ഒരു രോഗിയായ സ്ത്രീയെ ആശുപത്രിയിൽ എത്തിച്ചതിന് കൊലക്കുറ്റം ആരോപിച്ച് 395 ദിവസം ജയിലിൽ കഴിഞ്ഞ രാജേഷ് വിശ്വകർമ്മയുടെ കഥ. നിയമസഹായത്തിലൂടെ നിരപരാധിത്വം തെളിയിച്ചെങ്കിലും, ജീവിതം തകർന്നതിന്റെ വേദനയിലാണ് രാജേഷ്.
ഭോപ്പാൽ: അപ്രതീക്ഷിതമായി കൈവിട്ടുപോയ ജീവിതം തിരികെ പിടിക്കാനുള്ള ശ്രമത്തിലാണ് ഭോപ്പാലിലെ ആദർശ് നഗർ ചേരിയിലെ താമസിക്കുന്ന രാജേഷ് വിശ്വകർമ്മ. ഒരു കുറ്റവും ചെയ്യാതെ 395 ദിവസമാണ് രാജേഷ് ജയിലിൽ കഴിഞ്ഞത്. ഒരാളെ സഹായിക്കാൻ ശ്രമിച്ചതിന് ജീവിതം ഒറ്റ ദിവസം കൊണ്ട് മാറിപ്പോയത് രാജേഷിന് ഇന്നും വിശ്വസിക്കാനായിട്ടില്ല,
സ്വന്തമായി ഭൂമിയോ മാതാപിതാക്കളോ നിയമപരമായ അറിവോ ഇല്ലാത്ത ഒരു ദിവസക്കൂലിക്കാരനാണ് രാജേഷ്. ഒരു മനുഷ്യനെന്ന നിലയിൽ കാണിച്ച നന്മയുടെ പേരിൽ നീതിന്യായ വ്യവസ്ഥയുടെ കുരുക്കിൽ അറിയാതെ ഇരയായി മാറിയിരിക്കുകയാണ്. 2024 ജൂൺ 16ന് അവശനിലയിലായ തന്‍റെ അയൽക്കാരിയായ ഒരു സ്ത്രീയെ രാജേഷ് ഡിഐജി ബംഗ്ലാവിന് സമീപമുള്ള ആശുപത്രിയിൽ കൊണ്ടുപോയി. വേദന കൊണ്ട് പുളയുകയായിരുന്ന ആ സ്ത്രീക്ക് ചികിത്സ ഉറപ്പാക്കിയ ശേഷം രാജേഷ് ജോലിക്ക് പോയി. എന്നാൽ, വൈകുന്നേരത്തോടെ ആ സ്ത്രീ മരണപ്പെട്ടു. പിറ്റേന്ന് രാവിലെ രാജേഷിനെ പൊലീസ് കൊലക്കുറ്റത്തിന് അറസ്റ്റ് ചെയ്യുകയായിരുന്നു.
അവർ ആവശ്യപ്പെട്ടതുകൊണ്ടാണ് ആശുപത്രിയിൽ കൊണ്ടുപോയതെന്ന് രാജേഷ് വേദനയോടെ പറയുന്നു. പൊലീസ് തന്നെ പിടിച്ചുകൊണ്ടുപോയി ചോദ്യം ചെയ്തു. പിറ്റേന്ന് അറസ്റ്റിലായി. ചികിത്സയ്ക്കുവേണ്ടിയാണ് കൊണ്ടുപോയതെന്ന് അവരോട് പറഞ്ഞു. പക്ഷേ, വീട്ടുകാരുമായി സംസാരിക്കാൻ പോലും അവർ അനുവദിച്ചില്ല. ഒമ്പത് ദിവസം പൊലീസ് സ്റ്റേഷനിലും തുടർന്ന് ജയിലിലുമായിരുന്നു. എനിക്ക് ഒരു അഭിഭാഷകനെ വെക്കാനുള്ള പണം ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൊലീസ് മുന്നറിയിപ്പില്ലാതെ രാജേഷിന്‍റെ വാടകമുറി പൂട്ടിയിട്ടതോടെ അദ്ദേഹം അക്ഷരാർത്ഥത്തിൽ ഭവനരഹിതനായി. ഇപ്പോൾ തനിക്ക് 13 മാസത്തെ വാടക നൽകണം. ആരും ജോലി നൽകുന്നില്ല. ജയിലിൽ നിന്ന് വന്നവനാണെന്ന് പറഞ്ഞ് എല്ലാവരും അകറ്റി നിർത്തുന്നു. നിരപരാധിയായിട്ടും ജയിലിൽ കിടന്നു. തനിക്ക് ഭൂമിയോ, മാതാപിതാക്കളോ ഒന്നുമില്ല... ഇപ്പോൾ പേര് ചീത്തയായെന്നും അദ്ദേഹം പറഞ്ഞു.
ഒരു വർഷത്തിലധികമാണ് രാജേഷ് വിചാരണ കൂടാതെ ജയിലിൽ കഴിഞ്ഞത്. ഈ കാലയളവിൽ നിയമസഹായം ലഭിക്കാനോ കുടുംബത്തെ കാണാനോ അദ്ദേഹത്തിന് സാധിച്ചില്ല. അദ്ദേഹത്തിന്റെ സഹോദരി കമലേഷിനെ അറസ്റ്റ് ചെയ്ത് ഒമ്പത് ദിവസത്തിന് ശേഷമാണ് വിവരം അറിയിച്ചത്.
വൈകുന്നേരം നാല് മണിക്ക് അവർ തന്നെ വിളിച്ച് കോടതിയിൽ വരാൻ ആവശ്യപ്പെട്ടുവെന്ന് കമലേഷ് പറയുന്നു.തനിച്ച് പോകാൻ ഭയപ്പെട്ടു. ഒരാഴ്ച കഴിഞ്ഞപ്പോൾ അവനെ കണ്ടു. അപ്പോഴാണ് അവൻ കാര്യങ്ങളെല്ലാം പറഞ്ഞത്. അവന്‍റെ ആധാർ കാർഡും ഫോണും വാങ്ങാൻ പൊലീസ് സ്റ്റേഷനിൽ പോയപ്പോൾ, അവർ തന്നെ ഒരുപാട് ബുദ്ധിമുട്ടിച്ചു. ഒടുവിൽ 500 രൂപ നൽകിയപ്പോൾ മാത്രമാണ് അവ തിരികെ നൽകിയത്. അതും ഞങ്ങൾക്ക് അധികച്ചെലവായിരുന്നു. ഇപ്പോൾ അവൻ ഒരു ജോലിക്ക് ശ്രമിക്കുകയാണ്. പൊലീസ് ശരിയായ രീതിയിൽ അന്വേഷിച്ചിരുന്നെങ്കിൽ ഇതൊന്നും സംഭവിക്കില്ലായിരുന്നു. ഞങ്ങളുടെ കുടുംബത്തിൽ ആരും വിദ്യാഭ്യാസം ഉള്ളവരല്ല. തനിക്ക് സാധിക്കുമ്പോഴെല്ലാം അവനെ ജയിലിൽ പോയി കാണുമായിരുന്നു എന്നും കമലേഷ് പറഞ്ഞു.
പിന്നീട് കോടതി രാജേഷ് നിരപരാധിയാണെന്ന് വിധിക്കുകയായിരുന്നു. എന്നാൽ, നീതിയിലേക്കുള്ള വഴി ഒരുക്കിയത് പൊലീസ് അല്ല, മറിച്ച് കോടതി നിയോഗിച്ച നിയമസഹായ അഭിഭാഷകയായ റീന വർമ്മയാണ്. ആ സ്ത്രീ രോഗം മൂലമാണ് മരിച്ചതെന്ന് കാണിക്കുന്ന രേഖകളുണ്ടായിരുന്നു. എന്നാൽ, പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കഴുത്തുഞെരിച്ചത് കൊണ്ടാണ് മരണം സംഭവിച്ചതെന്നാണ് രേഖപ്പെടുത്തിയിരുന്നു. ആശുപത്രിയിലെ സിസിടിവി. ദൃശ്യങ്ങൾ പോലും പൊലീസ് ശേഖരിച്ചില്ലെന്ന് റീന വര്‍മ്മ പറഞ്ഞു.
മരിച്ച സ്ത്രീയുടെ വസ്ത്രങ്ങളെക്കുറിച്ചുള്ള മെഡിക്കൽ റിപ്പോർട്ടിലും വൈരുദ്ധ്യങ്ങളുണ്ടായിരുന്നു. ആ സ്ത്രീ ആരാണെന്ന് പോലും വ്യക്തമായിരുന്നില്ല. എന്നിട്ടും അവരെ ആശുപത്രിയിൽ കൊണ്ടുപോയതിന്‍റെ പേരിൽ ഒരു മനുഷ്യനെ എങ്ങനെ കൊലക്കുറ്റത്തിന് പ്രതിയാക്കി? ഒരു തെളിവും ഉണ്ടായിരുന്നില്ല. ഈ അന്വേഷണം അശ്രദ്ധവും ദുർബലവുമായിരുന്നുവെന്നും റീന വർമ്മ കൂട്ടിച്ചേർത്തു. ഇപ്പോൾ രാജേഷിന്റെ ജീവിതം അനിശ്ചിതത്വത്തിലാണ്. തനിക്ക് നഷ്ടപ്പെട്ട 13 മാസങ്ങൾക്ക് ആര് നഷ്ടപരിഹാരം നൽകുമെന്നാണ് ഒരു ഉത്തരവും പ്രതീക്ഷിക്കാതെ അദ്ദേഹം ചോദിക്കുന്നത്.


