ദുൽഖറിന്റെ ഡിഫൻഡർ കാർ കസ്റ്റംസ് പിടിച്ചെടുത്തു. നടൻ അമിത് ചക്കാലക്കലിന്റെ 2 ആഡംബര വാഹനങ്ങളും കണ്ടെടുത്തു. മലയാള സിനിമ പുരസ്കാര നിറവിലാണ്. ദാദ സാഹെബ് ഫാൽക്കെ പുരസ്കാരം മോഹൻലാൽ രാഷ്ട്രപതിയിൽ നിന്ന് ഏറ്റുവാങ്ങി.

തിരുവനന്തപുരം: ഭൂട്ടാൻ വഴി നികുതി വെട്ടിച്ച് വാഹനങ്ങൾ ചുളുവിലക്ക് രാജ്യത്തേക്ക് കടത്തിയെന്നും കേരളത്തിലേക്കും വാഹനങ്ങളെത്തിച്ചെന്നതുമാണ് ഇന്നത്തെ പ്രധാനവാർ‍ത്ത. ഭൂട്ടാൻ വഴി നികുതി വെട്ടിച്ച് വാഹനങ്ങൾ വാങ്ങിയെന്ന വിവരത്തിൽ പൃഥ്വിരാജിന്റെയും ദുൽഖർ സൽമാന്റെയും വീടുകളിൽ കസ്റ്റംസ് റെയ്ഡ് നടന്നിരുന്നു. ദുൽഖറിന്റെ ഡിഫൻഡർ കാർ കസ്റ്റംസ് പിടിച്ചെടുത്തു. നടൻ അമിത് ചക്കാലക്കലിന്റെ 2 ആഡംബര വാഹനങ്ങളും കണ്ടെടുത്തു. മലയാള സിനിമ പുരസ്കാര നിറവിലാണ്. ദാദ സാഹെബ് ഫാൽക്കെ പുരസ്കാരം മോഹൻലാൽ രാഷ്ട്രപതിയിൽ നിന്ന് ഏറ്റുവാങ്ങി. മികച്ച സിനിമ, സഹനടൻ , സഹനടി അടക്കം മലയാള സിനിമയ്ക്ക് ഇത്തവണ 5 പുരസ്കാരങ്ങളാണ് സമ്മാനിച്ചത്. 

ഇന്നത്തെ പ്രധാന വാർത്തകളറിയാം

മലയാള സിനിമ പുരസ്കാര നിറവിൽ

പുരസ്കാര നിറവിലാണ് മലയാള സിനിമ. ദാദ സാഹെബ് ഫാൽക്കെ പുരസ്കാരം മോഹൻലാൽ രാഷ്ട്രപതിയിൽ നിന്ന് ഏറ്റുവാങ്ങി. മികച്ച സിനിമ, സഹനടൻ , സഹനടി അടക്കം മലയാള സിനിമയ്ക്ക് ഇത്തവണ 5 പുരസ്കാരങ്ങളാണ് സമ്മാനിച്ചത്. മോഹൻലാൽ യഥാർത്ഥ ഇതിഹാസമെന്ന് കേന്ദ്ര വാർത്താവിതരണ മന്ത്രി പറഞ്ഞു. സ്വപ്നത്തിൽ പോലും കരുതാത്ത നേട്ടമെന്ന് മോഹൻലാൽ പറഞ്ഞു.

ഓപ്പേറഷൻ നുംഖോർ

നികുതി വെട്ടിച്ച് ഭൂട്ടാനിൽ നിന്ന് കേരളത്തിലേക്ക് കടത്തിയ ഇരുനൂറോളം ആഡംബര കാറുകൾക്കായി കസ്റ്റംസ് പ്രവന്‍റീവ് വിഭാഗത്തിന്‍റെ വ്യാപക റെയ്ഡ്. ഓപ്പേറഷൻ നുംഖോർ എന്ന പേരിൽ കേരളത്തിൽ 30 ഇടത്താണ് പരിശോധന നടന്നത്. ചലച്ചിത്ര താരങ്ങളായ ദുൽഖർ സ‌ൽമാൻ, പൃഥ്വിരാജ്, അമിത് ചക്കാലയ്ക്കൽ തുടങ്ങിയവരുടെ വീടുകളിൽ ഉൾപ്പെടെ മുപ്പതോളം കേന്ദ്രങ്ങളിലാണ് പരിശോധന നടന്നത്. ദുൽഖറിന്റെ ഡിഫൻഡർ കാർ പിടിച്ചെടുത്തു. നടൻ അമിത് ചക്കാലക്കലിന്റെ 2 ആഡംബര വാഹനങ്ങളും കണ്ടെടുത്തു. ഇന്ത്യൻ സൈന്യത്തിന്‍റെയും വിവിധ എംബസികളുടെയും വിദേശകാര്യ മന്ത്രാലയത്തിന്‍റെയുമൊക്കെ പേരിൽ വ്യാജരേഖകളുണ്ടാക്കിയാണ് സിനിമാ താരങ്ങൾക്കും വ്യവസായികൾക്കുമടക്കം ഇടനിലക്കാർ ആ‍ഡംബര കാറുകൾ വിറ്റത്.

വിദേശ ഡോക്ടർമാർക്ക് വിസ ഇളവുമായി വൈറ്റ് ഹൗസ്

H1ബി വീസ ഫീസ് വിദേശ ഡോക്ടർമാർക്ക് ഇളവ് നൽകാൻ വൈറ്റ് ഹൌസ് തീരുമാനം. ഒരു ലക്ഷം ഫീസ് ഡോക്ടർമാർക്കും റസിഡന്റ് ഡോക്ടർമാർക്കും ബാധകമായേക്കില്ല. പുതിയ പ്രഖ്യാപനത്തിനായി വൈറ്റ് ഹൌസ് ഒരുങ്ങുന്നു. മെഡിക്കൽ മേഖലയിൽ ഈ നിയമം കൊണ്ടു വന്നാൽ അത് വലിയ തിരിച്ചടിയാകുമെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നു.

കേരളത്തിൽ തദ്ദേശ തെര‍ഞ്ഞെടുപ്പിന് കളമൊരുങ്ങുന്നു

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് നവംബര്‍ -ഡിസംബര്‍ മാസങ്ങളിലായി നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ.ഇതിന് മുന്പ് വോട്ടര്‍ പട്ടിക പുതുക്കാൻ ഒരു അവസരം കൂടി നൽകും. അതേ സമയം തദ്ദേശ തെരഞ്ഞെടുപ്പിനെ ബാധിക്കാത്ത രീതിയിൽ എസ്ഐആർ നീട്ടിവെക്കണമെന്ന ആവശ്യത്തിൽ തീരുമാനമെടുക്കേണ്ടത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു. ഇനി തെരഞ്ഞെടുപ്പ് കാലം. പഞ്ചായത്തുകളിലേയ്ക്കും നഗരസഭകളിലേയ്ക്കുമുള്ള തെരഞ്ഞെടുപ്പിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അടുത്ത മാസം അവസാനത്തോടെ പൂര്‍ണമായും ഒരുങ്ങും.

പശ്ചിമബംഗാളിൽ ശക്തമായ മഴ, ഷോക്കേറ്റ് മരണം

ജനജീവിതം ദുസഹമാക്കി പശ്ചിമബംഗാളിൽ ശക്തമായ മഴ. കൊൽക്കത്തയിൽ കനത്ത മഴയിൽ റോഡിനടിയിലെ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് അഞ്ചുപേർ മരിച്ചു. മഴയത്ത് വൈദ്യുതി ലൈനിൽ ഉണ്ടായ കേടുപാടുകളിൽ നിന്നാണ് ഇവർക്ക് ഷോക്കേറ്റ് എന്നാണ് വിവരം. കനത്ത മഴയിൽ കൊൽക്കത്തയിലെയും പരിസരപ്രദേശങ്ങളിലെയും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി.