മോശം പെരുമാറ്റം ആരോപണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ വിഷയവും യമനിൽ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയെ തൂക്കിലേറ്റുമെന്ന വാർത്തയും കേരള രാഷ്ട്രീയത്തിൽ കോളിളക്കം സൃഷ്ടിച്ചു.

മോശം പെരുമാറ്റം ആരോപണം നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തിൽ എംഎല്‍എ തന്നെയായിരുന്നു ഇന്ന് കേരളത്തിലെ പ്രധാന ചര്‍ച്ച. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കേണ്ടെന്ന് കോൺഗ്രസ് നിലപാട് എടുത്തു. കേരളമാകെ രാഹുലിനെതിരെ പ്രതിഷേധം അലയടിക്കുകയാണ്. ഇതിനിടെ യൂത്ത് കോൺഗ്രസ്‌ സംസ്ഥാന അധ്യക്ഷൻ സ്ഥാനത്തിനായി കോൺഗ്രസിൽ ഗ്രൂപ്പ്‌ പിടിവലിയും ശക്തമായി. അതേസമയം, യമനില്‍ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയെ ഈ മാസം 24 അല്ലെങ്കില്‍ 25 തീയതികളില്‍ തൂക്കിലേറ്റുമെന്ന് വ്യക്തമാക്കി ഗ്ലോബല്‍ പീസ് ഇനിഷ്യേറ്റീവ് സ്ഥാപകന്‍ കെ എ പോള്‍ രംഗത്ത് വന്നു.

എംഎല്‍എയായി രാഹുൽ തുടരട്ടെ എന്ന് കോൺഗ്രസ്

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കേണ്ടെന്ന് കോൺഗ്രസ്. മുകേഷ് എംഎൽഎയായി തുടരുന്നത് അടക്കം ഉന്നയിച്ചാണ് എതിരാളികളുടെ രാജിയാവശ്യം കോൺഗ്രസ് തള്ളുന്നത്. എന്നാൽ മുകേഷിനെതിരെ തെളിവുണ്ടായിരുന്നില്ലെന്നും രാഹുലിനെതിരെ കൃത്യമായ തെളിവുണ്ടെന്നുമാണ് സിപിഎം വിശദീകരണം. ഉന്നാവ് കേസും ബ്രിജ് ഭൂഷൻ കേസും പറഞ്ഞാണ് ബിജെപിക്കുള്ള കോൺഗ്രസ് മറുപടി.

പഴി അബിൻ വര്‍ക്കിക്ക്

മോശം പെരുമാറ്റം ആരോപണത്തെ തുടര്‍ന്ന് രാഹുല്‍ മാങ്കൂട്ടത്തിലിന് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റ് സ്ഥാനം ഒഴിയേണ്ടി വന്നതിന് വൈസ് പ്രസിഡന്‍റ് അബിന്‍ വര്‍ക്കിയെ പഴിച്ച് രാഹുല്‍ അനുകൂലികള്‍. അബിന്‍ വര്‍ക്കിയെ ബാഹുബലിയിലെ കട്ടപ്പയോട് ഉപമിച്ചുളള പോസ്റ്ററടക്കം ഇറക്കിയാണ് സംസ്ഥാന കമ്മിറ്റിയുടെ വാട്സാപ്പ് ഗ്രൂപ്പില്‍ ഇവർ കൂട്ടത്തോടെ ഇറങ്ങിയത്. തര്‍ക്കം രൂക്ഷമായതോടെ ദേശീയ നേതൃത്വം ഇടപെട്ട് ഗ്രൂപ്പില്‍ സന്ദേശങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി

അധ്യക്ഷ പദവിക്കായി പിടിവലി തുടങ്ങി

യൂത്ത് കോൺഗ്രസ്‌ സംസ്ഥാന അധ്യക്ഷനായി കോൺഗ്രസിൽ ഗ്രൂപ്പ്‌ പിടിവലി ശക്തം. എ, ഐ, കെസി ഗ്രൂപ്പുകളാണ് യുവജന നേതാക്കൾക്കായി ചരട് വലിക്കുന്നത്. കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും നിലപാട് പരസ്യമാക്കിയിട്ടില്ല. യൂത്ത് കോൺഗ്രസ്‌ അഖിലേന്ത്യാ സെക്രട്ടറി ബിനു ചുള്ളിയിൽ, എൻഎസ്‍യു ജനറൽ സെക്രട്ടറി കെ എം അഭിജിത്, യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ഉപാധ്യക്ഷൻമാരായ അബിൻ വർക്കി, ഒ ജെ ജനീഷ് എന്നിവരുടെ പേരുകളാണ് അന്തിമപട്ടികയിലുള്ളത്.

തെരുവ് നായ വിഷയത്തിൽ സുപ്രീംകോടതി

ദില്ലിയിൽ തെരുവ് നായകളെ പിടികൂടി ഷെൽട്ടർ ഹോമുകളിലേക്ക് മാറ്റണമെന്ന ഉത്തരവ് പരിഷ്ക്കരിച്ച് സുപ്രീംകോടതി. പിടികൂടിയ നായകളെ വന്ധ്യംകരണത്തിനും പ്രതിരോധകുത്തിവെപ്പിനും ശേഷം തുറന്നുവിടണമെന്ന് മുന്നംഗ ബെഞ്ച് ഉത്തരവിട്ടു. അതേസമയം വിഷയത്തിൽ ദേശീയതലത്തിൽ നയം വേണമെന്ന് ഉത്തരവിട്ട കോടതി കേസിൽ എല്ലാ സംസ്ഥാനങ്ങളെയും കക്ഷിയാക്കാൻ നിർദ്ദേശിച്ചു.

വാഴൂർ സോമൻ എംഎൽഎയ്ക്ക് അന്ത്യാജ്ഞലി

പീരുമേട് എംഎൽഎ വാഴൂർ സോമൻ ഇനി ദീപ്തമായ ഒരു ഓർമ്മ. നൂറുകണക്കിന് പ്രവർത്തകരെയും നാട്ടുകാരെയും സാക്ഷിയാക്കി പാമ്പനാർ എസ് കെ ആനന്തൻ സ്മൃതി മണ്ഡപത്തിനു സമീപം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയാണ് മലയോര മേഖലയിലെ പ്രിയ എംഎൽഎക്കു അന്ത്യവിശ്രമം ഒരുക്കിയത്.

നിമിഷപ്രിയയെ 24ന് അല്ലെങ്കില്‍ 25ന് തൂക്കിലേറ്റുമെന്ന് കെ എ പോള്‍

യമനില്‍ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയെ ഈ മാസം 24 അല്ലെങ്കില്‍ 25 തീയതികളില്‍ തൂക്കിലേറ്റുമെന്ന് ഗ്ലോബല്‍ പീസ് ഇനിഷ്യേറ്റീവ് സ്ഥാപകന്‍ കെ എ പോള്‍. മൂന്ന് ദിവസത്തേക്ക് മാധ്യമങ്ങളെ നിമിഷപ്രിയയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് വിലക്കണമെന്ന് ആവശ്യപ്പെട്ട് പോൾ സുപ്രീംകോടതിയിൽ ഹർജി നൽകി.