Asianet News MalayalamAsianet News Malayalam

കർണാടകയിൽ ഒടുവിൽ സിദ്ധരാമയ്യ?, കാലവർഷം ഇത്തിരി വൈകും, എഐ കാമറയിൽ ഉറച്ചുതന്നെയെന്ന് സതീശൻ - പത്ത് വാർത്ത

ഇന്നത്തെ പ്രധാനപ്പെട്ട പത്ത് വാർത്തകൾ

Todays top 10 latest and trending news kerala ppp
Author
First Published May 16, 2023, 9:02 PM IST

1-സിദ്ധരാമയ്യയെ ക‍ർണാടക മുഖ്യമന്ത്രിയാക്കാൻ ധാരണ, ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ; അനുനയവുമായി നേതൃത്വം

സിദ്ധരാമയ്യയെ ക‍ർണാടക മുഖ്യമന്ത്രിയാക്കാൻ ധാരണയിലെത്തി കോൺഗ്രസ് നേതൃത്വം. ദില്ലിയിൽ രാഹുൽ ​ഗാന്ധി പങ്കെടുത്ത യോ​ഗത്തിലാണ് ധാരണയിലായത്. ഡി കെ ശിവകുമാ‍റിനെ ഉപമുഖ്യമന്ത്രിയാക്കാനും ധാരണയായി. പിസിസി അധ്യക്ഷസ്ഥാനത്തും ഡികെ തുടരും.

2- കേരളത്തിൽ കാലവർഷം ഇത്തിരി വൈകിയേക്കും; കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിപ്പ് ഇങ്ങനെ...

കേരളത്തിൽ കാലവർഷം ജൂൺ നാലിന് എത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നാല് ദിവസം വരെ മുന്നോട്ടോ പിന്നോട്ടോ മാറ്റമുണ്ടായേക്കാം. അതേസമയം മെയ് 20 വരെ കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

3-പൊലീസിനെ ആക്രമിച്ച സംഭവത്തിൽ ട്വിസ്റ്റ്! കസ്റ്റഡിയിലെടുത്ത യുവനടനടക്കം രണ്ടുപേരെ റോഡിലിട്ട് ചവിട്ടി; വീഡിയോ

കൊച്ചിയിൽ വാഹന പരിശോധനയ്ക്കിടെ പൊലീസിനെ ആക്രമിച്ചെന്നാരോപിച്ച് കസ്റ്റഡിയിലെടുത്ത യുവനടനടക്കം രണ്ടുപേരെ പൊലീസ് നടുറോഡിലിട്ട് ചവിട്ടുന്ന ദൃശ്യങ്ങൾ പുറത്ത്. റോഡിൽ വെച്ച് സംഘർഷം കണ്ടു നിന്ന ആളുകൾ പകർത്തിയ ദൃശ്യങ്ങളാണ് പുറത്ത് വന്നത്.

4- 25000 കോടിയുടെ മയക്കുമരുന്ന് വേട്ട; പ്രതി സുബൈറിന്റെ റിമാൻഡ് റിപ്പോർട്ട് പുറത്ത്

കൊച്ചിയിൽ 25000 കോടിയുടെ മയക്കുമരുന്ന് പിടിച്ചെടുത്ത കേസിലെ പ്രതി സുബൈറിന്റെ റിമാൻഡ് റിപ്പോർട്ട് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. പാക്ക് ബോട്ട് പിടികൂടിയത് മെയ് 10 ന്. ബോട്ടിലുണ്ടായിരുന്നത് 132 ബാഗുകൾ. പാക്കിസ്ഥാനി ഏജന്റിൽ നിന്നുമാണ് മയക്കുമരുന്ന് കടത്തിയത്.

5- 'എഐ ക്യാമറ ആരോപണത്തിൽ ഉറച്ചു നിൽക്കുന്നു'; എസ്ആര്‍ഐടിയുടെ നോട്ടിസിന് മറുപടി നല്‍കിയെന്ന് വി ഡി സതീശന്‍

എഐ ക്യാമറ ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്നും എസ്ആര്‍ഐടിയുടെ വക്കീല്‍ നോട്ടിസിന് മറുപടി നല്‍കിയെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. മൗനം തുടരുന്ന മുഖ്യമന്ത്രി, കമ്പനിയെ കൊണ്ട് ഭീഷണിപ്പെടുത്താൻ ശ്രമിക്കുന്നു. ആരോപണങ്ങൾ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഉന്നയിച്ചത്.

5- കേരളത്തിലെ അക്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും കാരണം സര്‍ക്കാരിന്‍റെ തെറ്റായ മദ്യനയം: സുധീരൻ

സര്‍ക്കാരിന്‍റെ തെറ്റായ മദ്യനയം സംസ്ഥാനത്ത് അക്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും കാരണമാകുന്നതായി കോൺഗ്രസ് നേതാവ് വിഎം സുധീരന്‍. മദ്യവ്യാപനത്തില്‍ ഹൈക്കോടതി ഇടപെടണമെന്നും സുധീരൻ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ പരാജയപ്പെടുമ്പോൾ ജുഡീഷ്യറി കൂടുതൽ ഗൗരവത്തോടെ വിഷയങ്ങളെ കാണണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

6- പൂജ നടന്ന സ്ഥലം പൊന്നമ്പലമേടാണെന്ന് ഉറപ്പില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ്

പൂജ നടന്ന സ്ഥലം പൊന്നമ്പലമേടാണെന്ന് ഉറപ്പില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ അനന്തഗോപൻ. ഇനി പൊന്നമ്പലമേടാണെങ്കിൽ വനംവകുപ്പിന്റെ അനുമതിയോടെയാണോ അകത്തു കടന്നത് എന്ന് അന്വേഷിക്കണം. പൂജ നടത്തുന്നതായി ദൃശ്യങ്ങളിൽ കാണുന്നയാൾ വലിയ തട്ടിപ്പുകാരൻ ആണ്.

7- ഡോ. വന്ദന ദാസ് കൊലക്കേസ്: പ്രതി സന്ദീപ് അഞ്ച് ദിവസത്തെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ

ഡോ. വന്ദന ദാസ് കൊലക്കേസിലെ പ്രതി സന്ദീപിനെ അഞ്ച് ദിവസത്തേക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. കൊട്ടാരക്കര മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. പ്രതിക്ക് വൈദ്യ സഹായം നൽകണമെന്ന് കോടതി നിർദ്ദേശിച്ചു.

8-'ആർഎസ്എസ് പാഠപുസ്തകങ്ങളിലെ ചരിത്രം തിരുത്തുന്നു, കേരളത്തിൽ ഇത് അനുവദിക്കില്ല'; മുഖ്യമന്ത്രി പിണറായി വിജയൻ

ആർഎസ്എസ് പാഠപുസ്തകങ്ങളിലെ ചരിത്രം തിരുത്തി എഴുതുന്നുവെന്നും കേരളത്തിലെ പാഠപുസ്തകങ്ങളിൽ ഒരു മാറ്റവും വരുത്താൻ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പൗരത്വഭേദഗതി നിയമം ഒരു കാലത്തും ഇവിടെ നടപ്പാക്കില്ല

9-പെൺകുട്ടികളുള്ള എല്ലാ സ്കൂളുകളിലും നാപ്കിന്‍ വെന്‍റിങ് മെഷീനുകള്‍; മന്ത്രി വി ശിവന്‍കുട്ടി

സംസ്ഥാനത്തെ പെൺകുട്ടികളുള്ള എല്ലാ സ്‌കൂളുകളിലും നാപ്‌കിന്‍ വെന്റിങ് മെഷീനുകള്‍ സ്ഥാപിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് പദ്ധതി ഉടന്‍ തന്നെ നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്

10- ഖാർഗെയുടെ നിർദ്ദേശങ്ങളോട് പ്രതികരിക്കാതെ മടങ്ങി ശിവകുമാർ; തുടർ ചർച്ചകൾക്ക് സാധ്യത

കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ നിർദ്ദേശങ്ങളോട് പ്രതികരിക്കാതെ ഡികെ ശിവകുമാർ. ചർച്ചക്കു ശേഷം നിലപാട് വ്യക്തമാക്കാതെയാണ് ശിവകുമാർ മടങ്ങിയത്. മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ടേം വ്യവസ്ഥയോടും ശിവകുമാർ പ്രതികരിച്ചില്ല

Latest Videos
Follow Us:
Download App:
  • android
  • ios