Asianet News MalayalamAsianet News Malayalam

'ഇപി വഞ്ചിച്ചു', 3 കൊല്ലം മുമ്പ് പരാതി; ലീഗ് അടി, സ്വര്‍ണ്ണക്കടത്തില്‍ ട്വിസ്റ്റ്, ഇന്ന് വാര്‍ണറുടെ ദിനം...

ഇ പി ജയരാജനെതിരെ പി ജയരാജന്‍ സംസ്ഥാന സമിതിയില്‍ ഉന്നയിച്ച പരാതി മൂന്ന് വര്‍ഷം മുമ്പ് തന്നെ  മുഖ്യമന്ത്രി പിണറായി വിജയന്‍റെയും കോടിയേരി ബാലകൃഷ്ണന്‍റെയും മുന്നിലെത്തിയത്. വ്യവസായി കെപി രമേഷ് കുമാർ 2019 ല്‍ കോടിയേരിക്കും പിന്നീട് മുഖ്യമന്ത്രിക്കും വിശദമായ പരാതി കൊടുത്തിരുന്നു.

todays top 10 newses 27-12-2022
Author
First Published Dec 27, 2022, 6:10 PM IST

തിരുവനന്തപുരം: ഇടതുമുന്നണി കൺവീനറും സിപിഎമിന്‍റ ഉന്നത നേതാവുമായ ഇ പിജയരാജനെതിരെ ഉയന്ന സാമ്പത്തിക ആരോപണങ്ങളില്‍ പാര്‍ട്ടിക്കുള്ളിലും പുറത്തുമുള്ള ചര്‍ച്ചകളും ആരോപണങ്ങളുമാണ് ഇന്നത്തെ ഏറ്റവും പ്രധാന വാര്‍ത്ത. ജയരാജനെതിരായ ആരോപണം പോളിറ്റ് ബ്യൂറോയില്‍ ചര്‍ച്ചയായേക്കുമെന്ന സൂചന പാര്‍ട്ടി ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി തന്നെ നല്‍കിയിരുന്നു. മുതിര്‍ന്ന നേതാവിനെതിരെയുള്ള സാമ്പത്തിക ആരോപണം പ്രതിപക്ഷ പാര്‍ട്ടികളും ആയുധമാക്കിയിരിക്കുകയാണ്.

കോണ്‍ഗ്രസ് അധ്യക്ഷെ മാറ്റാനുള്ള ചരടു നീക്കങ്ങളും അവയെ ചെറുത്ത് കെ സുധാകരനും രംഗത്തെത്തിയതോടെ കോണ്‍ഗ്രസിലും പുതിയ പോര് തുടങ്ങിക്കഴിഞ്ഞു. ജയരാജനെതിരായി മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി സ്വീകരിച്ച നിലപാടിനെ ചൊല്ലി മുന്നണിയിലും ലീഗിലും വിമര്‍ശനമുയര്‍ന്നു. ഇതോടെ കുഞ്ഞാലിക്കുട്ടി നിലപാട് തിരുത്തിയെങ്കിലും വിമര്‍ശനം അവസാനിച്ചിട്ടില്ല. അമേരിക്കയില്‍ നിരവധി പേരുടെ ജീവനെടുത്ത ശീതക്കാറ്റും മഞ്ഞുവീഴ്ചയും, കരിപ്പൂര്‍ വിമാനത്താവളത്തിലെ സ്വര്‍ണ്ണക്കടത്ത് അന്വേൽണത്തിലെ പുതിയ വെളിപ്പെടുത്തലുമടക്കം ഇന്നത്തെ പ്രധാന പത്ത് വാര്‍ത്തകള്‍ ഇതാ.

1. 'ഇപിക്കെതിരായ ആരോപണം മാധ്യമസൃഷ്ടി', വിവാദത്തില്‍ ആദ്യമായി പ്രതികരിച്ച് എം വി ഗോവിന്ദന്‍

ഇ പി ജയരാജനെതിരായ ആരോപണം മാധ്യമസൃഷ്ടിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പിബിയില്‍ ഒരു ചര്‍ച്ചയുമില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. വിവാദത്തില്‍ ആദ്യമായാണ് എം വി ഗോവിന്ദന്‍ പ്രതികരിക്കുന്നത്. അതേസമയം : ഇ പി ജയരാജനെതിരെ പി ജയരാജൻ ഉന്നയിച്ച ആരോപണങ്ങൾ സിപിഎമ്മിനെ പിടിച്ചുലയ്ക്കുന്നതിനിടെ പിബിയിലെ ചർച്ച തള്ളാതെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കേരളത്തില്‍ ഉൾപ്പടെ എല്ലാ വിഷയങ്ങളും പിബിയിൽ ചർച്ചയ്ക്ക് എത്തുമെന്ന് യെച്ചൂരി പറഞ്ഞു.

2. പ്രധാന മന്ത്രിയുമായി മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച; ബഫർ സോൺ ചർച്ചയായില്ല, കൊവിഡ് സാഹചര്യം വിലയിരുത്തി 

കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. കൊവിഡ് ഭീഷണി ഉയര്‍ന്നു വരുന്ന സാഹചര്യത്തില്‍ നടത്തേണ്ട മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്തു. കൊവിഡ് പ്രതിരോധിക്കുന്നതിന് കേരളം നടത്തി വരുന്ന മുന്നൊരുക്കങ്ങളും പരാമര്‍ശ വിഷയമായി. കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ബന്ധവും ശക്തിപ്പെടുത്തി വിവിധ കേന്ദ്ര-സംസ്ഥാന പദ്ധതികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിന് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തും. അതേസമയം ബഫര്‍ സോണ്‍ സംബന്ധിച്ച് കേരളത്തിന്‍റെ ആശങ്കകള്‍ ചര്‍ച്ച ചെയ്തിട്ടില്ല.  ന്യൂ ഡല്‍ഹി സൗത്ത് ബ്ലോക്കിലെ പ്രധാനമന്ത്രിയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച. കേരളത്തില്‍ ദേശീയ പാത വികസനത്തിന് സംസ്ഥാന സര്‍ക്കാര്‍ നടത്തിവരുന്ന ഇടപെടലുകളും പ്രവര്‍ത്തനങ്ങളും മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചു.

3. 'കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്നും മാറില്ല, ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല' കെ സുധാകരൻ

അധ്യക്ഷ സ്ഥാനത്തുനിന്നും മാറില്ലെന്ന് കെപിസിസി പ്രസിഡന്‍റ്  കെ. സുധാകരന്‍. ആരോഗ്യ പ്രശ്നങ്ങളടക്കം ഉന്നയിച്ച് സുധാകരനെ അധ്യക്ഷ പദവിയില്‍ നിന്നും മാറ്റാനുള്ള നീക്കങ്ങളെ തള്ളിക്കൊണ്ടാണ് പ്രതികരണം. അതേ സമയം പ്രസിഡണ്ടായുള്ള പ്രഖ്യാപനം വൈകുന്നതിൽ സുധാകരനും സുധാകരന്‍റെ  ശൈലിയിൽ എതിർവിഭാഗങ്ങൾക്കും അതൃപ്തിയുണ്ട്. അനാരോഗ്യം ഉന്നയിച്ച് വെട്ടാനുള്ള പാർട്ടിയിലെ നീക്കങ്ങളാണ് സുധാകരൻ തള്ളുന്നത്.  അനാരോഗ്യ പരാതി തള്ളാൻ കെപിസിസി അധ്യക്ഷന്‍റെ  ജിമ്മിലെ വർക്കൗട്ടിൻറെ വീഡിയോയും ഫോട്ടോയും കഴിഞ്ഞ ദിവസം  അനുയായികൾ പുറത്തുവിട്ടിരുന്നു. 

4. മണ്ഡലമഹോത്സവകാലം സമാപിക്കുന്നു, തങ്കഅങ്കി ചാര്‍ത്തി മണ്ഡലപൂജ നടന്നു, ശബരിമല നട ഇന്ന് രാത്രി അടക്കും

മണ്ഡല മഹോത്സവം പൂർത്തിയാക്കി ശബരിമല നട ഇന്ന് അടയ്ക്കും. തീർത്ഥാടന സീസണിലെ പ്രധാന ചടങ്ങ് ആയ മണ്ഡല പൂജ പന്ത്രണ്ടരയോടുകൂടി നടന്നു. തന്ത്രി കണ്ടര് രാജീവരുടെ നേതൃത്വത്തിലാണ് മണ്ഡല പൂജ നടന്നത്. ദേവസ്വം ബോർഡ് പ്രസിഡണ്ട്കെ. അനന്തഗോപന്‍, എഡിജിപി എം.ആർ.അജിത് കുമാർ, ആലപ്പുഴ കലക്ടർ കൃഷ്ണതേജ ഐഎഎസ് തുടങ്ങിയവർ മണ്ഡലപൂജ നേരത്ത്  ശ്രീകോവിലിന് മുന്നിൽ എത്തിയിരുന്നു.മണ്ഡല പൂജ കഴിഞ്ഞ് ഒന്നരയോടെ നടയടച്ചു.  . വൈകുന്നേരം ആറരയ്ക്കുള്ള ദീപാരാധനയിലും അയ്യപ്പ വിഗ്രഹത്തിൽ തങ്കയങ്കിചാർത്തും. രാത്രി പത്തിന് ഹരിവരാസനം കഴിഞ്ഞ് നട അടയ്ക്കുന്നതോടെ മണ്ഡലമഹോത്സവകാലം കഴിയും. 

5. അതിശൈത്യത്തിൽ മരവിച്ച് അമേരിക്ക; മരണം 60 ആയി, ന്യൂയോർക്കിൽ സ്ഥിതി അതീവ ഗുരുതരം

 ശീതക്കാറ്റും മഞ്ഞുവീഴ്ചയും തുടരുന്ന അമേരിക്കയിൽ മരണം 60 ആയി. രണ്ട് കോടി ജനങ്ങൾ താമസിക്കുന്ന ന്യൂയോർക്കില്‍ സ്ഥിതി അതീവ ഗുരുതരമാണ്. ലക്ഷക്കണക്കിന് അമേരിക്കൻ മലയാളികളുടെ ജീവിതവും നരകതുല്യമായി. ലക്ഷക്കണക്കിന് വീടുകൾ ഇപ്പോഴും ഇരുട്ടിലാണ്. റെയിൽ, റോഡ്, വ്യോമ ഗതാഗത സംവിധാനങ്ങൾ താറുമാറായി. കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് ഗതാഗത കുരുക്കിൽ അകപ്പെട്ട വാഹനങ്ങൾക്ക് അകത്ത് നിന്നും വീടുകൾക്ക് പുറത്തു നിന്നുമായാണ് പല മൃതദേഹവും കണ്ടെടുത്തത്. നിരവധി പേർ ഇപ്പോഴും പലയിടത്തായി കുരുങ്ങി കിടക്കുന്നതിനാൽ മരണസംഖ്യ ഉയർന്നേക്കാമെന്ന് ആശങ്കയുണ്ട്.  രക്ഷാപ്രവർത്തനം തുടരുകയാണ്. 

6. ഇരട്ട സെഞ്ചുറിക്ക് പിന്നാലെ വികാരാധീനനായി വാര്‍ണര്‍! വിമര്‍ശകര്‍ക്കുള്ള മറുപടി ആഘോഷത്തില്‍ കാണാം- വീഡിയോ

അടുത്തകാലത്ത് കടുത്ത വിമര്‍ശനങ്ങളിലൂടെയാണ് ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ പോയികൊണ്ടിരിന്നത്. മോശം ഫോം ടെസ്റ്റ് ടീമിലെ സ്ഥാനത്തിന് ഭീഷണിയായേക്കുമെന്നുള്ള രീതിയില്‍ വാര്‍ത്തകള്‍ വന്നു. ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ക്യാപ്റ്റന്‍സി വിലക്കിനെതിരെ രൂക്ഷമായി പ്രതികരിച്ചതും വലിയ ചര്‍ച്ചയായി. താനൊരു കുറ്റവാളിയല്ലെന്നും ഒരു സംഭവത്തിന്റെ പേരില്‍ ആജീവനാന്ത വിലക്കേര്‍പ്പെടുത്തുന്നത് കടുത്ത നടപടിയാണെന്നും വാര്‍ണര്‍ പറഞ്ഞിരുന്നു. ഇതോടെ അദ്ദേഹത്തിനെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നു. മാത്രമല്ല, ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആദ്യ ടെസ്റ്റിന്റെ രണ്ട് ഇന്നിംഗ്‌സിലും വാര്‍ണര്‍ പരാജയപ്പെട്ടിരുന്നു. എന്നാല്‍ മെല്‍ബണില്‍ തന്റെ 100-ാം ടെസ്റ്റ് കളിക്കാനെത്തിയ വാര്‍ണര്‍ വിമര്‍ശകരുടെ വായടപ്പിച്ചു. അതും ഇരട്ട സെഞ്ചുറിയോടെ. ഈ ടെസ്റ്റില്‍ കൂടി ഫോമായില്ലെങ്കില്‍ ടീമില്‍ നിന്ന് പുറത്താക്കുമെന്നുള്ള വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കെയാണ് വാര്‍ണറുടെ നേട്ടം.  
 
7. ഇപി ജയരാജൻ വിവാദം: ലീഗില്‍ ഭിന്നത, രണ്ടഭിപ്രായമില്ലെന്ന്  കുഞ്ഞാലിക്കുട്ടി 

ഇപി ജയരാജൻ വിവാദത്തിലെ നിലപാട് സംബന്ധിച്ച്  ലീഗിനുള്ളിൽ ഭിന്നത. സിപിഎം ആഭ്യന്തര വിഷയമെന്ന കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണത്തോട് വിയോജിച്ചു നേതാക്കൾ രംഗത്തെത്തി. ജയരാജൻ വിഷയത്തിൽ ഇടപെടില്ല എന്നായിരുന്നു നേരത്തെ കുഞ്ഞാലിക്കുട്ടി പറഞ്ഞത്. അനീതിക്കെതിരെ മിണ്ടണമെന്ന് കെപിഎ മജീദ് വ്യക്തമാക്കി. പികെ ഫിറോസും സിപിഎമ്മിനെതിരെ ആരോപണവുമായി പോസ്റ്റിട്ടിരുന്നു. ഇതിന് പിന്നാലെ  പ്രതികരണത്തില്‍ വിശദീകരണവുമായി പി കെ കുഞ്ഞാലിക്കുട്ടി രംഗത്ത്.ആഭ്യന്തര പ്രശ്നം ആണല്ലോ എന്ന് റിപ്പോർട്ടർ ചോദിച്ചു. ആഭ്യന്തര പ്രശ്നം എന്ന്  മറുപടി പറഞ്ഞു .ചോദ്യത്തിനുള്ള മറുപടിയെ പ്രസ്താവനയായി  ചിത്രീകരിക്കുകയായിരുന്നു. ചോദ്യവും ഉത്തരവും ലാപ്ടോപ്പിൽ വീണ്ടും പ്ലേ ചെയ്യിപ്പിച്ചായിരുന്നു അദ്ദേഹത്തിന്‍റെ  വിശദീകരണം.

 8. 'ഇപി വഞ്ചിച്ചു, കോ‍ടികള്‍ നഷ്ടമായി'; രമേഷ് കുമാറിന്‍റെ പരാതി 3 വര്‍ഷം മുമ്പ് തന്നെ നേതാക്കള്‍ക്ക് മുന്നിലെത്തി

ഇ പി ജയരാജനെതിരെ പി ജയരാജന്‍ സംസ്ഥാന സമിതിയില്‍ ഉന്നയിച്ച പരാതി മൂന്ന് വര്‍ഷം മുമ്പ് തന്നെ  മുഖ്യമന്ത്രി പിണറായി വിജയന്‍റെയും കോടിയേരി ബാലകൃഷ്ണന്‍റെയും മുന്നിലെത്തിയത്. വ്യവസായി കെപി രമേഷ് കുമാർ 2019 ല്‍ കോടിയേരിക്കും പിന്നീട് മുഖ്യമന്ത്രിക്കും വിശദമായ പരാതി കൊടുത്തിരുന്നു. ബിനീഷ് വിവാദം മുതല്‍ നിയമസഭാ തെരഞ്ഞെടുപ്പ് വരെയുള്ള കാരണങ്ങളാല്‍ ഈ വിഷയം പാര്‍ട്ടിക്ക് മുന്നിലേക്ക് എത്തിയിരുന്നില്ല. റിസോര്‍ട്ട് സംരംഭത്തില്‍ ഇ പി ജയരാജന്‍ തന്നെ പറ്റിച്ചെന്നും തനിക്ക് കോ‍ടികള്‍ നഷ്ടമായെന്നും കാണിച്ച് കെ പി രമേഷ്കുമാര്‍ 2019ല്‍ ആദ്യം പരാതി കൊടുത്തത് അന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണനാണ്.

ബിനീഷ് കേസ് വിവാദവും ആരോഗ്യപ്രശ്നങ്ങളും വന്നതിനാല്‍ കോടിയേരിക്ക് അത് ഫലപ്രദമായി കൈകാര്യം ചെയ്യാനായില്ല. പിന്നീട് രമേഷ്കുമാര്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് പരാതി നല്‍കി. എന്താണ് സംഭവിച്ചെന്നത് മുഖ്യമന്ത്രി കണ്ണൂര്‍ കേന്ദ്രീകരിച്ച് അന്വഷണവും നടത്തി. ഇതിനിടെ രമേഷ്കുമാറുമായി ഇപി ജയരാജന്‍ ചില ഒത്ത്തീര്‍പ്പ് ശ്രമങ്ങള്‍ നടത്തിയതോടെ തുടര്‍നീക്കങ്ങളുണ്ടായില്ല. കോടിയേരിക്ക് അസുഖം കൂടിയതും ചികിത്സക്കായി മാറിനിന്നതും, തെരഞ്ഞടുപ്പും എല്ലാമായി വീണ്ടും കാര്യങ്ങള്‍ നീണ്ട് പോയി. ഒരു തവണ കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റില്‍ ഈ പരാതി ഉയര്‍ന്ന് വന്നെങ്കിലും കൂടുതല്‍ ചര്‍ച്ചയുണ്ടായില്ല.

9. 19കാരിയുടെ സ്വർണക്കടത്ത്; സുഹൃത്ത് കൈമാറിയതെന്ന് മൊഴി, കസ്റ്റംസ് പ്രാഥമിക അന്വേഷണം തുടങ്ങി

കരിപ്പൂർ വിമാനത്താവളത്തിൽ അടിവസ്ത്രത്തിൽ ഒളിപ്പിച്ച് സ്വർണ്ണം കൊണ്ട് വന്ന പത്തൊമ്പതുകാരി പൊലീസ് പിടിയിലായ സംഭവത്തിൽ കസ്റ്റംസ് പ്രാഥമിക അന്വേഷണം തുടങ്ങി. പൊലീസ് കോടതിയിൽ സമർപ്പിച്ച സ്വർണ്ണം കൈപ്പറ്റിയാൽ മാത്രമേ കസ്റ്റംസിന് കേസ് എടുത്ത് അന്വേഷണം ആരംഭിക്കാനാവൂ. ഒളിപ്പിച്ച് കടത്തിയ 1884 ഗ്രാം സ്വർണ്ണവുമായി വിമാനത്താവളത്തിന് പുറത്തെത്തിയ കാസർകോട് സ്വദേശി മറിയം ഷഹല ആണ് ഇന്നലെ കരിപ്പൂർ പൊലീസിന്‍റെ പിടിയിലായത്. ഒരു കോടിയോളം രൂപയുടെ സ്വർണമാണിത്. ദുബായിലുള്ള കുടുംബത്തിന്‍റെ അടുത്ത് വിസിറ്റിംഗ് വിസയിൽ പോയ യുവതി തിരിച്ച് വരുമ്പോഴാണ് കാരിയർ ആയത്. ആദ്യമായിട്ടാണ് സ്വർണ്ണം കടത്തിയതെന്നും സുഹൃത്തുക്കളിൽ ഒരാളാണ് സ്വർണ്ണം കൈമാറിയത് എന്നാണ് മൊഴി.  

10. ഡിവൈഎഫ്ഐ നേതാവ് ഉള്‍പ്പെട്ട പോക്സോ കേസ്; വിളവൂര്‍ക്കലില്‍ സിപിഎമ്മില്‍ കൂട്ട നടപടി

തിരുവനന്തപുരം വിളവൂര്‍ക്കലില്‍ സിപിഎമ്മില്‍ കൂട്ടനടപടി. ഡിവൈഎഫ്ഐ നേതാവ് ഉള്‍പ്പെട്ട പോക്സോ കേസിലാണ് സിപിഎം നടപടി. വിളവൂര്‍ക്കല്‍ ലോക്കല്‍ സെക്രട്ടറി മലയം ബിജുവിനെ നീക്കി, താക്കീതും നല്‍കി. ലോക്കല്‍ കമ്മിറ്റിയംഗം ജെ എസ് രഞ്ജിത്തിനെ തരംതാഴ്ത്തുകയും ചെയ്തു. മറ്റ് രണ്ട് ലോക്കല്‍ കമ്മിറ്റിയംഗങ്ങള്‍ക്കും താക്കീത് നല്‍കിയിട്ടുണ്ട്.  പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ ഡിവൈഎഫ്ഐ  പ്രാദേശിക നേതാവും  ഉൾപ്പെടെ എട്ടുപേരെ പോക്സോ നിയമപ്രകാരം മലയിൻകീഴ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ ഉപദ്രവിച്ചെന്നാണ് കേസ്, കേസിലെ പ്രതിയായ ജിനേഷിന്റെ കാര്യത്തില്‍ മതിയായ ജാഗ്രത പുലര്‍ത്താത്തതിലാണ് നടപടി. പാര്‍ട്ടി നയസമീപനങ്ങൾക്ക് വിരുദ്ധമായ പ്രവര്‍ത്തനങ്ങളിൽ കര്‍ശന നടപടി ഉണ്ടാകുമെന്ന് നേതൃത്വം താക്കീത് നൽകിയതിന് പിന്നാലെയാണ് നടപടി.

Follow Us:
Download App:
  • android
  • ios