിദഗ്ദ്ധ സമിതി അന്വേഷിക്കും.

ഉരുൾപൊട്ടൽ: മുസ്ലിം ലീഗ് നിർമ്മിക്കുന്ന വീടുകളുടെ നിർമ്മാണം സെപ്റ്റംബർ ഒന്നിന് തുടങ്ങും

വയനാട്: ചൂരൽമല മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് മുസ്ലിം ലീഗ് നിർമ്മിക്കുന്ന വീടുകളുടെ നിർമ്മാണം സെപ്റ്റംബർ ഒന്നിന് തുടങ്ങും. ഇതിനായി മുസ്ലിം ലീഗ് സംസ്ഥാന നേതാക്കൾ വയനാട്ടിലെത്തും. ലീഗിൻ്റേത് പ്ലാന്റേഷൻ ഭൂമിയാണെന്ന് ആരോപണം നിലനിൽക്കെയാണ് വീടുകളുടെ നിർമ്മാണം തുടങ്ങുന്നത്. കേസ് എടുക്കുന്നതിൽ നിലപാട് തേടി സോണൽ ലാൻഡ് ബോർഡ് ഉന്നതാധികാര സമിതിയെ സമീപിച്ചിരിക്കുകയാണ്. മേപ്പാടി പഞ്ചായത്തിലെ തൃക്കൈപ്പറ്റയിലാണ് മുസ്ലിം ലീഗ് 105 വീടുകൾ നിർമ്മിക്കുന്നത്. വീടുകളുടെ നിർമ്മാണം സംബന്ധിച്ച് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത പി.കെ. ഫിറോസ്, പാണക്കാട് തങ്ങൾ നൽകിയ വാക്കു പാലിക്കുമെന്ന് പ്രഖ്യാപിച്ചു.